പ്ളസ്ടു ഫയലുകള്‍ സര്‍ക്കാര്‍ നല്കാതിരുന്നതു ശരിയല്ല: ഹൈക്കോടതി
പ്ളസ്ടു ഫയലുകള്‍ സര്‍ക്കാര്‍ നല്കാതിരുന്നതു ശരിയല്ല: ഹൈക്കോടതി
Thursday, August 28, 2014 1:15 AM IST
കൊച്ചി: പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചില്‍ മുഴുവന്‍ ഫയലുകളും സര്‍ക്കാര്‍ സമര്‍പ്പിക്കാതിരുന്നതു ശരിയായില്ലെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ ശിപാര്‍ശയെ മറികടന്നു മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരം അനുവദിച്ച പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുമ്പോഴാണു ജസ്റീസ് ആന്റണി ഡൊമിനിക്, ജസ്റീസ് ദാമ ശേഷാദ്രി നായിഡു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം.

ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിക്കുന്നതില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചിരുന്ന വിധി നിലനില്‍ക്കുന്നതാണെന്നും ഇതു പാലിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്െടന്നും കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് അനുസരിച്ചു നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മന്ത്രിസഭാ ഉപസമിതിയുടെ ആവശ്യം തന്നെ ഉണ്ടാവുമായിരുന്നില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയെന്നാണു സര്‍ക്കാര്‍ പറയുന്നത്. ഇത്തരം സാഹചര്യം ഉണ്ടാക്കിയതു സര്‍ക്കാര്‍ തന്നെയാണ്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയ്ക്കു വിരുദ്ധമായി മന്ത്രിസഭാ ഉപസമിതി തീരുമാനം എടുത്തെന്നാണു കോടതി ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാര്‍ ഹാജരാക്കിയില്ലെന്നും വിധിയില്‍ പറയുന്നു. ഇക്കാരണത്താല്‍ തന്നെ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ വാദം പരിഗണിച്ചില്ലെന്നു പറയാനാവില്ല.

കഴിഞ്ഞ ഓഗസ്റ് എട്ടിനാണു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രണ്ടു ദിവസം കഴിഞ്ഞു ഹര്‍ജി വീണ്ടും പരിഗണിച്ചു. പിന്നീട് 12നും 13നും സര്‍ക്കാര്‍ കോടതിയില്‍ സമയം ആവശ്യപ്പെട്ടു. 14നു പ്രാഥമിക വാദം കേട്ടു സിംഗിള്‍ ബെഞ്ച് ഉത്തരവു നല്‍കി. ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ ബന്ധപ്പെട്ട ഫയലുകള്‍ നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയുമായി ബന്ധപ്പെട്ട ഫയലുകളാണു സര്‍ക്കാര്‍ നല്‍കിയത്. ഈ സാഹചര്യത്തില്‍ വിധി എതിരാണെന്നു പറഞ്ഞ് അപ്പീല്‍ നല്‍കുന്നതു പരിഗണിക്കാനാവില്ല.


അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവ് 18,000 കുട്ടികളെ ബാധിക്കുമെന്നും സര്‍ക്കാരിനു സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സമയം നല്‍കാതെയാണു സിംഗിള്‍ ബെഞ്ച് ഉത്തരവെന്നും അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി വാദിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് അന്തിമവിധിയുടെ സ്വഭാവമുള്ളതാകയാല്‍ അതു റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തു ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ ഇല്ലാത്ത 148 പഞ്ചായത്തുകളില്‍ പ്ളസ്ടു പ്രവേശനം സാധ്യമാകുന്ന തരത്തില്‍ നടപടി തുടങ്ങണമെന്നാണു ഡിവിഷന്‍ ബെഞ്ച് നേരത്തേ ഉത്തരവു നല്‍കിയിരുന്നത്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പുതിയ പ്ളസ്ടു ബാച്ചുകള്‍ അനുവദിക്കാനും സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനും ഈ വര്‍ഷംതന്നെ നടപടിയെടുക്കണമെന്നും സംസ്ഥാനത്തെ മറ്റേതെങ്കിലും പ്രദേശത്തു ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ആവശ്യം ഉണ്െടങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അപേക്ഷ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവു പാലിച്ചില്ലെന്നാണു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഇന്നു രാവിലെ കേസില്‍ വാദം തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.