കൊച്ചി മെട്രോ കാക്കനാട്ടേക്കു നീട്ടുന്നതു പരിഗണിക്കും
കൊച്ചി മെട്രോ കാക്കനാട്ടേക്കു നീട്ടുന്നതു പരിഗണിക്കും
Friday, August 29, 2014 2:14 AM IST
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ഐടി ഹബായ കാക്കനാട്ടേക്കു നീട്ടുന്നതിനു വേഗത്തില്‍ അനുമതി നല്‍കുമെന്നു കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ മെട്രോ കാക്കനാടുവരെ നീട്ടുന്നതു സംബന്ധിച്ച കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) പദ്ധതി നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതിന് എത്രയും വേഗം അനുമതി ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.

നെടുമ്പാശേരിയിലെ ഹോട്ടല്‍ അബാദില്‍ കെഎംആര്‍എല്‍ അധികൃതരുമായും എറണാകുളം എംപി പ്രഫ.കെ.വി. തോമസുമായും നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മെട്രോ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യും. നിര്‍മാണരംഗത്തു നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പുഴമണല്‍ ക്ഷാമം മെട്രോ നിര്‍മാണത്തിനു പ്രധാന പ്രശ്നമാണെന്നാണു മനസിലാക്കുന്നത്. ഇതിനായി ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കും. ജിപ്സത്തിന്റെ ലഭ്യത വര്‍ധിപ്പിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നു മണല്‍ കൊണ്ടുവരും. മെട്രോയ്ക്ക് 400 കോടി രൂപ കൂടി ഇക്കൊല്ലം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്നു കെഎംആര്‍എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതമായി 879.22 കോടി രൂപയാണ് ഇക്കൊല്ലം ലഭിക്കേണ്ടത്. വിദേശ വായ്പയുടെ കൈമാറ്റത്തിന് അനിവാര്യമായതിനാലാണ് 400 കോടി രൂപ കൂടി കെഎംആര്‍എല്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.

സമയബന്ധിതമായും പദ്ധതിയുടെ നിശ്ചിത ചെലവിനകത്തും നിര്‍മാണം പുരോഗമിക്കുന്ന കൊ ച്ചി മെട്രോ മറ്റു മെട്രോകള്‍ക്കു മാതൃകയാണ്. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍നിന്നു പുതിയ മെട്രോ പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു ലഭിക്കുന്നുണ്ട്. ചെറിയ നഗരങ്ങള്‍ക്കു കൂടി ഗുണകരമാകുന്ന വിധത്തില്‍ മെട്രോയ്ക്ക് അനുമതി നല്‍കാനായി ജനസം ഖ്യാ നിബന്ധനയില്‍ മാറ്റം വരുത്തും. 20 ലക്ഷത്തിനു മുകളില്‍ ജനസംഖ്യ വേണമെന്നാണ് ഇപ്പോഴത്തെ നിബന്ധന. ഇതു 10 ലക്ഷമാക്കി കുറയ്ക്കും.


കെഎംആര്‍എല്‍ സമര്‍പ്പിച്ച 52 കോടിയുടെ ജലഗതാഗത പദ്ധതിക്കും തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ജനറം പദ്ധതി നിലവില്‍ ഇല്ലാത്തതിനാല്‍ പുതുതായി ആവിഷ്കരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പെടുത്തിയായിരിക്കും പണം കൈമാറുക. പുതിയ പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍ തന്നെ നടക്കും. സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഗതാഗത സംവിധാനത്തിനാണു സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. വരുമാനം കുറഞ്ഞ ജനവിഭാഗങ്ങള്‍ക്കു ഭവനവായ്പ പലിശ ഇളവ് നല്‍കാനുള്ള പദ്ധതി 2022ല്‍ എല്ലാവര്‍ക്കും വീടെന്ന പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കാക്കനാട്ടെ 18 ഏക്കറില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പരിസ്ഥിതി സൌഹൃദ സ്മാര്‍ട് സിറ്റി സംബന്ധിച്ച വിശദാംശങ്ങളും കെഎംആര്‍എല്‍ മന്ത്രിക്കു കൈമാറി. അവലോകന യോഗത്തില്‍ കെ.വി. തോമസ് എംപി, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ഡയറക്ടര്‍മാരായ വേദമണി തിവാരി, മഹേഷ് കുമാര്‍, ഏബ്രഹാം ഉമ്മന്‍ എന്നിവരും കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മെട്രോമന്ത്രി ആര്യാടന്‍ മുഹമ്മദും തൃശൂരില്‍ വെങ്കയ്യ നായിഡുവിനെ കണ്ടു കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഏലിയാസ് ജോര്‍ജും അവരോടൊപ്പമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.