പറവൂര്‍ തീര്‍ഥാടനകേന്ദ്രത്തില്‍ മെത്രാന്മാരുടെ സംഗമം നാളെ
Friday, August 22, 2014 12:57 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ക്രിസ്തുശിഷ്യനായ മാര്‍ത്തോമാശ്ളീഹാ കേരളത്തില്‍ സ്ഥാപിച്ച ആദ്യ ദേവാലയമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ പറവൂര്‍ സെന്റ് തോമസ് കോട്ടയ്ക്കാവ് ഫൊറോന പള്ളിയില്‍ നാളെ നടക്കുന്ന സീറോ മലബാര്‍ മെത്രാന്മാരുടെ സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേജര്‍ ആര്‍ച്ച്ബിഷപ്പും അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. സീറോ മലബാര്‍ സഭയിലെ 56 മെത്രാന്മാര്‍ നാളെ തീര്‍ഥാടനകേന്ദ്രത്തിലെത്തും.

ഉച്ചകഴിഞ്ഞു 2.30നു ക്രൈസ്തവ കലാരൂപങ്ങളായ മാര്‍ഗംകളി, ചവിട്ടുനാടകം, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ വിശ്വാസികള്‍ മെത്രാന്മാരെ ദേവാലയത്തിലേക്ക് ആനയിക്കും.

തോമാശ്ളീഹാ സ്ഥാപിച്ച പഴയ ദേവാലയത്തില്‍ തിരുവസ്ത്രങ്ങളണിയുന്ന മെത്രാന്മാര്‍ നൂറോളം ദര്‍ശന സമൂഹാംഗങ്ങളുടെ അകമ്പടിയോടെ പുതിയ ദേവാലയത്തില്‍ പ്രവേശിക്കും. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേന്‍ മെത്രാന്മാരെ സ്വാഗതം ചെയ്യും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹദിവ്യബലി. ഫൊറോനയിലെ 25ഓളം ഇടവകകളില്‍നിന്നുള്ള നൂറോളം ഗായകരാണു ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. പതിനായിരത്തോളം വിശ്വാസികള്‍ക്കു ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനു സൌകര്യമൊരുക്കി വലിയ പന്തലും ബിഗ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.

സ്നേഹവിരുന്നിനെത്തുടര്‍ന്നു മെത്രാന്മാര്‍ ദേവാലയത്തോടനുബന്ധിച്ചുള്ള ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കും.

പൊതുസമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് സ്വാഗതം ആശംസിക്കും. അതിരൂപതയും പറവൂര്‍ ഫൊറോനയും ചേര്‍ന്നു നിര്‍മിച്ച മാര്‍തോമായും കോട്ടയ്ക്കാവും എന്ന ടെലിഫിലിം മേജര്‍ ആര്‍ച്ച്ബിഷപ് പ്രകാശനം ചെയ്ത് സമ്മേളനത്തില്‍ സന്ദേശം നല്‍കും. വിവിധ മെത്രാന്മാര്‍, വി.ഡി. സതീശന്‍ എംഎല്‍എ, ഇടവക കൈക്കാരന്‍ ടോബി മാമ്പിള്ളി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു മാര്‍ത്തോമാ ക്രൈസ്തവരുടെ തനതു കലാരൂപങ്ങളും അവതരിപ്പിക്കും.


അതിരൂപതയിലെ വൈദികരും കന്യാസ്ത്രീകളും അല്മായ സംഘടനാ പ്രതിനിധികളും മതബോധന അധ്യാപകരും വിശ്വാസികളും പരിപാടികളില്‍ പങ്കെടുക്കും.

പള്ളിയിലെത്തുന്ന വിശ്വാസികള്‍ക്ക് സൌകര്യം ഒരുക്കുന്നതിന് 500 വോളന്റിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്കു തട്ടുകടവ് വഴി പറവൂര്‍ മാര്‍ക്കറ്റിലും പുഴയോരത്തുമാണു പാര്‍ക്കിംഗ് സൌകര്യം ഒരുക്കിയിട്ടുള്ളത്. പരിപാടികളുടെ വിജയത്തിനായി 25ഓളം വൈദികര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ മെത്രാന്‍ സിനഡില്‍ നിന്നാണു മെത്രാന്മാര്‍ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കാനെത്തുന്നത്. ഓരോ വര്‍ഷവും സീറോ മലബാര്‍ മെത്രാന്മാര്‍ മാര്‍ത്തോമാശ്ളീഹായുടെ പൈതൃകമുള്ള തീര്‍ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടനകേന്ദ്രത്തിലാണു കഴിഞ്ഞ ഓഗസ്റ്റില്‍ മെത്രാന്മാര്‍ സന്ദര്‍ശനത്തിനെത്തിയത്.

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പ്രോഗ്രാം കണ്‍വീനര്‍ റവ. ഡോ. ജോര്‍ജ് നെല്ലിശേരി, പറവൂര്‍ ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, സഹവികാരി ഫാ. ജാക്സണ്‍ കിഴവന, കൈക്കാരന്മാരായ റീജന്‍ തെക്കിനേടത്ത്, ടോബി മാമ്പിള്ളി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.