കാറില്‍നിന്നു പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍
കാറില്‍നിന്നു പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍
Friday, August 29, 2014 12:46 AM IST
പെരുമ്പാവൂര്‍: ജ്വല്ലറിയുടമയുടെ കാറില്‍നിന്നു പണം മോഷ്ടിച്ച രണ്ടുപേരെ പെരുമ്പാവൂര്‍ പോലീസ് പിടികൂടി. എംസി റോഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിനു മുന്‍വശത്തു പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നാണ് 2,64,000 രൂപ മോഷണം പോയത്. മോഷണം സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ തണ്േടക്കാട് ഇലവുംകുടി വീട്ടില്‍ അന്‍സാര്‍ (27), വെട്ടിക്കാട്ടുകുന്ന് മലേക്കുടി വീട്ടില്‍ ഖാദര്‍ (33) എന്നിവരെയാണു പോലീസ് പിടികൂടിയത്.

കഴിഞ്ഞ 25നു രാത്രി 7.45ഓടെയാണു സംഭവം. ഐമുറി മാവേലിപ്പടി സ്വദേശി മണിയഞ്ചേരി വീട്ടില്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറില്‍നിന്നാണു പണം മോഷ്ടിച്ചത്. പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തുള്ള ജ്വല്ലറി പൂട്ടി ജോസഫ് സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്താണു മോഷണം നടന്നത്. കടയുടമയുടെ ബാഗില്‍ സ്വര്‍ണം ഉണ്ടാകുമെന്ന വിശ്വാസത്തിലാണു മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.