റബര്‍ കര്‍ഷകരുടെ വിലാപം ആരും കേള്‍ക്കുന്നില്ല; വില 125 ലേക്ക്
റബര്‍ കര്‍ഷകരുടെ വിലാപം ആരും കേള്‍ക്കുന്നില്ല; വില 125 ലേക്ക്
Thursday, August 21, 2014 12:22 AM IST
സ്വന്തം ലേഖകന്‍

കോട്ടയം: റബര്‍ വില 130ലും താഴേക്കു പതിച്ചിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു മൌനം. ഒറ്റപ്പെട്ട പ്രസ്താവനകളിറക്കി നേതാക്കളും പാര്‍ട്ടികളും തടിതപ്പുന്നതല്ലാതെ കര്‍ഷകരെ രക്ഷിക്കാന്‍ ആരുമില്ല. കര്‍ഷക സംഘടനകള്‍ പലതുണ്െടങ്കിലും സംഘടിക്കാനും പ്രതികരിക്കാനും ആരുമില്ല. റബറിനെ മാത്രം ആശ്രയിച്ചു കുടുംബം പോറ്റുന്ന അസംഘടിതരായ കര്‍ഷകസമൂഹം കടബാധ്യതയിലും നഷ്ടത്തിലും നട്ടം തിരിയുന്ന സാഹചര്യത്തിലും കര്‍ഷകസ്നേഹം നടിക്കുന്ന പാര്‍ട്ടികളും സര്‍ക്കാരും മൌനം പാലിക്കുകയാണ്. 2013 ഓഗസ്റ് അവസാനവാരം 198 രൂപയുണ്ടായിരുന്ന ആര്‍എസ്എസ് നാല് ഗ്രേഡിന് ഇന്നലത്തെ വില 129 രൂപ. ഓരോ ദിവസവും വില ഇടിയുന്ന അനിശ്ചിതാവസ്ഥയില്‍ 127 രൂപയ്ക്കുപോലും റബര്‍ വാങ്ങാന്‍ വ്യാപാരികള്‍ ആശങ്കപ്പെടുന്നു. തരംതിരിക്കാത്ത റബര്‍ 123 രൂപയ്ക്കാണു വ്യാപാരികള്‍ ഇന്നലെ വാങ്ങിയത്.

ഇറക്കുമതി വര്‍ധിച്ചതോടെ ക്രംബ് വ്യവസായം നിശ്ചലമായിക്കൊണ്ടിരിക്കുന്നു. ഈ നിലയില്‍ ഒട്ടുപാല്‍ വാങ്ങാന്‍ വ്യാപാരികള്‍ താത്പര്യപ്പെടുന്നില്ല. 75 രൂപയായി ഒട്ടുപാല്‍വില താഴ്ന്നിരിക്കേ ഉത്പാദന-സംസ്കരണച്ചെലവ് പോലും കര്‍ഷകര്‍ക്കു കിട്ടില്ലെന്നതു മൂന്നുതരം.

ഒരു മരത്തിനു ടാപ്പിംഗ് കൂലി രണ്ടു രൂപയായി വര്‍ധിച്ചതു കഴിഞ്ഞവര്‍ഷമാണ്. വളം, കീടനാശിനി, തുരിശ്, ആസിഡ് വിലയില്‍ 20 ശതമാനം വര്‍ധനവുണ്ടായി. യന്ത്രം കിട്ടാത്തയിടങ്ങളില്‍ തോട്ടം തെളിക്കാന്‍ തൊഴിലാളിക്ക് ദിവസക്കൂലി 700 രൂപയ്ക്കു മുകളിലാണ്. ഇത്തരത്തില്‍ എല്ലാ തലങ്ങളിലും ഉത്പാദനച്ചെലവ് പരിധികളില്ലാതെ ഉയര്‍ന്ന സാഹചര്യത്തിലാണു ഒരു വര്‍ഷത്തിനുള്ളില്‍റബര്‍ ഷീറ്റ് വില കിലോയ്ക്ക് 70 രൂപ താഴ്ന്നത്.


തോരാമഴയും കടുത്ത ചൂടും റബര്‍ ഉത്പാദനത്തില്‍ 20 ശതമാനം കുറവു വരുത്തി. 2013ല്‍ ജൂണ്‍ മുതല്‍ രണ്ടു മാസം മഴ തുടര്‍ന്നു. നവംബര്‍ മുതല്‍ കടുത്ത വേനല്‍ തുടങ്ങി. വീട്ടുചെലവും മക്കളുടെ വിദ്യാഭ്യാസവും ഉള്‍പ്പെടെ ദൈനംദിനച്ചെലവുകള്‍ എങ്ങനെയും നടന്നുപോകേണ്ടതിനാലാണു കഷ്ടനഷ്ടങ്ങള്‍ സഹിച്ചു കര്‍ഷകര്‍ ടാപ്പിംഗ് നടത്തുന്നത്.

തോട്ടത്തില്‍ റെയിന്‍ ഗാര്‍ഡു പിടിപ്പിച്ചതിന്റെ ചെലവുകാശുപോലും കിട്ടാത്ത കര്‍ഷകരാണ് ഏറെപ്പേരും. ലാറ്റക്സിനുണ്ടായിരുന്ന ആശ്വാസവിലയും ഇടിഞ്ഞതോടെ അവിടെയും സാധ്യതയില്ലാതായിരിക്കുന്നു. സ്ളോട്ടര്‍ മരങ്ങളില്‍നിന്ന് ഉത്പാദനം തീരെ കുറഞ്ഞു.

കാലപ്പഴക്കം ചെന്ന തോട്ടങ്ങള്‍ വെട്ടിമാറ്റി പുതിയ തൈ വയ്ക്കാമെന്നു താത്പര്യപ്പെട്ടവര്‍ക്കു തടിവ്യാപാരികളുടെ അനിശ്ചിത കാല പണിമുടക്കിനെത്തുടര്‍ന്ന് അതിനും സാധ്യതയില്ലാതായി. കുഴിയെടുക്കല്‍, കയ്യാലനിര്‍മാണം, തൈ നടീല്‍ തുടങ്ങി റീപ്ളാന്റിംഗ് ചെലവ് ഭീമമായി വര്‍ധിച്ചു. ഈ ബാധ്യതകളെല്ലാം പേറുന്ന റബര്‍ കര്‍ഷകരാണു ദിവസംതോറും റബര്‍വിലയിടിവിനെ നേരിടുന്നത്.

റബര്‍ വില ഇത്രയേറെ താഴ്ന്ന നിലയിലും ടയറിനും ചെരിപ്പിനും ഇതര റബര്‍ ഉത്പന്നങ്ങള്‍ക്കും വില കൂടിയതല്ലാതെ നയാ പൈസ കുറയുന്നില്ല. റബര്‍ കര്‍ഷകര്‍ക്ക് വരും മാസങ്ങളിലും ആശ്വാസവില ലഭിക്കില്ലെന്നതിനു സൂചനയായി നവംബര്‍വരെ മാസങ്ങളിലേക്കുള്ള ഇറക്കുമതി കരാറുമായി നീങ്ങുകയാണു വ്യവസായികള്‍. റബര്‍ ഇറക്കുമതി തീരുവ വൈകിയ വേളയിലെങ്കിലും കേന്ദ്രവാണിജ്യ വകുപ്പ് ഉയര്‍ന്നില്ലെങ്കില്‍ ദാരുണമായ തകര്‍ച്ചയിലേക്കു റബര്‍വില ഇടിയുമെന്നു വ്യക്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.