സ്റുഡന്റ് പോലീസ് കേഡറ്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തു സ്ഥാപിക്കും: മന്ത്രി
സ്റുഡന്റ് പോലീസ് കേഡറ്റ് ഡയറക്ടറേറ്റ് തിരുവനന്തപുരത്തു സ്ഥാപിക്കും: മന്ത്രി
Thursday, August 21, 2014 12:23 AM IST
തിരുവനന്തപുരം: സ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പദ്ധതിയുടെ ഡയറക്ടറേറ്റ് തിരുവനന്തപുരത്തു സ്ഥാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എസ്പിസി അക്കഡേമിക്ക് എക്സലന്‍സ് പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്പിസി യൂണിറ്റുകള്‍ എല്ലാ വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുകയാണു ലക്ഷ്യം.

325 സ്കൂളുകളിലാണ് എസ്പിസി യൂണിറ്റുകള്‍ ഉള്ളത്. നൂറോളം സ്കൂളുകളില്‍നിന്നു യൂണിറ്റു തുടങ്ങണമെന്ന് അപേക്ഷ കിട്ടിയിട്ടുണ്ട്.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ യൂണിറ്റ് തുടങ്ങാനുള്ള ഫണ്ട് സര്‍ക്കാര്‍ നല്‍കും. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ചെലവ് മാനേജ്മെന്റുകള്‍ വഹിക്കണം. ഓണത്തിനുശേഷം ഡല്‍ഹിയിലെ നാലു സ്കൂളുകളില്‍ എസ്പിസി യൂണിറ്റുകള്‍ തുടങ്ങും.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പോലീസ് യൂണിവേഴ്സിറ്റി ബില്‍ അവതരിപ്പിക്കും. ഏഷ്യയിലെ ഏറ്റവും വലിയ പോലീസ് യൂണിവേഴ്സിറ്റിയായി ഇതിനെ മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. എസ്പിസി കേഡറ്റുകള്‍ക്ക് ഇവിടെ പഠിക്കാനുള്ള അവസരം ലഭിക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉപരിപഠനത്തിനും തുടര്‍പഠനത്തിനുമുള്ള അവസരവും നല്‍കും.


വൃക്കരോഗ ബാധിതയായ യുവതിക്കു വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ച കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂളിലെ അധ്യാപികയും സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലെ അഡീഷണല്‍ സിപിഒയുമായ മിനി എം. മാത്യുവിനെ ചടങ്ങില്‍ ആഭ്യന്തരമന്ത്രി ആദരിച്ചു. കായിക രംഗത്തു മികവു തെളിയിച്ച മലപ്പുറം അരിയല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റുഡന്റ് പോലീസ് കേഡറ്റ് ബേസില്‍ മുഹമ്മദിനു മന്ത്രി മെമെന്റോ സമ്മാനിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്പിസി ആനുവല്‍ സമ്മര്‍ ക്യാമ്പ് വിജയികള്‍ക്കുള്ള സ്റാറുകള്‍ മേയര്‍ കെ. ചന്ദ്രിക വിതരണം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ എ പ്ളസും കരസ്ഥമാക്കിയ സ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് മെമന്റോയും സര്‍ട്ടിഫിക്കറ്റും ഡിജിപി കെ.എസ്, ബാലസുബ്രഹ്മണ്യം സമ്മാനിച്ചു.

എസ്പിസി സ്റേറ്റ് നോഡല്‍ ഓഫീസര്‍ പി. വിജയന്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ യു. അബ്ദുള്‍ കരീം, കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റര്‍ ഹെല്‍മ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.