ജനനന്മയ്ക്കായി നിലകൊള്ളുമ്പോള്‍ പ്രബലരുടെ എതിര്‍പ്പു ശക്തമാകും: സുധീരന്‍
ജനനന്മയ്ക്കായി നിലകൊള്ളുമ്പോള്‍ പ്രബലരുടെ എതിര്‍പ്പു ശക്തമാകും: സുധീരന്‍
Thursday, August 21, 2014 12:33 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: ജനനന്മയ്ക്കായി ശക്തമായ നിലപാടുകളെടുത്തു മുന്നോട്ടുനീങ്ങുമ്പോള്‍ ഭരണകൂടങ്ങളെ സ്വാധീനിക്കാനാവുന്ന പ്രബലവിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പും ഉണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാര്‍ വിഷയത്തില്‍ ജനങ്ങളുടെ നന്മയ്ക്കുതകുന്ന തീരുമാനം ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) ഏര്‍പ്പെടുത്തിയ ഷെവലിയര്‍ കെ.ജെ. ബെര്‍ലി പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

മദ്യവിപത്തിനെതിരേ വര്‍ഷങ്ങളായി ശക്തമായ നിലപാടുമായാണു തന്നെപ്പോലുള്ളവര്‍ നിലകൊണ്ടിട്ടുള്ളത്. മുമ്പും ഇപ്പോഴും അതിന്റെ പേരില്‍ വലിയ ഭീഷണികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. വണ്ടിയിടിപ്പിച്ചു വധിക്കുമെന്നുവരെ ഫോണിലൂടെ പറഞ്ഞവരുണ്ട്. സംഘടിതമായി തേജോവധം ചെയ്യാനും ചിലര്‍ തയാറായി. താന്‍ അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. ഇതെല്ലാം പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ദൈവാനുഗ്രഹത്താല്‍ അത്തരം എതിര്‍പ്പുകള്‍ അതിജീവിച്ചു മുന്നേറാനായി. കൂടുതല്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് അതെല്ലാം പ്രചോദനവുമായി.

സര്‍ക്കാരും സമൂഹവും വിവിധ മേഖലകളില്‍ എന്തെല്ലാം നേട്ടങ്ങള്‍ സ്വന്തമാക്കിയാലും മദ്യത്തിന്റെ വ്യാപനം അതെല്ലാം നിഷ്ഫലമാക്കും. മദ്യവിപത്തു മുന്‍കാലങ്ങളെക്കാള്‍ വര്‍ധിച്ച സാഹചര്യമാണുള്ളത്. നമ്മുടെ രാഷ്ട്രീയ സമൂഹം ലഹരിയുടെ അപകടങ്ങളെക്കുറിച്ചു പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടില്ല. അധികാര രാഷ്ട്രീയത്തിനു പിന്നാലെ പോകുമ്പോള്‍ ജനസേവനം മറക്കുന്നു.

കെ. കരുണാകരനും എ.കെ. ആന്റണിയും മദ്യവിപത്തിനെതിരെ ശക്തമായ നിലപാടെടുത്തു. മദ്യത്തിന്റെ ലഭ്യത ക്രമേണ ഇല്ലാതാക്കാനുള്ള നയവുമായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു തര്‍ക്കത്തിനും വിവാദത്തിനും പ്രസക്തിയില്ല. മദ്യനിരോധനം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടാണ്.


സ്വാതന്ത്യ്രലബ്ധിക്കുശേഷം മദ്യനിരോധനത്തെക്കുറിച്ചു വ്യാപകമായ ചര്‍ച്ച രൂപപ്പെട്ടത് നേട്ടമാണ്. 418 ബാറുകള്‍ അടച്ചശേഷം കുറ്റകൃത്യങ്ങളും ഗാര്‍ഹികപീഡനങ്ങളും കുറഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി തന്നെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടുണ്ട്. ബിയര്‍ വില്പനയില്‍ 46 ലക്ഷം ലിറ്ററും മറ്റു മദ്യങ്ങളുടെ വില്പനയില്‍ 12 ലക്ഷം ലിറ്ററും കുറവുണ്ടായി. മദ്യവിരുദ്ധപ്രവര്‍ത്തകര്‍ക്ക് ഇന്ന് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും മദ്യത്തിനെതിരെ ഇനിയും ശക്തമായ നിലപാടു സ്വീകരിക്കും.

സ്വന്തം നേട്ടങ്ങള്‍ പരിഗണിക്കാതെ സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ച ഷെവലിയര്‍ കെ.ജെ. ബര്‍ലിയുടെ ജീവിതം പുതിയ തലമുറയ്ക്കു പാഠമാണെന്നും സുധീരന്‍ പറഞ്ഞു.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കലാണു സമ്മേളനം ഉദ്ഘാടനം ചെയ്ത് പുരസ്കാരം സമര്‍പ്പിച്ചത്. കെഎല്‍സിഎ പ്രസിഡന്റ് ഷാജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, വരാപ്പുഴ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസ് പടിയാരംപറമ്പില്‍, കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ്, സെക്രട്ടറി അഡ്വ. എം. വിന്‍സന്റ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഫാ. ജോയി ചക്കാലയ്ക്കല്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി നെല്‍സണ്‍ കോച്ചേരി, ട്രഷറര്‍ രതീഷ് ആന്റണി, തോമസ് ബര്‍ലി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.