കോട്ടയം റെയില്‍വേ ഗുഡ്ഷെഡില്‍ മദ്യപിച്ച് വാക്കേറ്റം; രക്തം വാര്‍ന്നു യുവാവ് മരിച്ചു
കോട്ടയം റെയില്‍വേ ഗുഡ്ഷെഡില്‍ മദ്യപിച്ച് വാക്കേറ്റം; രക്തം വാര്‍ന്നു യുവാവ് മരിച്ചു
Friday, August 29, 2014 2:22 AM IST
കോട്ടയം: റെയില്‍വേ ഗുഡ്ഷെഡില്‍ മദ്യപിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് രക്തംവാര്‍ന്നു മരിച്ചു. കോട്ടയം നാഗമ്പടം വെയര്‍ഹൌസിലെ ചുമട്ടുതൊഴിലാളിയായ പാറമ്പുഴ കിഴക്കേക്കരമാലിയില്‍ രാജുവിന്റെ മകന്‍ അജയ് പി. മാത്യു (28) ആണു മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസും വെയര്‍ഹൌസ് കോര്‍പ്പറേഷന്‍ ജീവനക്കാരും സഹപ്രവര്‍ത്തകരും പറയുന്നതിങ്ങനെ. കോട്ടയം റെയില്‍വേ ഗൂഡ് ഷെഡിലെ ചുമട്ടുതൊഴിലാളിയാണു മരിച്ച അജയ്. ഇന്നലെ രാവിലെ ജോലിക്കെത്തിയ അജയ് സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. ഇതേത്തുടര്‍ന്നു തൊഴില്‍ ഉപേക്ഷിച്ചു പോയ അജയ് വൈകുന്നേരം നാലോടെ മദ്യപിച്ചു തിരിച്ചെത്തി. രാവിലെ വാക്കേറ്റമുണ്ടായ സഹപ്രവര്‍ത്തകരെ മറ്റുകാരണങ്ങള്‍ കൂടാതെ മര്‍ദിച്ചു. പിന്നീട് വെയര്‍ഹൌസില്‍നിന്നു സാധനങ്ങള്‍ കൊണ്ടുപോകാന്‍ വന്ന ലോറി തടഞ്ഞു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെ മര്‍ദിച്ചശേഷം അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന ആറായിരം രൂപ പിടിച്ചുവാങ്ങി. ഇതിനുശേഷം തൊട്ടടുത്തുനിന്ന മറ്റൊരു ലോറി ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഓടി വെയര്‍ഹൌസ് ഓഫീസില്‍ കയറി. പിന്നാലെ എത്തിയ അജയ് വെയര്‍ഹൌസ് ജീനക്കാര്‍ക്കു നേരെ തിരിഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച അസിസ്റ് മാനേജരെ അജയ് മര്‍ദിച്ചു. സംഭവം കണ്ട് ഇറങ്ങിവന്ന മാനേജരുടെ കാബിനില്‍ കയറി കംപ്യൂട്ടറുകളും മറ്റു ഉപകരങ്ങളും അടിച്ചു തകര്‍ത്തു. ഇവിടെനിന്നും അജയ് തൊട്ടടുത്തുണ്ടായിരുന്ന അക്ഷയ സെന്ററില്‍ ഓടിക്കയറി. അക്ഷയസെന്ററിന്റെ ജനലും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ത്തു. സെന്ററിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള ജീവന ക്കാര്‍ നിലവിളിച്ചോടിയതോടെ സ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടി. അക്ഷയ സെന്റര്‍ ജീവനക്കാര്‍ ജില്ലാ കളക്ടറെ വിളിച്ചറിച്ചതിനെത്തുടര്‍ന്നു കളക്ടര്‍, ജില്ലാ പോലീസ് ചീഫിനെ വിവരം അറിയിച്ചു. ജില്ലാ പോലീസ് ചീഫ് നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്നു കോട്ടയം ഈസ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഗുഡ്ഷെഡിലെ യൂണിയന്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ അജയിയെ പിടികൂടി കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്നു പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജനല്‍ ചില്ല് തകര്‍ത്തപ്പോള്‍ കൈയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഞരമ്പ് മുറിയുകയും ചെയ്തിരുന്നു.


ഞരമ്പിലൂടെ കൂടുതല്‍ നേരം രക്തം വാര്‍ന്നതാണു അജയ്യുടെ മരണത്തിനിടയാക്കിയതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ കഞ്ചാവ് ലഹരിയിലായിരുന്നുവെന്നു പറയപ്പെടുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് ഷേര്‍ളി. സംസ്കാരം ഇന്നു മൂന്നിനു കോട്ടയം നല്ലിടയന്‍ പള്ളിയില്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.