രാഷ്ട്രത്തിനു യോഗ്യമായ നേതൃത്വവും സുശക്ത സമൂഹവും വേണം: മോഹന്‍ ഭാഗവത്
രാഷ്ട്രത്തിനു  യോഗ്യമായ നേതൃത്വവും സുശക്ത സമൂഹവും വേണം: മോഹന്‍  ഭാഗവത്
Friday, August 29, 2014 2:16 AM IST
തൊടുപുഴ :രാഷ്ട്രത്തിനു യോഗ്യമായ നേതൃത്വത്തോടൊപ്പം സുശക്തമായ സമൂഹവും വേണമെന്നു രാഷ്ട്രീയ സ്വയംസേവക സംഘം സര്‍ സംഘ്ചാലക് ഡോ. മോഹന്‍ ഭാഗവത്.

സുശക്തമായ സമൂഹമാണു രാഷ്ട്രത്തിന്റെ പ്രാണന്‍. തൊടുപുഴ മൌര്യഗാര്‍ഡനില്‍ നടന്ന റവന്യൂ താലൂക്ക് തല സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ സ്വയംസേവകനും അച്ചടക്കം, രാഷ്ട്രഭക്തി, സമര്‍പ്പണ മനോഭാവം, സ്നേഹത്തിലൂന്നിയ പ്രവര്‍ത്തനം എന്നിവ നിര്‍വഹിച്ച് സമൂഹത്തിന് മാതൃകയാകണം. ഓരോ വ്യക്തിയിലും കുടുംബത്തിലും ഗ്രാമത്തിലും ഈ സന്ദേശം എത്തിക്കാന്‍ ഓരോ പ്രവര്‍ത്തകനും പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ജില്ലാ സംഘചാലക് പ്രഫ. ഇ.വി. നാരായണന്‍, സീമാജാഗരണ്‍ സഹ സംയോജക് എ. ഗോപാലകൃഷ്ണന്‍, അഖില ഭാരതീയ കാര്യകാരിഅംഗം എസ്. സേതുമാധവന്‍, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റര്‍, പ്രാന്തപ്രചാരക് പി.ആര്‍. ശശിധരന്‍ എന്നിവര്‍ സംബന്ധിച്ചു. ഇന്നു കട്ടപ്പന ടൌണ്‍ഹാളില്‍ ഇടുക്കി റവന്യു ജില്ലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിക്കും. നാളെ സംഘചാലകന്മാരുടെ യോഗത്തിലും പങ്കെടുക്കും.


30ന് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംസ്ഥാന ചുമതലയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ബൈഠക്കില്‍ പങ്കെടുക്കും. അന്ന് വൈകുന്നേരം 3.30ന് അരവിന്ദ വിദ്യാമന്ദിറിന്റെ രജതജൂബിലി ആഘോഷം സര്‍സംഘചാലക് ഉദ്ഘാടനം ചെയ്യും. 31ന് തിരുവനന്തപുരത്തെത്തും. സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് നാഗ്പൂരിലേക്ക് അദ്ദേഹം തിരിച്ചുപോകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.