സൈബര്‍ യുദ്ധഭീഷണി നേരിടുന്നതിനു പ്രതിരോധം ശക്തമാക്കണം: ഡോ. കലാം
സൈബര്‍ യുദ്ധഭീഷണി നേരിടുന്നതിനു പ്രതിരോധം ശക്തമാക്കണം: ഡോ. കലാം
Saturday, August 23, 2014 12:20 AM IST
കൊച്ചി: രാജ്യം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നമായ സൈബര്‍ യുദ്ധഭീഷണി നേരിടുന്നതിന് ഇന്ത്യ പ്രതിരോധം ശക്തമാക്കണമെന്നു മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം. ഇതിനായി ഹാക്കര്‍ സേനയ്ക്കു രൂപം നല്‍കുകയും പ്രതിരോധത്തിനും പ്രത്യാക്രമണത്തിനുമായി വെബ് റോബോട്ടുകള്‍ വികസിപ്പിച്ചെടുക്കുകയും വേണം. സൈബര്‍ സുരക്ഷാ നടപടികള്‍ ഏകോപിപ്പിക്കുന്നതിനു ദേശീയ ഏജന്‍സിക്കു രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സില്‍ (കൊക്കോണ്‍ 2014) മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സൈബര്‍ സുരക്ഷ ശക്തമാക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം. ലോകത്തേറ്റവും കൂടുതല്‍ സൈബര്‍ അക്രമണങ്ങള്‍ക്കു വിധേയമാകുന്ന രാജ്യമാണ് ഇന്ത്യ. ഇതു നിയന്ത്രിക്കുന്നതിനായി ഈ മേഖലയിലെ പ്രതിരോധം ശക്തമാക്കണം. ഇതിനായി സാങ്കേതികവിദ്യ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിക്കുകയും വിവരസാങ്കേതികവിദ്യ നല്ല രീതിയില്‍ പരസ്പരം കൈമാറുകയും ചെയ്യേണ്ടതുണ്ട്.

രാജ്യത്തിന് സൈബര്‍ ആക്രമണശേഷി കൈവരിക്കാന്‍ പരിശീലനം സിദ്ധിച്ച യുവാക്കളുടെ ഒരു നിര ആവശ്യമുണ്ട്. സ്കൂളുകളില്‍ നിന്നുതന്നെ ഇത്തരത്തിലുള്ള പ്രതിഭകളെ കണ്െടത്തണം. ഹാക്കര്‍മാരുടെ ശക്തമായ സേന കെട്ടിപ്പടുക്കാന്‍ ഇതിലൂടെ മാത്രമേ കഴിയൂ. ഇത്തരത്തില്‍ മനുഷ്യശേഷി വികസിപ്പിക്കുന്നതിനൊപ്പം തന്നെ ആക്രമണത്തിനും പ്രതിരോധത്തിനും സദാ സജ്ജരായ വെബ് റോബോട്ടുകളുടെ സോഫ്റ്റ്വെയര്‍ സൈന്യത്തെ വികസിപ്പിച്ചെടുക്കാനും കഴിയണം. ഇതിനു കഠിനമായ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസവും അത്യുന്നത നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമാണെന്നും ഡോ.കലാം പറഞ്ഞു.

പുതിയ കാലഘട്ടത്തില്‍ ആണവശേഷി വികസനം പോലെ തന്നെ ഓരോ രാജ്യത്തിനും പ്രധാനപ്പെട്ടതാണ് സൈബര്‍ ആക്രമണ, പ്രതിരോധ ശേഷിയുടെ വികസനവും. സൈബര്‍ ആക്രമണ, പ്രതിരോധ ശേഷിയുള്ളവയും ഇല്ലാത്തവയുമായി ഭാവിയില്‍ രാജ്യങ്ങള്‍ തരംതിരിക്കപ്പെടാന്‍ പോകുകയാണ്. ആണവനിര്‍വ്യാപന കരാര്‍ പോലെ രാജ്യങ്ങള്‍ തമ്മില്‍ സൈബര്‍ സിടിബിടിയില്‍ ഏര്‍പ്പെടുന്ന കാലം വിദൂരമല്ലെന്നു ഡോ.കലാം പറഞ്ഞു. ഒരു തുള്ളി ചോര ചിന്താതെ രാജ്യത്തെ ആധുനിക സാങ്കേതിക സംവിധാനങ്ങളെയെല്ലാം തകര്‍ക്കാന്‍ കഴിയുന്ന വിധത്തിലേക്കു സൈബര്‍ ആക്രമണ ഭീഷണി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം വര്‍ധിക്കുന്നതിനോടൊപ്പം സൈബര്‍ കുറ്റങ്ങളും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇതു തടയാന്‍ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം അതിനുള്ളിലെ ചതിക്കുഴികളെകുറിച്ചും ബോധവത്ക്കരിക്കണം. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യയില്‍ ടെലികോം, എയര്‍ലൈന്‍സ് കമ്യൂണിക്കേഷന്‍, ആരോഗ്യരംഗം, ജിപിഎ സിസ്റം എന്നിവയാണ് സൈബര്‍ ആക്രമണത്തിന് ഏറ്റവും സാധ്യതയുള്ള മേഖലകള്‍. ഇക്കാര്യത്തില്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സൈബര്‍ മേഖല അഞ്ചാമത്തെ തത്വമാണ്. ആര്‍ക്കും അതു കാണാന്‍ കഴിയില്ല; എന്നാല്‍, അതു യാഥാര്‍ഥ്യമാണ്.


മേഖലയില്‍ നിശബ്ദമായ ഭീകരാക്രമണങ്ങള്‍ നിരന്തരം തുടരുകയാണ്. സര്‍ക്കാരും ജനങ്ങളും ഒന്നിച്ചു ചേര്‍ന്ന് ഇതിനെതിരെ പ്രവര്‍ത്തിക്കണം. ഏറ്റവും ലളിതമായ രീതിയില്‍ ഇന്റര്‍നെറ്റിലൂടെ സൈബര്‍ യുദ്ധങ്ങള്‍ എവിടെ വേണമെങ്കിലും നടത്താം. ഏതാനും വ്യക്തികള്‍ക്ക് ഇതു ചെയ്യാന്‍ സാധിക്കും. അതിനാല്‍ പ്രതിരോധത്തിലൂന്നിയ ശക്തമായ കര്‍മപദ്ധതി നടപ്പിലാക്കേണ്ടതുണ്െടന്നു ഡോ. കലാം വിശദീകരിച്ചു. ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ സുന്ദര്‍ പാല്‍ സിംഗ് ചീമ മുഖ്യാതിഥിയായിരുന്നു. എഡിജിപി ആര്‍. ശ്രീലേഖ സൈബര്‍ ക്രൈമും സ്ത്രീകളുടെ സുരക്ഷയും എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം, എഡിജിപി കെ. പത്മകുമാര്‍, ഐജി മനോജ് ഏബ്രഹാം, ഇസ്ര പ്രസിഡന്റ് മനു സക്കറിയ, സൊസൈറ്റി ഫോര്‍ പോലീസിംഗ് സൈബര്‍ സ്പേസ് എക്സ്ക്യൂട്ടിവ് ഡയറക്ടര്‍ ബെസി പാംഗ്, ഡിസിപി ആര്‍. നിശാന്തിനി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.