മദ്യം നിരോധിക്കുമ്പോള്‍ എണ്ണായിരം കോടി നഷ്ടം; ആശങ്കയില്ലെന്നു മുഖ്യമന്ത്രി
മദ്യം നിരോധിക്കുമ്പോള്‍ എണ്ണായിരം കോടി നഷ്ടം; ആശങ്കയില്ലെന്നു മുഖ്യമന്ത്രി
Thursday, August 28, 2014 1:08 AM IST
തൃശൂര്‍: മദ്യം നിരോധിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചു സര്‍ക്കാരിന് ആശങ്കയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ മദ്യരഹിത കേരളത്തിനു പ്രണാമം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരമായ പരിശ്രമം ഒരു ഘട്ടത്തിലെത്തിയതാണു മദ്യനിരോധനം. മദ്യവില്പനയില്‍നിന്നു പ്രതിവര്‍ഷം 7,000 മുതല്‍ 8,000 കോടി രൂപയാണു പ്രതിവര്‍ഷം കിട്ടുന്നത്. എന്നാല്‍, ഈ തുക ഒരു വലിയ നഷ്ടമായി സര്‍ക്കാര്‍ കാണുന്നില്ല. അതിലേറെ മദ്യവിപത്തിനായി ചെലവാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലഭിക്കുന്നുവെന്നു പറയപ്പെടുന്ന വരുമാനം രേഖകളില്‍ മാത്രമാണ്. വരുന്നതിനേക്കാള്‍ വേഗത്തില്‍ പുറത്തുപോകുന്ന വരുമാനമാണു മദ്യവില്പനയില്‍ നിന്നു സര്‍ക്കാര്‍ ഖജനാവിലെത്തുന്നത്.


വ്യാജമദ്യം വരുന്നതു ജാഗ്രതയോടെ തടയണം. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും നിര്‍ത്തലാക്കുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കും. ഗ്രാമങ്ങളില്‍ മാത്രമല്ല വാര്‍ഡ് തലങ്ങളിലും മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനും വ്യാജമദ്യം ഒഴുകാതിരിക്കുന്നതിനും ജാഗ്രതാസമിതികള്‍ രൂപീകരിക്കണം. അടുത്തു ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.