മദ്യനിരോധനം; പ്രതീക്ഷയോടെ മദ്യവിരുദ്ധ സംഘടനകള്‍
Thursday, August 21, 2014 12:39 AM IST
സിജോ പൈനാടത്ത്

കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനം വേണമെന്നു യുഡിഎഫിലെ പ്രധാന ഘടകകക്ഷികള്‍ നിലപാടെടുത്തതോടെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും പ്രതീക്ഷയില്‍. ക്രൈസ്തവസഭകളുടെയും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെയും മാത്രം നിലപാടാണു സമ്പൂര്‍ണ മദ്യനിരോധനമെന്ന നാളിതുവരെയുള്ള ആരോപണത്തിനു ശ്രദ്ധേയ തിരുത്തല്‍ കൂടിയാണു രാഷ്ട്രീയകക്ഷികളുടെ നയംമാറ്റം. സമ്പൂര്‍ണ മദ്യനിരോധനമാണു കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇന്നലെയും ആവര്‍ത്തിച്ചു.

യുഡിഎഫിലെ പ്രമുഖ ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ്-എമ്മും മദ്യനിരോധനമെന്ന നിലപാട് ഇതിനകം പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ വി.എം. സുധീരന്റെ മദ്യനിരോധന നിലപാടിനു പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനത്തിനായി കൂടുതല്‍ പാര്‍ട്ടികളും നേതാക്കളും രംഗത്തെത്തിയതു സ്വാഗതാര്‍ഹമാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി ജനറല്‍ സെക്രട്ടറി ഫാ. ടി.ജെ. ആന്റണി പറഞ്ഞു. ഇക്കാര്യത്തില്‍ സുധീരന്റെ നിലപാട് പൂര്‍ണമായും ആത്മാര്‍ഥതയുള്ളതാണ്. ഇക്കാര്യത്തില്‍ മുന്നോട്ടുവന്നിട്ടുള്ള ഘടകകക്ഷികള്‍ക്കും നിലപാടിലുറച്ച് പ്രവര്‍ത്തിക്കാനുള്ള ആത്മാര്‍ഥതയുണ്ടാവണം.

സമ്പൂര്‍ണ മദ്യനിരോധനത്തെക്കുറിച്ചു പറയുന്ന ചിലരെങ്കിലും പൂട്ടിയ 418 ബാറുകളെക്കുറിച്ചു മിണ്ടുന്നില്ല. ഒറ്റ ദിവസംകൊണ്ടു മദ്യനിരോധനം നടപ്പാക്കണമെന്ന വൈകാരിക നിലപാടല്ല വേണ്ടത്. മദ്യനിരോധനത്തിനു പ്രതിജ്ഞാബദ്ധമെങ്കില്‍ പൂട്ടിയ 418 ബാറുകളും തുറക്കരുത്.


വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നിശ്ചിത എണ്ണം ബിവറേജസ് ഔട്ട്ലെറ്റുകള്‍ അടയ്ക്കുമെന്നു സര്‍ക്കാര്‍ തീരുമാനിക്കണം. ശേഷം നിശ്ചിത കാലയളവിനുള്ളില്‍ മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കുമെന്നും പ്രഖ്യാപിക്കാനുള്ള ആര്‍ജവമാണു ഭരണകര്‍ത്താക്കള്‍ക്കുണ്ടാവേണ്ടതെന്നും ഫാ.ടി.ജെ. ആന്റണി പറഞ്ഞു.

കേരളത്തിന്റെ മനഃസാക്ഷി മദ്യത്തിനെതിരേ ശക്തമായി ഉണര്‍ന്ന സുപ്രധാനമായ സമയമാണിതെന്നു മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ടി.എം. വര്‍ഗീസ് പറഞ്ഞു. ഭരണകൂടം ഇതു കാണണം. സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കുള്ള ചുവടുവയ്പിലേക്കു ഇനി വൈകരുത്.

നേരത്തെ മടിച്ചുനിന്നിരുന്ന പല പ്രസ്ഥാനങ്ങളും പാര്‍ട്ടികളും ഇപ്പോള്‍ മദ്യനിരോധനമെന്ന ആശയത്തിലേക്കു വരുന്നത് ആശാവഹമാണ്. മദ്യമുതലാളിമാര്‍ക്കും മദ്യവ്യാപനത്തിനുമായി നിലകൊള്ളുന്നവര്‍ക്കെതിരേ ശക്തമായ ജനരോഷമുയരുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധനം വേണമെന്ന വി.എം.സുധീരന്റെ നിലപാടിനു പിന്തുണയുമായി ഇരുപത്തിയഞ്ചോളം മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.