അവകാശങ്ങള്‍ നേടിയെടുക്കാന്‍ പിന്നോക്ക വിഭാഗങ്ങള്‍ ഒന്നിക്കണം: മോണ്‍. യൂജിന്‍ എച്ച്. പെരേര
അവകാശങ്ങള്‍ നേടിയെടുക്കാന്‍ പിന്നോക്ക വിഭാഗങ്ങള്‍ ഒന്നിക്കണം: മോണ്‍. യൂജിന്‍ എച്ച്. പെരേര
Thursday, August 28, 2014 1:03 AM IST
തിരുവനന്തപുരം: അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമുദായങ്ങള്‍ക്കതീതമായി പിന്നോക്ക വിഭാഗങ്ങള്‍ ഒന്നിക്കണമെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര. വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനവും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാമാന്യനീതി നിഷേധിക്കപ്പെട്ടവരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ 57 ശതമാനം വരുന്ന പിന്നോക്കക്കാരാണ്. ഒരുമിച്ചുനിന്നു പോരാടിയാല്‍ മാത്രമേ അവകാശങ്ങള്‍ ഈ ജനവിഭാഗങ്ങള്‍ക്കു നേടിയെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വകര്‍മജര്‍ മുന്നോട്ടുവയ്ക്കുന്ന ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നു സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.

കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, സിപിഐ അസിസ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, വിഎസ്എസ് നേതാക്കളായ എം.ആര്‍. മുരളി, എം.പി. രാധാകൃഷ്ണന്‍, എ. കുമാരസ്വാമി, സി. ജയചന്ദ്രന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.


വിശ്വകര്‍മ ദിനമായ സെപ്തംബര്‍ 17 പൊതു അവധിയാക്കുക, വിശ്വകര്‍മ തൊഴിലാളികള്‍ക്ക് അനുവദിച്ച പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ദേവസ്വം ബോര്‍ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡില്‍ വിശ്വകര്‍മജരെ നിയമിക്കുക, ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 15 ശതമാനം സംവരണം അനുവദിക്കുക, രണ്ടു ശതമാനം വിദ്യാഭ്യാസ സംവരണം അനുവദിച്ചതു നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പാളയത്തുനിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ശംഭു കരമന, രാജേഷ് എം.ജി, അമ്പലത്തില്‍ രാജേഷ് തുടങ്ങിയവര്‍ പ്രകടനത്തിനു നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.