സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍
Friday, August 29, 2014 2:17 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തൃശൂരില്‍ സമ്മേളനം നടത്താനായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയിലെത്തിയിരുന്നത്.

ഫെബ്രുവരി 20 മുതല്‍ 24 വരെയാണു സംസ്ഥാന സമ്മേളനം ചേരുന്നത്. ഇന്നലെ സംസ്ഥാന കമ്മിറ്റിക്കു മുമ്പു ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ആലപ്പുഴയില്‍ സമ്മേളനം നടത്തുനുള്ള തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

ആലപ്പുഴയില്‍ സമ്മേളനം നടത്തുന്നതു കെ.ആര്‍. ഗൌരിയമ്മയെ ലക്ഷ്യംവച്ചാണെന്നാണ് അറിയുന്നത്. യുഡിഎഫ് വിട്ട ഗൌരിയമ്മയെ സിപിഎമ്മിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ നടത്തുന്നുണ്ട്.

പൊതുസമ്മേളനത്തില്‍ ആലപ്പുഴക്കാരിയായ ഗൌരിയമ്മയെ പങ്കെടുപ്പിച്ചുകൊണ്ടു സിപിഎമ്മിലേക്കുള്ള അവരുടെ തിരിച്ചുവരവ് ഗംഭീരമാക്കാമെന്ന ആലോചനയിലാണു നേതാക്കള്‍. ഇതിനായാണ് ആലപ്പുഴയില്‍ തന്നെ സംസ്ഥാന സമ്മേളനം നടത്താന്‍ തീരുമാനിച്ചത്.

സെപ്റ്റംബര്‍ പതിനഞ്ചോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഒരുക്കങ്ങളും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തു.


നവംബര്‍ മുതല്‍ എല്‍ഡിഎഫ് അധികാരത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. പാര്‍ട്ടി സമ്മേളനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തണം. യുഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരേ പഞ്ചായത്തുതലം മുതല്‍ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ചുമതലയുള്ള പാര്‍ട്ടി നേതാക്കള്‍ സജീവമായി രംഗത്തിറങ്ങണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്ത വര്‍ഗബഹുജനസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന കമ്മിറ്റിയും ചര്‍ച്ച ചെയ്തു.

ഡിവൈഎഫ്ഐയുടെ സംഘടനാ പ്രവര്‍ത്തനത്തെ സംബന്ധിച്ചു ഇന്നലെ സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ചര്‍ച്ച നടന്നു. ഡിവൈഎഫ്ഐയുടെ സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു ടി.വി. രാജേഷ് സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മറ്റു വര്‍ഗബഹുജനസംഘനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ ഇന്നത്തെ സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.