സര്‍ക്കാര്‍ ആശുപത്രികളില്‍ 'ക്ളീന്‍ ആന്‍ഡ് ഗ്രീന്‍' പദ്ധതി
Friday, August 22, 2014 12:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വൃത്തിയോടെ പരിപാലിക്കുന്നതിനും ആശുപത്രി പരിസരം, ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കുന്നതിനുംവേണ്ടി, ഒക്ടോബര്‍ രണ്ടു മുതല്‍ ക്ളീന്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഗ്രീന്‍ ഹോസ്പിറ്റല്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വി. എസ്. ശിവകുമാര്‍ അറിയിച്ചു.

കാന്‍സര്‍ രോഗികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുന്ന സുകൃതം പദ്ധതിയും ഗാന്ധിജയന്തി ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. തൈക്കാട് ആരോഗ്യ വകുപ്പ് ഇന്‍സ്റിറ്റ്യൂട്ടില്‍ നടന്ന സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമ ആഫ്രിക്കയിലെ എബോള വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് ആരെങ്കിലും വിമാനത്താവളങ്ങള്‍ വഴി, കേരളത്തില്‍ എത്താനിടയുള്ള സാഹചര്യം കണക്കിലെടുത്തു നിരീക്ഷണം ശക്തമാക്കണമെന്നു മന്ത്രി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. സേഫ് കേരള - പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടി, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ റെയ്ഡുകളില്‍ നോട്ടീസ് നല്‍കിയ 3,093 സ്കൂളുകളില്‍ 2,009 എണ്ണവും 3,059 ഹോട്ടലുകളില്‍ 2,549 എണ്ണവും 1,445 അന്യദേശത്തൊഴിലാളി കേന്ദ്രങ്ങളില്‍ 1,308 എണ്ണവും പോരായ്മകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കിയതായി യോഗത്തില്‍ അറിയിച്ചു.


പോലീസ് സേനാംഗങ്ങള്‍ക്കു വേണ്ടി ആരോഗ്യ വകുപ്പിന്റെ ആശുപത്രികളില്‍ ഷേപ്പ് പദ്ധതിപ്രകാരം ആരംഭിച്ച ആരോഗ്യ പരിശോധനാ ക്ളിനിക്കുകളില്‍ ആദ്യഘട്ടം പരിശോധന നടത്തിയ 16ന് 784 പോലീസ് സേനാംഗങ്ങളെ പരിശോധിച്ചു. ഇവരില്‍ 10 ശതമാനത്തോളംപേര്‍ക്ക് അമിത രക്തസമ്മര്‍ദവും ആറു ശതമാനത്തോളം പേര്‍ക്ക് പ്രമേഹവും ഉള്ളതായി കണ്െടത്തിയിട്ടുണ്ട്. തീര്‍ഥാടനകാലത്ത് ശബരിമല കാനനപാതകളിലെ പ്രധാന ഓക്സിജന്‍ പാര്‍ലറുകളില്‍ ഡിഫിബ്രിലേറ്ററുകള്‍ സ്ഥാപിക്കുമെന്നു യോഗത്തില്‍ മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ റേഡിയേഷന്‍ സേഫ്റ്റി വിഭാഗം മുഖേന, ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ആശുപത്രികളും ആറ്റമിക് എനര്‍ജി റേഡിയേഷന്‍ ബോര്‍ഡിന്റെ രജിസ്ട്രേഷന്‍ എടുക്കണമെന്നു മന്ത്രി നിര്‍ദ്ദേശിച്ചു.

ഇന്ത്യയെ പോളിയോവിമുക്ത രാജ്യമാക്കുന്നതില്‍ കേരള ഗവണ്‍മെന്റ് വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടനയുടെ അവാര്‍ഡ് ആരോഗ്യ മന്ത്രിക്ക്, സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ കൈമാറി.

എന്‍ആര്‍എച്ച്എം ആന്‍ഡ് കെഎംഎസ്സിഎല്‍ ഡയറക്ടര്‍ മിന്‍ഹാജ് ആലം, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി. കെ. ജമീല, അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ. എന്‍. ശ്രീധര്‍, ഡോ. എ.എസ്. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.