പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍, കൃഷിനാശം
പത്തനംതിട്ടയില്‍ ഉരുള്‍പൊട്ടല്‍, കൃഷിനാശം
Sunday, August 24, 2014 12:11 AM IST
പത്തനംതിട്ട: കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം. നദികള്‍ കരകവിഞ്ഞു; കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. അച്ചന്‍കോവില്‍ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദീതീരങ്ങളും വെള്ളത്തിലായി. പല വീടുകളിലും വെള്ളം കയറി. നിരവധി പ്രദേശത്തെ കൃഷിയിടങ്ങളും നശിച്ചു. കിഴക്കന്‍ വനമേഖലയില്‍ ഒന്നിലധികം പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് പ്രധാന നദികളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നു. അച്ചന്‍കോവില്‍ നദി കരകവിഞ്ഞതിനെത്തുടര്‍ന്ന് കൊക്കാത്തോട്, മണ്ണീറ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.

കോന്നിയുടെ വിവിധ ഭാഗങ്ങളിലും പത്തനംതിട്ട ടൌണ്‍ മേഖയിലും വെള്ളം കയറി. കോന്നി - ചന്ദനപ്പള്ളി, കോന്നി - വെട്ടൂര്‍, റാന്നി - പുനലൂര്‍, തിരുവല്ല - കുമ്പഴ, വെണ്ണിക്കുളം - റാന്നി, തിരുവല്ല - ചങ്ങനാശേരി റോഡുകളിലും ഉപറോഡുകളിലുമെല്ലാം വെള്ളം കയറിയിട്ടുണ്ട്.


പ്രധാന പാതകളില്‍ ഇന്നലെ രാവിലെ മുതല്‍ ബസ് സര്‍വീസ് നിലച്ചു. കൊക്കാത്തോട് ഉള്‍വനത്തില്‍ ഒറ്റപ്പെട്ടുപോയ തൊഴിലാളികളെ ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

പത്തനംതിട്ട മേരിമാതാ ഫോറോനാ ദേവാലയത്തില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് ഇന്നലെ ഇവിടെ നടക്കേണ്ടിയിരുന്ന വിവാഹം മറ്റൊരു ഓഡിറ്റോറിയത്തിലാണു നടത്തിയത്. ജില്ലയിലെ അഞ്ചു പ്രധാന ക്ഷേത്രങ്ങളും വെള്ളത്തിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.