മന്ത്രിസഭാ ഉപസമിതിക്കു നോട്ടീസ് ബാധകമല്ലെന്നു ഹൈക്കോടതി
Friday, August 22, 2014 12:06 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശകളെ മറികടന്നു സംസ്ഥാനത്തു പുതിയ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ച സര്‍ക്കാരിന്റെ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവുമായി ബന്ധപ്പെട്ടു കേസിലെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചതു മന്ത്രിസഭാ ഉപസമതിക്കു ബാധകമല്ലെന്നു ഹൈക്കോടതി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ ചോദ്യം ചെയ്താണു ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നും സര്‍ക്കാര്‍ കേസില്‍ കക്ഷിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മറ്റു കക്ഷികള്‍ക്കൊപ്പം മന്ത്രിസഭാ ഉപസമിതിക്കു നോട്ടീസ് നല്‍കേണ്ടതില്ലെന്നു ജസ്റീസ് പി.ആര്‍. രാമചന്ദ്രമേനോന്‍ പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകന്‍ മന്ത്രിസഭാ ഉപസമിതി കേസില്‍ കക്ഷിയാണെന്നു ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.


വയനാട് പെരിക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടയം ദേവലോകത്തെ കാതോലിക്കേറ്റ് കോര്‍പറേറ്റ് മാനേജര്‍, വാമനപുരം ഡിബി ഹെസ്കൂള്‍ പിടിഎ എന്നിവരുള്‍പ്പെടെ നല്‍കിയ ഹര്‍ജികളിലാണു മന്ത്രിസഭാ ഉപസമിതിയെ കക്ഷി ചേര്‍ത്തിരുന്നത്. പ്ളസ്ടുവുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജികളും ഒരുമിച്ചു പരിഗണിച്ചു ഹൈക്കോടതി പൊതുവായ ഉത്തരവിടുകയായിരുന്നു. ഈ സാഹചര്യത്തിലാണു മന്ത്രിസഭാ ഉപസമിതിക്കു നോട്ടീസ് നല്‍കാനിടയായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.