കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനെതിരേ കോണ്‍ഗ്രസ് സംഘടന
Friday, August 22, 2014 1:00 AM IST
കണ്ണൂര്‍: ജീവനക്കാരുടെ പ്രമോഷനെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകളടങ്ങിയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) ചര്‍ച്ച ചെയ്യാതെ അടിച്ചേല്‍പ്പിച്ചാല്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്നു കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള എന്‍ജിഒ അസോസിയഷന്‍. കെഎഎസ് ഉത്തരവ് സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ജിഒ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ 30ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാകേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തുമെന്നും പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതിയ വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തികകള്‍ പൂര്‍ണമായി കെഎഎസിലേക്കു മാറ്റുകയും പകുതി നിയമനം നേരിട്ടാക്കുകയും ചെയ്യാനാണു സര്‍ക്കാര്‍ തീരുമാനം.


അവശേഷിക്കുന്ന പകുതി തസ്തികകളിലേക്കു നിയമനം ലഭിക്കണമെങ്കില്‍ ജീവനക്കാര്‍ പിഎസ്സി നടത്തുന്ന പരീക്ഷ പാസാവണം. ഫലത്തില്‍ ആദ്യ ഗസറ്റഡ് തസ്തികയ്ക്കു മുകളില്‍ ഇനി ആര്‍ക്കും നിലവിലുള്ള പ്രമോഷന്‍ ചാനലിലൂടെ ഉദ്യോഗക്കയറ്റം ലഭിക്കില്ല.

ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ വരെയുള്ള മുഴുവന്‍ ജീവനക്കാരുടെയും ഉദ്യോഗക്കയറ്റ സാധ്യതകളെ ദോഷകരമായി ബാധിക്കുന്നതാണിത്. 52 വയസുകാരനു കെഎഎസ് ലഭിച്ചാല്‍ തന്നെ എട്ടുവര്‍ഷം അവിടെ പൂര്‍ത്തിയാക്കിയാലും ഐഎഎസ് ലഭിക്കാനുള്ള സാധ്യതയില്ല. - കോട്ടാത്തല മോഹനന്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ എന്‍.പി. ജയകൃഷ്ണന്‍, കെ. കെ. രാജേഷ്ഖന്ന, സി.ടി. സുരേന്ദ്രന്‍, കെ.മധു, ടി.മോഹന്‍കുമാര്‍, എം.പി. ജോര്‍ജ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.