മുഖപ്രസംഗം: വ്യാധികള്‍ പരത്താനോ ലാബുകള്‍?
Thursday, August 28, 2014 10:43 PM IST
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ ലബോറട്ടറികളിലും എക്സ്റേ, സ്കാനിംഗ് സെന്ററുകളിലും ഡന്റല്‍ ക്ളിനിക്കുകളിലും കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡ് ഈ മേഖലയിലെ അത്യന്തം ശോചനീയവും അപകടകരവുമായ സാഹചര്യമാണു വ്യക്തമാക്കുന്നത്. ഈ സ്ഥാപനങ്ങള്‍ പലതിനും ലൈസന്‍സ് ഇല്ല. ടെക്നീഷ്യന്മാരായി പ്രവര്‍ത്തിക്കുന്നവരില്‍ പലരും അടിസ്ഥാനയോഗ്യതപോലും ഇല്ലാത്തവരാണ്. കാലാവധി കഴിഞ്ഞ രാസവസ്തുക്കള്‍ പരിശോധനകളില്‍ ഉപയോഗിക്കുന്നതായും കണ്െടത്തി.

കടുത്ത നിയമലംഘനം നടത്തിയ നൂറിലേറെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായാണ് ഈ റെയ്ഡ് പരമ്പര നടന്നത്. ഒറ്റദിവസംകൊണ്ട് ഇത്രയേറെ പിഴവുകള്‍ കണ്െടത്താനായെങ്കില്‍ ഈ മേഖലയില്‍ എത്രമാത്രം ജീര്‍ണതയുണ്െടന്ന് ഊഹിക്കാനാവും. ഇത്രയും നാള്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത് ആരുടെ അനുമതിയോടെ എന്ന ചോദ്യത്തിനൊപ്പം, ഈ കേന്ദ്രങ്ങളില്‍നിന്നു നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചികിത്സ ലഭിച്ചവരുടെ അവസ്ഥ എന്താണെന്ന ചോദ്യവും ഉയരുക സ്വാഭാവികം.

സംസ്ഥാനത്തു മഞ്ഞപ്പിത്തം പോലുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രത്യേക പരിശോധനാപരിപാടി ആസൂത്രണം ചെയ്തത്. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാത്ത ലബോറട്ടറികള്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനു കാരണമാകുന്നുണ്ട്. ദന്തരോഗാശുപത്രികളില്‍ രോഗികളുടെ പരിശോധനയ്ക്കും ചികിത്സയ്ക്കും സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്തതും ശുചിത്വം പുലര്‍ത്താത്തതും ഹെപ്പറ്റൈറ്റിസ് ബി പകരുന്നതിന് ഇടയാക്കുന്നതായി സംശയം ഉയര്‍ന്നിരുന്നു. ആളുകള്‍ ആരോഗ്യപരിശോധനയ്ക്കെത്തി പകര്‍ച്ചവ്യാധിയുമായി മടങ്ങേണ്ടിവരുന്ന അവസ്ഥ തികച്ചും ഉത്കണ്ഠാജനകമാണ്.

ആരോഗ്യരക്ഷയെക്കുറിച്ചുള്ള അവബോധം കേരളീയരില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പംതന്നെ പകര്‍ച്ചവ്യാധികളും മാറാരോഗങ്ങളും വര്‍ധിക്കുന്നുവെന്നതാണു ദയനീയമായ വൈരുധ്യം. കേരളീയരുടെ പുതിയ ജീവിതരീതികളും ഭക്ഷണക്രമവും വിഷലിപ്തമായ ഭക്ഷ്യോത്പന്നങ്ങളുടെ ഉപയോഗവുമൊക്കെ രോഗങ്ങളുടെ വര്‍ധനയ്ക്കു കാരണമാണെങ്കിലും പണം മാത്രം ലക്ഷ്യമിട്ട് ആരോഗ്യരംഗത്തു പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ രോഗങ്ങളുടെ പ്രചാരണത്തിനു കാരണമാകുന്നുവെന്നതു നിസാര കാര്യമല്ല. ഒരു ലാബിലെ ഫ്രിഡ്ജില്‍ ഇറച്ചിയും മീനുമൊക്കെ സൂക്ഷിച്ചിരുന്നതായി പരിശോധനയില്‍ കണ്െടത്തിയിരുന്നു. നല്ല നിലയില്‍ നടത്തുന്ന സ്ഥാപനങ്ങള്‍പോലും ഇതുമൂലം അവിശ്വസിക്കപ്പെടും.

കൂണുകള്‍പോലെ മെഡിക്കല്‍ ലബോറട്ടറികളും എക്സ്റേ, സ്കാനിംഗ് സെന്ററുകളും കേരളത്തില്‍ മുളച്ചുപൊന്തിയിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനപരമായ സൌകര്യങ്ങള്‍പോലും പലതിനും ഇല്ലെന്നതാണു വാസ്തവം. ലാബുകളില്‍ ടോയ്ലെറ്റ് സൌകര്യം അത്യന്താപേക്ഷിതമാണ്. മിക്ക സ്ഥാപനങ്ങളിലും ടോയ്ലെറ്റുകളുണ്െടങ്കിലും അവ പരമദയനീയമായ അവസ്ഥയിലാണ്. മാലിന്യങ്ങള്‍ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സൌകര്യങ്ങള്‍ സംസ്ഥാനത്തെ എത്ര ലാബുകള്‍ക്കുണ്ട്? മെഡിക്കല്‍ ലാബുകളില്‍ സ്റെറിലൈസ് ചെയ്ത ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന കര്‍ശന നിയമമുണ്ട്. എന്നാല്‍ ഒറ്റദിവസം നടത്തിയ റെയ്ഡില്‍ കണ്െടത്തിയത് സംസ്ഥാനത്തെ മുന്നൂറിലേറെ ലാബുകളില്‍ സ്റെറിലൈസേഷന്‍ യഥാവിധി നടക്കുന്നില്ലെന്നാണ്. രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ പിന്നെ എന്തു വേണം? ഒറ്റത്തവണ ഉപയോഗത്തിനുള്ള ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ റീസൈക്കിള്‍ ചെയ്ത് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപയോഗിക്കുന്നത് ഈയിടെ വാര്‍ത്തയായിരുന്നു.


ലൈസന്‍സ് ഇല്ലാതെയും യോഗ്യതയുള്ള ടെക്നീഷന്‍മാര്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന ലാബുകള്‍ യഥാര്‍ഥത്തില്‍ വ്യാജ ലാബുകളായിത്തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇത്തരം ലാബുകളില്‍നിന്നു ലഭിക്കുന്ന പരിശോധനാ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തുകയും മരുന്നു നിര്‍ദേശിക്കുകയും ചെയ്യുന്നതിന്റെ ഗൌരവം ബന്ധപ്പെട്ടവര്‍ മനസിലാക്കണം. നിരന്തരമായ നിരീക്ഷണം ഇത്തരം സ്ഥാപനങ്ങള്‍ക്കുമേല്‍ ഉണ്ടാകണം. ആരോഗ്യവകുപ്പുദ്യോഗസ്ഥരെ ഏകോപിപ്പിച്ച് സംസ്ഥാനതലത്തില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്താന്‍ സര്‍ക്കാര്‍ കാണിച്ച ഔത്സുക്യം ഇനിയുള്ള ദിവസങ്ങളിലും ഉണ്ടാകണം.

സര്‍ക്കാര്‍ ആശുപത്രികളോടു ചേര്‍ന്നാണ് ഒട്ടുമിക്ക ലാബുകളും സ്കാന്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ട സൌകര്യമില്ലാത്തതും അവിടങ്ങളിലെ തിരക്കും മുതലെടുത്താണ് അവ നിലനില്‍ക്കുന്നത്. അവയുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മത്സരം വളരുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ എത്തിക്സിന്റെ അടിസ്ഥാന പ്രമാണങ്ങള്‍പോലും ലംഘിക്കപ്പെടുന്നതായി പലപ്പോഴും പരാതി ഉയരാറുണ്ട്. ചില ഡോക്ടര്‍മാര്‍ ലാബുകളുടെയും സ്കാന്‍ സെന്ററുകളുടെയും ഏജന്റുമാരായി തരംതാഴുന്നു. ചിലര്‍ മാത്രമേ അങ്ങനെയുള്ളൂവെന്നത് എടുത്തു പറയട്ടെ.

ആരോഗ്യ സംരക്ഷണരംഗത്തും ഭക്ഷ്യശുചിത്വപാലനത്തിലും ലഹരിമരുന്നു വിരുദ്ധ പ്രചാരണത്തിലും സംസ്ഥാനം ചില ഊര്‍ജിത പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കിവരുകയാണ്. സ്കൂളുകളിലും കോളജുകളിലും ആരംഭിച്ചിട്ടുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവത്കരണ പരിപാടികള്‍ക്കും പൊതുസമൂഹത്തില്‍നിന്നു വലിയ പിന്തുണ ലഭിക്കുന്നുമുണ്ട്. ഇവയെല്ലാം 'ഹ്രസ്വകാല അഭ്യാസ'ങ്ങളായി അധഃപതിക്കരുത്. റെയ്ഡിനുശേഷം എന്തു നടപടികള്‍ ഉണ്ടാവുന്നുവെന്നതു ജനങ്ങള്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെത്തന്നെയും അപകടത്തിലാക്കുന്ന പണക്കൊതിയന്മാരുടെ അത്യാര്‍ത്തിയെ കര്‍ശനമായ നിയമങ്ങള്‍കൊണ്ടു നിയന്ത്രിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.