ക്രൈസ്തവരുടെ സത്കാരങ്ങളില്‍ മദ്യം വിളമ്പരുതെന്നു പി.ടി. തോമസ്
ക്രൈസ്തവരുടെ സത്കാരങ്ങളില്‍ മദ്യം വിളമ്പരുതെന്നു പി.ടി. തോമസ്
Wednesday, August 27, 2014 1:30 AM IST
ആലപ്പുഴ: കത്തോലിക്ക മതവിശ്വാസികളുടെ ആഘോഷച്ചടങ്ങുകളിലും മറ്റും മദ്യം വിളമ്പരുതെന്നു കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പി.ടി. തോമസ്. മദ്യം വിളമ്പില്ലെന്ന് ഉറപ്പുള്ള ചടങ്ങുകളില്‍ മാത്രമേ വൈദികശ്രേഷ്ഠര്‍ പങ്കെടുക്കുകയുള്ളൂവെന്ന തീരുമാനം കൂടിയെടുത്താല്‍ ഇതു മാതൃകാപരമാകുമെന്നും പി.ടി. തോമസ് ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മദ്യവര്‍ജനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സെബാസ്റ്യന്‍ വെള്ളോപ്പള്ളിയുടെ ആത്മാവ് സ്വര്‍ഗത്തിലിരുന്നു സന്തോഷിക്കും. കത്തോലിക്ക മതവിശ്വാസികളുടെ മതപരമായ ചടങ്ങുകളില്‍ മദ്യം വിളമ്പരുതെന്നുള്ള കര്‍ശനമായ കല്പന കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പുറപ്പെടുവിക്കുമെന്നാണു താന്‍ പ്രത്യാശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില രൂപതകളില്‍ മദ്യ ഉപയോഗത്തിനെതിരായ കല്പന വന്നാല്‍ മദ്യഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഈ വിഷയവുമായി ബന്ധപ്പെട്ടു കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാബാവ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.


കേരളത്തില്‍ ആഘോഷച്ചടങ്ങുകളില്‍ കൂടിയ ശതമാനവും മദ്യപാര്‍ട്ടികളാണ്. ഇത് നിര്‍ത്തലാക്കണം. ഈഴവ സമുദായത്തിലെ ഒരുപാടുപേരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുമെന്നതിനാലാകാം മദ്യത്തിന്റെ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായം പറയുന്നത്. കോണ്‍ഗ്രസില്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയിലെ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.