ജനറല്‍ ആശുപത്രി ഡയറ്ററി കിച്ചണ് ഒരു ദിവസംകൊണ്ട് 50 ലക്ഷത്തിന്റെ സഹായവര്‍ഷം
Sunday, August 24, 2014 12:11 AM IST
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കു സൌജന്യമായി പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതിയിലേക്കു സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു സഹായവര്‍ഷമെത്തി. ഒറ്റ ദിവസം കൊണ്ട് 50 ലക്ഷം രൂപയിലേറെയാണു ഡയറ്ററി കിച്ചണ്‍, ഡയാലിസിസ് യൂണിറ്റ്, കാന്‍സര്‍ ചികിത്സ തുടങ്ങിയവയ്ക്കായി ലഭിച്ചത്. നടന്‍ മോഹന്‍ലാല്‍ ഡയറ്ററി യൂണിറ്റിലേക്ക് ഒരു മാസത്തെ ചെലവായി 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചിട്ടുണ്െടന്നു പി. രാജീവ് എംപി പറഞ്ഞു. ഡയറ്ററി അടുക്കളയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഇന്നലെ ജനറല്‍ ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത സ്പോണ്‍സേഴ്സ് മീറ്റിലാണു സഹായഹസ്തവുമായി വിവിധ സ്ഥാപനങ്ങ ളും സംഘടനകളും വ്യക്തികളും മുന്നോട്ടു വന്നത്.

സംസ്ഥാനത്തെ ആരോഗ്യ ഹബ്ബായി മാറുന്ന കൊച്ചിക്ക് ഏറെ അഭിമാനം നല്‍കുന്ന ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രിയെന്നു കെ.വി. തോമസ് എംപി പറഞ്ഞു. വിവാഹം, ഓര്‍മദിനം, പിറന്നാള്‍ ദിനം തുടങ്ങിയ അവസരങ്ങളില്‍ ജനറല്‍ ആശുപത്രി ഡയറ്ററി കിച്ചണിന് ഒരു ദിവസത്തെ ചെലവ് സഹായമായി ലഭ്യമാക്കുന്ന തരത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് എംപിയുടെ നേതൃത്വത്തില്‍ നോമിനേറ്റഡ് എംപിമാരുടെ സഹായത്തോടെ ആശുപത്രിയില്‍ സ്ഥാപിക്കുന്ന നൂതന കാന്‍സര്‍ ചികിത്സാ ഉപകരണമായ ലീനിയര്‍ ആക്സിലറേറ്റിനായി ഹൈബി ഈഡന്‍ എംഎല്‍എ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറി, കൊച്ചിന്‍ ഷിപ്യാര്‍ഡ്, വിവിധ ബാങ്കുകള്‍, വ്യാപാര-വ്യവസായ സമിതി, എറണാകുളം കരയോഗം, ജോയ്ആലുക്കാസ്, നിറപറ, ജിയോജിത്, ലയണ്‍സ്, റോട്ടറി ക്ളബ്ബുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍നിന്നുള്ള അറുപതോളം പേര്‍ യോഗത്തില്‍ പ ങ്കെടുത്തു. ഡയറ്ററി കിച്ചന്റെ പ്രവര്‍ത്തനം മികച്ചതാക്കാനായി നടന്ന യോഗത്തില്‍ സിഎംആര്‍എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.ഡി. ശരണ്‍ അഞ്ചു ലക്ഷം രൂപ ജില്ലാ കളക്ടര്‍ക്കു കൈമാറി. ജോയ് ആലുക്കാസിന്റെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി ഒരു മാസം ഒരു ലക്ഷം രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് 12 ലക്ഷം രൂപ ജനറല്‍ ആശുപത്രിക്കു കൈമാറുമെന്നു ജോയ്ആലുക്കാസ് പ്രതിനിധി അറിയിച്ചു. ഡയറ്ററി കിച്ചന്റെ ഒരു മാസത്തെ ചെലവ് പൂര്‍ണമായും വഹിക്കാമെന്ന് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പ്രതിനിധി അറിയിച്ചു. ജനറല്‍ ആശുപത്രിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങളും ലഭ്യമാക്കാന്‍ തയാറാണെന്നും പ്രതിനിധി അറിയിച്ചു.


ജനറല്‍ ആശുപത്രിയിലെ ഡയറ്ററി കിച്ചണുമായി ബന്ധപ്പെട്ടുള്ള ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ സൌജന്യമായി ചെയ്തു നല്‍കുന്നതിനു തയാറാണെന്നു ചാര്‍ട്ടേഡ് അക്കൌണ്ട്സ് സംഘടനയുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു.

വിനായക കാറ്ററേഴ്സ് ഉടമ വിനായക സ്വാമി രണ്ടു ലക്ഷം രൂപയും യോഗത്തില്‍ കളക്ടര്‍ക്കു കൈമാറി. തെറാപ്യൂട്ടിക് ഡയറ്ററി വകുപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി റിമ കല്ലിങ്കലിനെ യോഗത്തില്‍ പ്രഖ്യാപിച്ചു. ചലച്ചിത്രതാരം ജയസൂര്യ, ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ഡോ.എം.ഐ. ജുനൈദ് റഹ്മാന്‍, ഡിഎംഒ ഡോ.ഹസീന മുഹമ്മദ്, ആശുപത്രി സൂപ്രണ്ട് ഡോ.പി.ജി. ആനി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.