കത്തോലിക്കാ കോണ്‍ഗ്രസ് തിരുത്തല്‍ ശക്തിയാകണം: സീറോ മലബാര്‍ സഭാ സിനഡ്
Friday, August 29, 2014 2:12 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് സമുദായത്തെ പ്രതിനിധീകരിക്കുന്നതിനെക്കാള്‍ സമൂഹത്തിലെ ഒരു തിരുത്തല്‍ ശക്തിയായി മാറണമെന്നു സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ് നിര്‍ദേശിച്ചു. വികസനത്തിന്റെ പാതയില്‍ സമൂഹത്തിലുള്ള എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകമായി ദളിതരെയും സാമ്പത്തികമായി താഴെക്കിടയില്‍ നില്‍ക്കുന്നവരെയും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനോടു നിരന്തരം സംസാരിക്കുന്ന ഫോറമായി കത്തോലിക്കാ കോണ്‍ഗ്രസ് രൂപാന്തരപ്പെടണം. സീറോ മലബാര്‍ കത്തോലിക്കരുള്ള എല്ലായിടത്തും കത്തോലിക്കാ കോണ്‍ഗ്രസ് ആരംഭിക്കണം.

കേരളത്തില്‍നിന്നു വിദ്യാഭ്യാസത്തിനും ജോലിക്കുമായി പുറത്തേക്കു പോകുന്ന സീറോ മലബാര്‍ കത്തോലിക്കര്‍ക്കു സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ വഴി ആതിഥ്യമരുളുന്നതിന്റെ സാധ്യത സിനഡ് പരിശോധിച്ചു. ഹെല്‍പ് ഡെസ്ക് ആരംഭിക്കുന്നതിലൂടെ തങ്ങള്‍ പോകുന്ന സ്ഥലങ്ങളിലുള്ള സഭാ സംഘടനകള്‍ കണ്െടത്താന്‍ അവര്‍ക്കു സാധിക്കും. പ്രവാസികളുടെ ലോകത്ത് അവര്‍ക്ക് ആശ്വാസവും ഊര്‍ജവും പകരുന്ന നടപടിയാണിത്.


മതബോധന രംഗത്തു സഭ നടത്തിയ വലിയ മുന്നേറ്റങ്ങള്‍ ശ്ളാഘനീയമാണെന്നു സിനഡ് വിലയിരുത്തി. സങ്കീര്‍ണമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ക്കു സുവിശേഷാധിഷ്ഠിതമായ ധാര്‍മിക നിലപാടുകള്‍ പകര്‍ന്നുകൊടുക്കാന്‍ സിനഡിലെ കമ്മീഷനും രൂപതാ ഡയറക്ടര്‍മാരും ഇടവക വൈദികരും അല്മായ സഹോദരങ്ങളും ഏറ്റെടുക്കുന്ന വലിയ ശുശ്രൂഷ മഹത്തരമാണ്. വിവിധ മാധ്യമങ്ങളുപയോഗിച്ചും നവീന മാര്‍ഗങ്ങളിലും മതബോധനം നടത്താന്‍ മുന്‍കൈയെടുക്കണമെന്നു മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തിനോടു സിനഡ് ആവശ്യപ്പെട്ടു. മതബോധനരംഗം വളരെ ഊര്‍ജസ്വലമാണെങ്കിലും സങ്കീര്‍ണമായ കുടുംബ, സാമൂഹ്യ സാഹചര്യങ്ങള്‍ അതിനു വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായും സിനഡ് നിരീക്ഷിച്ചു.

സെമിനാരികളുടെ നടത്തിപ്പു സംബന്ധിച്ച് അഞ്ചു മേജര്‍ സെമിനാരി റെക്ടര്‍മാര്‍, ആധ്യാത്മിക ഗുരുക്കന്മാര്‍, സെമിനാരി പ്രതിനിധികള്‍ എന്നിവര്‍ സിനഡിലെ മെത്രാന്മാരുമായി ആശയവിനിമയം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.