കേരളം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക്: വി.എം. സുധീരന്‍
കേരളം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക്: വി.എം. സുധീരന്‍
Thursday, August 21, 2014 12:12 AM IST
കൊച്ചി: സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കാണു കേരളം നീങ്ങുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ രാജീവ്ഗാന്ധി സദ്ഭാവനാദിനാചരണവും എന്‍എസ്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോജി എം. ജോണിനു നല്കിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എത്രയും വേഗം സമ്പൂര്‍ണ മദ്യനിരോധനത്തിലേക്കു കേരളം നീങ്ങണം. കേരളത്തില്‍ ലഹരിവിരുദ്ധ അന്തരീക്ഷം ശക്തിപ്പെടുകയാണ്. സമകാലികമായി വന്ന ചര്‍ച്ചകളും മറ്റും അനുകൂല സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതു സര്‍ക്കാര്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തണം. സ്വാതന്ത്യ്രത്തിനുശേഷം ലഹരിക്കെതിരേ ഇത്രയേറെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുവന്നത് ഈ കാലഘട്ടത്തിലാണ്. ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

418 ബാറുകള്‍ അടച്ചപ്പോള്‍ കേരളത്തില്‍ കുറ്റകൃത്യങ്ങളും അപകടങ്ങളുമൊക്കെ കുറഞ്ഞു. കുടുംബങ്ങളില്‍ സമാധാന അന്തരീക്ഷമുണ്ടായി. സമ്പൂര്‍ണ മദ്യനിരോധനം രാഷ്ട്രീയസമൂഹം സാര്‍വത്രികമായി അംഗീകരിക്കുന്ന ഒന്നാണ്. ഭരണകൂടം എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയാലും മദ്യവും മയക്കുമ രുന്നും മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ അതിന്റെ തിളക്കം കെടുത്തും. ജനങ്ങളുടെ പങ്കാളിത്തത്തോടെ മദ്യവര്‍ജനം ഒരു മഹാപ്രസ്ഥാന മായി മുന്നോട്ടു കൊണ്ടുപോകണം. മദ്യത്തിനെതിരേ ശക്തമായി അണിനിരക്കണം.

വിദ്യാര്‍ഥികളുടെ ഇടയില്‍ മദ്യത്തിന്റെ സ്വാധീനം ഗൌരവമായി കാണണം. ഈ വിപത്തില്‍നിന്നു പുതിയ തലമുറയെ സംരക്ഷിക്കാന്‍ പുതുതായി ഒരാള്‍പോലും ഇതില്‍ ചെന്നുപെടാതിരിക്കണം. അതിനു കുട്ടിക്കാലം മുതല്‍ തന്നെ അവ ബോധം സൃഷ്ടിക്കണം. സര്‍ക്കാര്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്െട ങ്കിലും അനൌപചാരികമായി വിദ്യാര്‍ഥിപ്രസ്ഥാനങ്ങളും ഇതിനായി മുന്നിട്ടിറങ്ങണം. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കു വഹിക്കാന്‍ സാധിക്കും. ദേശീയതലത്തില്‍തന്നെ ഇതൊരു കര്‍മപദ്ധതിയായി മാറ്റിയെടുക്കാന്‍ എന്‍എസ്യുവിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റോജി എം. ജോണിനു സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.


കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ഭരണപരമായ അസ്വാരസ്യങ്ങളാണ് അരങ്ങേറുന്നത്. യൂണിവേഴ്സിറ്റികളില്‍ വിവാദങ്ങള്‍ മാത്രമാണു നടക്കുന്നത്. ഇതില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ ഇടപെടണമെന്നും സുധീരന്‍ നിര്‍ദേശിച്ചു. ലോകജനത ഏറെ ശ്രദ്ധിച്ച വ്യക്തിത്വമായിരുന്നു രാജീവ്ഗാന്ധിയുടേത്. രാഷ്ട്രീയ-ഭരണ-സാമൂഹ്യഘടനയില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹവുമായി നേരിട്ട് ഇടപെടാന്‍ സാധിച്ചതു തനിക്കിപ്പോഴും ഹൃദ്യമായ അനുഭവങ്ങളാണെന്നും സുധീരന്‍ പറഞ്ഞു. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് വി.ജെ. പൌലോസ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, കെ.എം.ഐ. മേത്തര്‍, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, വത്സല പ്രസന്നകുമാര്‍, ലിനോ ജേക്കബ്, ടി.ജെ. വിനോദ്, എന്‍എസ്യു പ്രസിഡന്റ് റോജി എം.ജോണ്‍, കെഎസ്യു പ്രസിഡന്റ് വി.എസ്. ജോയ്, ടിറ്റോ ആന്റണി, എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.