സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം
Friday, August 29, 2014 11:32 PM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക ഒഴിവുകള്‍ ഉണ്െടങ്കില്‍ അവ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം. ഇതോടെ സര്‍ക്കാര്‍ സ്കൂളുകളില്‍ പിഎസ്സി വഴിയുള്ള അധ്യാപക നിയമനത്തില്‍ നിലവിലുണ്ടായിരുന്ന അപ്രഖ്യാപിത നിരോധനം നീങ്ങുന്നു. ഇതു സംബന്ധിച്ചു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍ ഡിപിഐക്കു കൈമാറി.

സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവിലുള്ള 1561 ഒഴിവുകളിലും അനുവദനീയമായ 1194 അധിക തസ്തികകളിലും 1:30, 1:35 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ സംരക്ഷിച്ച അധ്യാപകരെയും അധികമായി വരുന്ന അധ്യാപകരെയും മാറ്റിനിയമിക്കാനും ഡിപിഐക്കുള്ള നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരത്തില്‍ മാറ്റി നിയമനം നടത്തിയശേഷവും ഏതെങ്കിലും വിഭാഗത്തില്‍ ഒഴിവുകള്‍ ഉണ്െടങ്കില്‍ ആ തസ്തികകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക തസ്തികാ നിര്‍ണയം അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സര്‍ക്കാര്‍ സ്കൂളുകളിലും അധ്യാപക നിയമനത്തിന് അപ്രഖ്യാപിത നിരോധനമായിരുന്നു. അധ്യാപക ഒഴിവുകള്‍ പിഎസ്സിയെ അറിയിക്കേണ്െടന്ന സര്‍ക്കുലറും മുമ്പു പുറപ്പെടുവിച്ചിരുന്നു. നിലവിലുള്ള അധ്യാപകരെ 1:30, 1:35 അനുപാതത്തില്‍ നിയമിക്കാനും അതിനുശേഷം വരുന്നവരെ അധ്യാപക ബാങ്കിലേക്കു മാറ്റാനുമായിരുന്നു സര്‍ക്കാരിന്റെ ധാരണ. ഇതുപ്രകാരമുള്ള നടപടികള്‍ പുരോഗമിച്ചതോടെ നിരവധി സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിവുകള്‍ക്കു സാധ്യതയുണ്െടന്ന സൂചനയാണു ലഭിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഒഴിവുകള്‍ പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാനുള്ള തീരുമാനം.


അധികമുള്ള അധ്യാപകരുടെ പുനര്‍വിന്യാസത്തിനു സമയമെടുക്കുന്ന സാഹചര്യത്തില്‍ വേണ്ടത്ര അധ്യാപകര്‍ ഇല്ലാത്ത സ്കൂളുകളില്‍ അധ്യയനം തടസപ്പെടാതിരിക്കാന്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നയമിക്കാനും അനുമതി നല്‍കി. എന്നാല്‍, അധ്യാപക ബാങ്കില്‍നിന്നുള്ള പുനര്‍വിന്യാസം വരെയോ പിഎസ്സി വഴിയുള്ള നിയമനം വരെയോ മാത്രമേ ദിവസ വേതനത്തിലുള്ള നിയമനം പാടുള്ളുവെന്നും സര്‍ക്കുലറില്‍ പറയുന്നു.

റാങ്ക് ലിസ്റ് നിലവിലുള്ള ജില്ലകളില്‍ അതില്‍നിന്നുള്ളവര്‍ക്കായിരിക്കണം ദിവസവേതന നിയമനത്തിനു മുന്‍ഗണന നല്‍കേണ്ടത്. അധ്യാപകര്‍ അധികമാണെന്ന കണ്െടത്തലിനെത്തുടര്‍ന്നു സര്‍ക്കാര്‍ സ്കൂളുകളില്‍ താത്കാലിക നിയമനത്തിനുണ്ടായ വിലക്കും പിന്‍വലിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.