പണം മുടക്കാന്‍ സംസ്ഥാനത്തിനാവില്ല: മന്ത്രി ബാബു
പണം മുടക്കാന്‍ സംസ്ഥാനത്തിനാവില്ല: മന്ത്രി ബാബു
Friday, August 29, 2014 12:28 AM IST
കൊച്ചി: റെയില്‍വേ വികസന പദ്ധതികളില്‍ പാതി പണം മുടക്കാന്‍ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. റെയില്‍വേ ഉന്നതതല യോഗത്തിനു ശേഷം മന്ത്രി സദാനന്ദ ഗൌഡ ഇക്കാര്യം ഉന്നയിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. അതിനോടു പ്രതികരിക്കാന്‍ തനിക്കു മറ്റു വേദികളില്ലാത്തതിനാലാണു ഗൌഡയുടെ സാന്നിധ്യത്തില്‍ ഇതറിയിക്കുന്നതെന്നു സെന്റ് തെരേസാസ് കോളജില്‍ പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തവേ ബാബു പറഞ്ഞു. എല്ലാ റെയില്‍വേ വികസന പദ്ധതികളിലും പാതി പണം മുടക്കാന്‍ സാധിക്കുന്ന അവസ്ഥയിലല്ല ഇപ്പോള്‍ കേരളം. എന്നാല്‍, ആവുന്ന തരത്തില്‍ സഹകരിക്കാം. ഇതു മനസില്‍ വച്ചു വേണം കേരളത്തിന്റെ ഉത്തമ മിത്രവും അഭ്യുദയകാംക്ഷിയുമായ കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ നിലപാടുകളെടുക്കാനെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തൃപ്പൂണിത്തുറയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്കു സ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും കെ. ബാബു മുന്നോട്ടുവച്ചു. തൃപ്പൂണിത്തുറ ക്ഷേത്രനഗരമാണ്. അക്കാര്യം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ പോലുള്ളവര്‍ കേന്ദ്രമന്ത്രിയെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്നാണു താന്‍ കരുതുന്നതെന്നും ബാബു കൂട്ടിച്ചേര്‍ത്തു.


കേരളത്തിന്റെ റെയില്‍ വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രത്യാശ പ്രഫ. കെ.വി. തോമസ് എംപിയും പങ്കുവച്ചു. കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കാനല്ല, നിലവിലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാണു തങ്ങള്‍ ശ്രദ്ധവയ്ക്കുന്നതെന്നു പിന്നീടു പ്രസംഗിച്ച സദാനന്ദ ഗൌഡ പറഞ്ഞു. കേരളത്തിന് എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.