കേരളത്തെ റെയില്‍വേ അവഗണിക്കുന്നില്ല: ഗൌഡ
കേരളത്തെ റെയില്‍വേ അവഗണിക്കുന്നില്ല: ഗൌഡ
Friday, August 29, 2014 12:29 AM IST
കൊച്ചി: കേരളത്തെ റെയില്‍വേ അവഗണിക്കുന്നുവെന്ന വാദം ശരിയല്ലെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദഗൌഡ. ബുദ്ധിമുട്ടുകള്‍ക്കിടയിലും 350 കോടി രൂപ കേരളത്തിനു അനുവദിച്ചു. കഴിഞ്ഞ തവണ ഇതു 275 കോടി രൂപയായിരുന്നു. തിരക്കു മൂലം കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള പരിമിതി കേരളത്തിലെ എംപിമാരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടു നടപടി തുടങ്ങിയെങ്കിലും പദ്ധതി ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നില്ല. അതിനാല്‍ പദ്ധതിയുടെ ഘടന സംബന്ധിച്ചു വീണ്ടും പരിശോധന നടത്തും.

ട്രെയിനുകളിലും സ്റേഷനുകളിലും ശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കും. ഒക്ടോബര്‍ രണ്ടിനു രാജ്യത്തെ എല്ലാ റെയില്‍വേ സ്റേഷനുകളിലും പൊതുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും. സ്വകാര്യപങ്കാളിത്തത്തോടെ പ്രമുഖ റെയില്‍വേ സ്റേഷനുകളെ അന്താരാഷ്ട്ര നിലവാരമുള്ളവയാക്കും. കേരള എക്സ്പ്രസില്‍ തുടങ്ങിയ ശുചിത്വ പദ്ധതി മറ്റു ദീര്‍ഘദൂര ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

റയില്‍വേയുടെ വരുമാനത്തിന്റെ 95 ശതമാനവും പ്രവര്‍ത്തന ചെലവുകള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. ചെലവു കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പഠിക്കാനായി നാലു വിദഗ്ധ സമിതികള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. മൂന്നു മാസംകൊണ്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

എറണാകുളം സൌത്ത് സ്റേഷനില്‍ നാല് എസ്കലേറ്റര്‍കൂടി സ്ഥാപിക്കും. മറ്റു പ്രധാന സ്റേഷനുകളിലും എക്സ്കലേറ്റര്‍ സ്ഥാപിക്കും. എറണാകുളം മേഖലയിലെ പാത ഇരട്ടിപ്പിക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും. എറണാകുളം-കോട്ടയം-കായംകുളം പാത ഇരട്ടിപ്പിക്കല്‍ ജോലി പുരോഗമിക്കുകയാണ്.


സംസ്ഥാനത്തു പ്രഖ്യാപിച്ചിട്ടുള്ള സബര്‍ബന്‍ റയില്‍വേ സര്‍വീസ് പൂര്‍ണമായും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതായിരിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ 50 ശതമാനം ചെലവ് റെയില്‍വേ വഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സബര്‍ബന്‍ റെയില്‍ പദ്ധതി പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റേതാകണമെന്നാണു തന്റെ അഭിപ്രായം.

ഓപ്പറേഷണല്‍ ഉത്തരവാദിത്വം മാത്രം റെയില്‍വേ വഹിക്കും. - അദ്ദേഹം പറഞ്ഞു.

സൌത്ത് റെയില്‍വേ പ്ളാറ്റ്ഫോമിന്റെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെ നടന്നു കണ്ട അദ്ദേഹം എസ്കലേറ്ററിലും കയറി. സ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വേണാട് എക്സ്പ്രസില്‍ കയറി ട്രെയിനിന്റെ അവസ്ഥ മനസിലാക്കി. കേരളത്തിലെ ട്രെയിനുകള്‍ സമയക്രമം പാലിക്കുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടപ്പോള്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പ്രവര്‍ത്തിപ്പിക്കല്‍ മാനേജര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. സ്റേഷനിലെ സിസിടിവി ക്യാമറ സംവിധാനവും ടിക്കറ്റ് കൌണ്ടറിലെ സൌകര്യങ്ങളും വിലയിരുത്തി.

സൌത്ത് റെയില്‍വേ സ്റേഷന്‍ സന്ദര്‍ശനത്തിനുശേഷം മന്ത്രി കേരളത്തിലെ റെയില്‍വേ പദ്ധതികളെ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ സരള ബാലഗോപാല്‍, ജനറല്‍ മാനേജര്‍ രാജേഷ് മിശ്ര, ചീഫ് അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ഡാനി തോമസ്, ഡിസിഎം അശോക് കുമാര്‍, പാലക്കാട് ഡിആര്‍എം ആനന്ദ് പ്രകാശ്, തിരുവനന്തപുരം ഡിആര്‍എം സുനില്‍ വാജ്പേയി, ഓപ്പറേഷണല്‍ മാനേജര്‍ എസ് അനന്തരാമന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.