ഓണത്തിരക്കൊഴിവാക്കാന്‍ അനുവദിച്ച ട്രെയിനുകളില്‍ പകുതി ടിക്കറ്റും ബാക്കി
ഓണത്തിരക്കൊഴിവാക്കാന്‍ അനുവദിച്ച ട്രെയിനുകളില്‍  പകുതി ടിക്കറ്റും ബാക്കി
Friday, August 29, 2014 12:45 AM IST
കണ്ണൂര്‍: ഓണത്തിനോടനുബന്ധിച്ചു യാത്രക്കാരുടെ തിരക്കൊഴിവാക്കാന്‍ റെയില്‍വേ പ്രഖ്യാപിച്ച മൂന്നു സ്പെഷല്‍ ട്രെയിനുകളില്‍ പകുതി യാത്രക്കാര്‍ പോലും റിസര്‍വ് ചെയ്തില്ല. ദക്ഷിണ റെയില്‍വേക്കു കീഴില്‍ ലഭിച്ച അഞ്ചു ട്രെയിനുകളില്‍ മൂന്നെണ്ണത്തിലാണ് ഇന്നലെ വരെ യാത്രക്കാരുടെ തിരക്കു കാര്യമായി പ്രത്യക്ഷപ്പെടാത്തത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ട്രെയിനുകളില്‍ മുന്‍കൂര്‍ റിസര്‍വേഷന്‍ തുടങ്ങിയത്. സ്പെഷല്‍ ട്രെയിനുകള്‍ ഓടുന്ന റൂട്ടുകളിലെ സ്ഥിരം ട്രെയിനുകളിലെല്ലാം റിസര്‍വേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ നിറഞ്ഞുകവിഞ്ഞപ്പോഴാണു തിരക്കൊഴിവാക്കാന്‍ പ്രഖ്യാപിച്ച മൂന്നു ട്രെയിനുകളോടു യാത്രക്കാര്‍ അകലം പാലിക്കുന്നത്.


ഏഴിനു ഉച്ചയ്ക്കു 12.30ന് പുറപ്പെടുന്ന 06802 മംഗലാപുരം ജംഗ്ഷന്‍- തിരുച്ചിറപ്പള്ളി ജംഗ്ഷന്‍, എട്ടിനു ഉച്ചകഴിഞ്ഞു 2.45ന് യാത്രതിരിക്കുന്ന 06305 മംഗലാപുരം ജംഗ്ഷന്‍-നാഗര്‍കോവില്‍ (കോട്ടയം വഴി), അഞ്ചിനും 12നും സര്‍വീസ് നടത്തുന്ന 06004 മംഗലാപുരം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ് എന്നീ ട്രെയിനുകളിലാണ് നൂറുകണക്കിനു സ്ളീപ്പര്‍ ടിക്കറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഓണാഘോഷവേളകളില്‍ റെയില്‍വേ പ്രഖ്യാപിക്കുന്ന ട്രെയിനുകളില്‍ ടിക്കറ്റുകള്‍ ബുക്ക്ചെയ്യാതെ ഒഴിഞ്ഞുകിടക്കുന്നത് ആദ്യമാണ്. സാധാരണ സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചയുടന്‍ നിറഞ്ഞുകവിയുകയാണു പതിവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.