മദ്യത്തിനെതിരേ ജനപിന്തുണ അത്യന്താപേക്ഷിതം: സുധീരന്‍
മദ്യത്തിനെതിരേ ജനപിന്തുണ അത്യന്താപേക്ഷിതം: സുധീരന്‍
Saturday, August 30, 2014 12:18 AM IST
പാലാ: നല്ല കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ചില വെല്ലുവിളികള്‍ ഉയര്‍ന്നുവന്നേക്കാമെന്നും മദ്യമെന്ന വിപത്തിനെതിരേ പേരാടാന്‍ ജനങ്ങളുടെ പങ്കാളിത്തവും പിന്തുണയും അത്യന്താപേക്ഷിതമാണെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ലഹരിവിമോചന കേന്ദ്രമായ പാലാ അഡാര്‍ട്ടിന്റെ പേള്‍ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എന്തെല്ലാം നേട്ടം കൈവരിച്ചാലും മദ്യമെന്ന വിപത്തിനെ ചെറുക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍വനേട്ടങ്ങളും പാഴായിപ്പോകും. മദ്യം കാരണമുണ്ടാകുന്ന അപകടങ്ങള്‍, രോഗങ്ങള്‍, കുടുംബകലഹങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ തുടങ്ങിയവ ഒന്നിനൊന്നു വര്‍ധിച്ചുവരുമ്പോള്‍ അതിനെ തടയേണ്ടതു സാമൂഹ്യ ഉത്തരവാദിത്തമാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ സുപ്രധാന കാല്‍വയ്പാണ് ഇപ്പോഴുള്ളത്. സമൂഹത്തില്‍ നിന്നുയര്‍ന്ന ശക്തമായ ജനാഭിപ്രായം യുഡിഎഫ് ഒറ്റക്കെട്ടായി അനുകൂലിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചു. രാഷ്ട്രീയസമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്െടന്ന ബോധ്യം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മദ്യവിരുദ്ധ കര്‍മപദ്ധതികളുമായി മുന്നോട്ടുപോകുമെന്നും മദ്യദുരന്തസാധ്യതകള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ ഉണര്‍ന്നിരിക്കണമെന്നും വി.എം. സുധീരന്‍ പറഞ്ഞു.


സമ്മേളനത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അധ്യക്ഷത വഹിച്ചു. ദൈവത്തിന്റെ നാട് മദ്യമെന്ന പിശാചിന്റെ കരാളഹസ്തത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും 2014 കേരളത്തിന്റെ പുണ്യവര്‍ഷമാണെന്നും മാര്‍ പള്ളിക്കാപറമ്പില്‍ പറഞ്ഞു. മദ്യവിരുദ്ധ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരളജനതയ്ക്കാകമാനം പ്രത്യാശ നല്‍കുന്ന തീരുമാനമാണ് യുഡിഎഫ് സര്‍ക്കാരിന്റേതെന്നും ഈ തീരുമാനം ശാശ്വതമാകണമെങ്കില്‍ ജനം ഒറ്റക്കെട്ടായിനിന്ന് ജാഗ്രത പുലര്‍ത്തണമെന്നും ബിഷപ് പറഞ്ഞു.

മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, പ്രഫ. എന്‍.എം. സെബാസ്റ്യന്‍, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ഫാ. സെബാസ്റ്യന്‍ പാട്ടത്തില്‍, സിസ്റര്‍ ജോവാന്‍ ചുങ്കപ്പുര, ഡോ. ജോയി ഫ്രാന്‍സിസ്, ടി.കെ. ജോസഫ്, കൌണ്‍സിലര്‍മാരായ തോമസ് പീറ്റര്‍, സാബു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.