ബുദ്ധിന്യൂനതയുള്ളവരുടെ സ്വത്തവകാശം സംരക്ഷിക്കാന്‍ വ്യവസ്ഥകള്‍
Saturday, August 30, 2014 12:25 AM IST
കണ്ണൂര്‍: ബുദ്ധിന്യൂനത, ഓട്ടിസം, മസ്തിഷ്ക തളര്‍വാതം, ബഹുവൈകല്യങ്ങള്‍ എന്നിവയുളള വ്യക്തികളുടെ സ്വത്ത് അന്യാധീനപ്പെടാതെ തടയാനും അവരുടെ ക്ഷേമം ഉറപ്പുവരുത്താനുമുളള കര്‍ശന വ്യവസ്ഥകള്‍ നാഷണല്‍ ട്രസ്റ് ഫോര്‍ ദ വെല്‍ഫെയര്‍ ഓഫ് പേഴ്സണ്‍സ് വിത്ത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ ആന്‍ഡ് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് ആക്ടില്‍ ഉണ്െടന്നു ബോര്‍ഡ് അംഗം വേണുഗോപാലന്‍ നായര്‍ പറഞ്ഞു. നാഷണല്‍ ട്രസ്റ് നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കുമായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ളാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈകല്യമുള്ളവര്‍ക്ക് അവകാശമുളള സ്വത്ത് ക്രയവിക്രയം ചെയ്യുന്നതു തടയാന്‍ അത്തരം സംഭവങ്ങളില്‍ ഭൂമി രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി താമസിയാതെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ നിയമപ്രകാരം ജില്ലാ കളക്ടര്‍ ചെയര്‍മാനായി രൂപീകരിക്കുന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റിക്കു വൈകല്യമുള്ള വ്യക്തികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള അധികാരമുണ്ട്. അത്തരം വ്യക്തികളുടെ നിയമപരമായ രക്ഷകര്‍ത്താവിനെ നിശ്ചയിക്കേണ്ടത് ഈ കമ്മിറ്റിയാണ്. കുടുംബത്തിലുള്ള ആരും രക്ഷകര്‍ത്താവായിരിക്കാന്‍ യോഗ്യരല്ലെന്നു കണ്ടാല്‍ സ്വത്ത് ഏറ്റെടുക്കാനും വില്പന നടത്തി വൈകല്യമുള്ള വ്യക്തിയുടെ സംരക്ഷണ ചുമതലയ്ക്കായി ഈ സ്വത്ത് അനുയോജ്യമായ സ്ഥാപനങ്ങളെ ഏല്‍പ്പിക്കാനും നിയമം ജില്ലാതല കമ്മിറ്റിക്ക് അധികാരം നല്‍കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. വൈകല്യമുള്ളവരുടെ സ്വത്ത് അവകാശം സംരക്ഷിക്കുന്നതില്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും സബ് രജിസ്ട്രാര്‍മാര്‍ക്കും സുപ്രധാന ചുമതലയുണ്ട്.


സമൂഹത്തില്‍ ഇടത്തരം, സമ്പന്ന കുടുംബങ്ങളിലാണു വൈകല്യമുളളവര്‍ക്കു സ്വത്ത് അവകാശവും സംരക്ഷണവും നിഷേധിക്കുന്ന പരാതികള്‍ ഏറെയും ഉണ്ടാവുന്നത്. അച്ഛനമ്മമാര്‍ മരിക്കുന്നതോടെയാണു കുടുംബങ്ങളില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. ഇത്തരം ഘട്ടങ്ങളില്‍ നിയമാനുസൃത രക്ഷകര്‍ത്താവിനെ നിയമിക്കേണ്ടതു ജില്ലാതല കമ്മിറ്റിയുടെ ചുമതലയാണ്. ഇതിനായി വെള്ളക്കടലാസില്‍ സ്റാമ്പ് ഇല്ലാതെ ജില്ലാ കളക്ടര്‍ക്കു നേരിട്ടാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകനെ ത്തന്നെ നിയമാനുസൃത രക്ഷകര്‍ത്താവായി നിയമിക്കണമെന്നില്ല.

എല്ലാ കാര്യങ്ങളും നേരിട്ടു പരിശോധിച്ചാണ് ഇക്കാര്യത്തില്‍ കമ്മിറ്റി തീരുമാനമെടുക്കുക. ജില്ലാ കളക്ടര്‍ക്കു പുറമെ ഒരു എന്‍ജിഒ പ്രതിനിധി, വൈകല്യമുളള ഒരു വ്യക്തി എന്നിവരടങ്ങിയതാണു ജില്ലാതല ലോക്കല്‍ ലെവല്‍ കമ്മിറ്റി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സെപ്റ്റംബറോടെ കമ്മിറ്റികള്‍ നിലവില്‍ വരുമെന്നും വേണുഗോപാലന്‍ നായര്‍ അറിയിച്ചു.

ബോധവത്കരണ പരിപാടി പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. എ.പി. അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എഡിഎം ഒ. മുഹമ്മദ് അസ്ലം, ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗം ഡെയ്സി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. ജലജ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.