ബാര്‍ തര്‍ക്കം മുറുകി; യുഡിഎഫ് യോഗം ഇന്ന്
ബാര്‍ തര്‍ക്കം മുറുകി; യുഡിഎഫ് യോഗം ഇന്ന്
Thursday, August 21, 2014 12:13 AM IST
തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് പ്രശ്നം കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വന്‍പ്രതിസന്ധിയിലാഴ്ത്തിയിരിക്കെ ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്നു യുഡിഎഫ് നേതൃയോഗം ചേരും. ഉച്ചകഴിഞ്ഞു മൂന്നിനാണു യോഗം ചേരുക.

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ചേരിതിരിവില്‍ ഘടകകക്ഷികള്‍ ഏതു പക്ഷത്തു നിലയുറപ്പിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും യുഡിഎഫിലെ തീരുമാനം. പ്രായോഗികതയുടെ വക്താവായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പക്ഷവും നില്‍ക്കുമ്പോള്‍ ജനപക്ഷമെന്ന വാദവുമായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും വിട്ടുവീഴ്ചയില്ലാതെ നില്‍ക്കുകയാണ്. ഇവര്‍ക്കിടയില്‍ സമവായത്തിനുള്ള സാധ്യതയൊന്നും ഇനിയും തെളിഞ്ഞിട്ടില്ല. ഇതിനിടെ 418 ബാറുകളുടെ കാര്യത്തില്‍ ഹൈക്കോടതി വിധിയനുസരിച്ചുള്ള നിലവാര പരിശോധന തുടരുകയാണ്. 26നു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍നിന്നു പിന്നോട്ടില്ലെന്നു മുഖ്യമന്ത്രി ഇന്നലെയും വ്യക്തമാക്കി.

പൂട്ടിയ ബാറുകള്‍ തുറക്കേണ്ടതില്ലെന്ന അഭിപ്രായം മുസ്ലിം ലീഗ് ഇന്നലെയും ആവര്‍ത്തിച്ചു. മദ്യനയത്തില്‍ പ്രായോഗിക വാദികളെ രൂക്ഷമായി വിമര്‍ശിച്ചു ലീഗ് മുഖപത്രം ഇന്നലെ മുഖപ്രസംഗം എഴുതി. ഇതുവഴി പ്രശ്നത്തില്‍ സുധീരനൊപ്പമെന്നു വ്യക്തമാക്കിയിരിക്കുകയാണ്. ലീഗിന്റെ നിലപാടു ഫലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരാണ്. കേരള കോണ്‍ഗ്രസ്- എമ്മും പൂട്ടിയ ബാറുകള്‍ തുറക്കേണ്െടന്ന നിലപാടില്‍ തന്നെയാണ്. ഏതായാലും ബാറുകള്‍ തുറക്കണമെന്നു പരസ്യനിലപാടെടുക്കാന്‍ സാധിക്കാത്ത നിലയിലായിരിക്കുകയാണ് എല്ലാവരും. അങ്ങനെയൊരു നിലപാടു സ്വീകരിച്ചാല്‍ മദ്യമുതലാളിമാരുടെ വക്താക്കളെന്ന പേരുദോഷം പതിയുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടിനെതിരേ പരസ്യമായി പ്രതികരിച്ച കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍ ഇന്നലെ സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലപാടുമായി രംഗത്തു വന്നതു ശ്രദ്ധേയമായി. മദ്യവിരുദ്ധതയുടെ കുത്തക കുറേപ്പേര്‍ മാത്രം എടുക്കേണ്െടന്ന നിലപാടിന്റെ ഭാഗമായാണത്രെ ഹസന്റെ പ്രസ്താവന.


മദ്യലഭ്യത കുറയ്ക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്െടങ്കില്‍ തുറന്നു വച്ചിരിക്കുന്ന ബിവറേജസ് ഷോപ്പുകളില്‍ കുറെയെങ്കിലും അടച്ചുപൂട്ടണമെന്ന നിലപാടാണു കേരള കോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ സ്വീകരിച്ചിരിക്കുന്നത്.

ഏതായാലും യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടു വ്യക്തമായി അവതരിപ്പിക്കുമോ എന്നും മറ്റു ഘടകകക്ഷികള്‍ കൌതുകപൂര്‍വം ശ്രദ്ധിക്കുന്നു. 418 ബാറുകള്‍ തുറക്കേണ്െടന്നാണു കോണ്‍ഗ്രസ് നിലപാടെന്നു സുധീരന്‍ പറഞ്ഞാല്‍ മറ്റു ഘടകകക്ഷികളും തങ്ങളുടെ അഭിപ്രായം തുറന്നു പറയേണ്ടി വരും. എന്നാല്‍, അടച്ചു പൂട്ടിയ ബാറുകളുടെ ഗുണനിലവാരം സംബന്ധിച്ചു കോടതി തന്നെ റിപ്പോര്‍ട്ട് തേടിയ സാഹചര്യത്തില്‍ നിയമപരമായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പുതിയ മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകളുടെ കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നാണ് ഇവരുടെ വാദം.

ഏതായാലും കോണ്‍ഗ്രസില്‍ പാര്‍ട്ടിയും ഭരണനേതൃത്വവും വിട്ടുവീഴ്ചയില്ലാതെ രണ്ടു തട്ടില്‍ നില്‍ക്കവേ യുഡിഎഫില്‍ യോജിച്ചൊരു തീരുമാനം ഉണ്ടാകുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഏതായാലും ഇന്നത്തെ യോഗം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും. പ്ളസ് ടു വിഷയവും അജന്‍ഡയിലുള്‍പ്പെടുത്തിയിട്ടുണ്െടങ്കിലും ബാര്‍ ലൈസന്‍സ് പ്രശ്നത്തിലായിരിക്കും പ്രധാനമായും ചര്‍ച്ച നടക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.