മാര്‍ത്തോമ്മാ പൈതൃകഭൂമിയില്‍ തീര്‍ഥാടകരായി ഇടയഗണം
മാര്‍ത്തോമ്മാ പൈതൃകഭൂമിയില്‍  തീര്‍ഥാടകരായി ഇടയഗണം
Sunday, August 24, 2014 12:19 AM IST
സിജോ പൈനാടത്ത്

കൊച്ചി: ഭാരതമണ്ണില്‍ ക്രിസ്തുവിശ്വാസത്തിന്റെ വിത്തുകള്‍ പാകിയ മാര്‍ത്തോമ്മാ ശ്ളീഹായുടെ വിശുദ്ധസ്മൃതികളുറങ്ങുന്ന പുണ്യഭൂമിയില്‍ തീര്‍ഥാടകരായെത്തിയ ഇടയഗണത്തിനു വിശ്വാസിസാഗരത്തിന്റെ ഹൃദ്യമായ വരവേല്പ്. പൈതൃകത്തിളക്കമുള്ള പറവൂര്‍ സെന്റ് തോമസ് കോട്ടയ്ക്കാവ് ഫൊറോന പള്ളിയും ചരിത്രസ്മാരകങ്ങളും സീറോ മലബാര്‍ സഭയുടെയും ഭാരതസഭയുടെയും അഭിമാനവും ആവേശവുമാണെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തുന്നതായി ഇടയസംഗമം.

വിശുദ്ധ തോമ്മാശ്ളീഹ കേരളത്തില്‍ സ്ഥാപിച്ച ആദ്യ ദേവാലയമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ പറവൂര്‍ സെന്റ് തോമസ് കോട്ടയ്ക്കാവ് ഫൊറോന പള്ളിയിലായിരുന്നു സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ തീര്‍ഥാടന സംഗമം. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണു സഭയിലെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും തീര്‍ഥാടനത്തിനെത്തിയത്.

കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡില്‍ നിന്നു ബസ് മാര്‍ഗമാണു മെത്രാന്മാരുടെ സംഘം പറവൂരിലെത്തിയത്. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍ മെത്രാന്മാരെ സ്വാഗതം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ സമൂഹദിവ്യബലിയില്‍ മെത്രാപ്പോലീത്തമാരായ മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ മുഖ്യസഹകാര്‍മികരായി. മേജര്‍ ആര്‍ച്ച്ബിഷപ് വചനസന്ദേശം നല്‍കി.


സ്നേഹവിരുന്നിനെത്തുടര്‍ന്നു മെത്രാന്മാര്‍ ദേവാലയത്തോടനുബന്ധിച്ചുള്ള ചരിത്രസ്മാരകങ്ങളായ തീര്‍ഥക്കുളം, കോട്ടമതില്‍, പഴയപള്ളി, പേര്‍ഷ്യന്‍ കുരിശ് എന്നിവ സന്ദര്‍ശിച്ചു. പ്രഫ. ജോസ് മഴുവഞ്ചേരി ചരിത്രസ്മാരകങ്ങള്‍ പരിചയപ്പെടുത്തി.

അതിരൂപതയും പറവൂര്‍ ഫൊറോനയും ചേര്‍ന്നു നിര്‍മിച്ച 'മാര്‍ത്തോമ്മായും കോട്ടയ്ക്കാവും' എന്ന ടെലിഫിലിം പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്തു. അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, വിവിധ മെത്രാന്മാര്‍, വി.ഡി. സതീശന്‍ എംഎല്‍എ, പ്രോഗ്രാം കണ്‍വീനര്‍ റവ. ഡോ. ജോര്‍ജ് നെല്ലിശേരി, ഇടവക കൈക്കാരന്‍ ടോബി മാമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.