ഫഹദിനു നസ്രിയ സ്വന്തമായി
ഫഹദിനു നസ്രിയ സ്വന്തമായി
Friday, August 22, 2014 12:32 AM IST
തിരുവനന്തപുരം: കൈയെത്തും ദൂരത്തുനിന്നു കൈകോര്‍ത്തു കാമറകള്‍ക്കു മുന്നിലെത്തിയപ്പോള്‍ നസ്രിയയ്ക്കു നാണം, കൂസലില്ലാതെ ഫഹദ്. താരങ്ങളായ ഫഹദും നസ്രിയയും തിരുവനന്തപുരം കഴക്കൂട്ടം അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹിതരായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹച്ചടങ്ങുകള്‍.

ഇളം കറുപ്പു നിറമുള്ള പഠാന്‍ സ്യൂട്ടണിഞ്ഞാണു ഫഹദ് എത്തിയത്. ഫഹദിന്റെ കൈപിടിച്ചു മഞ്ഞയും പിങ്കും കലര്‍ന്ന വിവാഹ വസ്ത്രമണിഞ്ഞു നസ്രിയയും. ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതിനായി സിനിമാ- രാഷ്ട്രീയ രംഗത്തുനിന്നു പ്രമുഖര്‍ എത്തിയിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഭാര്യയോടൊപ്പമാണു ചടങ്ങിനെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സുരേഷ് ഗോപി, ജഗദീഷ്, മണിയന്‍പിള്ള രാജു, സംവിധായകന്‍ സുരേഷ്കുമാര്‍, സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ആനി, ടിനി ടോം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കാനായി എത്തിയിരുന്നു.

വിവാഹത്തിനുശേഷം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ഫഹദും നസ്രിയയും തങ്ങള്‍ക്കു നല്‍കുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി പറഞ്ഞു. വിവാഹവേദിക്കു പുറത്ത് ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഇന്നലെ ഉച്ചവരെ ദേശീയ പാതയില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വേദിക്കു പുറത്തു കനത്ത സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ക്ഷണിക്കപ്പെട്ട നാലായിരത്തോളം അതിഥികളാണു ചടങ്ങില്‍ പങ്കെടുത്തത്. സുരക്ഷയ്ക്കായി 100 പോലീസുകാരെയും വിന്യസിച്ചിരുന്നു. എറണാകുളം ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്.


ബുധനാഴ്ച കോവളത്തെ ഉദയ സമുദ്ര ഹോട്ടലിലായിരുന്നു മയിലാഞ്ചിയണിയല്‍ ചടങ്ങ് നടന്നത്. നസ്രിയ കോവളത്തെ ഹോട്ടലില്‍നിന്നാണ് ഇന്നലെ വിവാഹ വേദിയിലത്തിെയത്. ഞായറാഴ്ച വൈകുന്നേരം ഫഹദിന്റെ സ്വദേശമായ ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹ സത്കാരം ഒരുക്കുന്നുണ്ട്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗളൂര്‍ ഡേയ്സില്‍ ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചതും.

ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന സിനിമയിലൂടെയാണു ഫഹദ് സിനിമയിലെത്തിയത്. ടെലിവിഷന്‍ അവതാരകയായെത്തിയ നസ്രിയ ഇപ്പോള്‍ മലയാളം-തമിഴ് സിനിമകളില്‍ സജീവമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.