മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്കുമേലും തമിഴ്നാട് മേല്‍ക്കോയ്മ
മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിക്കുമേലും തമിഴ്നാട് മേല്‍ക്കോയ്മ
Wednesday, August 20, 2014 11:51 PM IST
പ്രസാദ് സ്രാമ്പിക്കല്‍

കുമളി: എല്ലാക്കാലത്തെയുംപോലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടവുമായി തമിഴ്നാട് വീണ്ടുമെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രീംകോടതി അധികാരപ്പെടുത്തിയ മേല്‍നോട്ട സമിതി ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ചപ്പോഴാണു മേല്‍നോട്ടസമിതിയെപ്പോലും കവച്ചുവയ്ക്കുന്ന തീരുമാനവുമായി തമിഴ്നാട് രംഗത്തെത്തിയത്.

അണക്കെട്ട് സന്ദര്‍ശനത്തിനുശേഷം അണക്കെട്ടിനു സമീപമുള്ള തമിഴ്നാടിന്റെ ഐബിയില്‍ മേല്‍നോട്ടസമിതിയുടെ യോഗം ചേരാന്‍ തമിഴ്നാട് ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. കേരളമാകട്ടെ, തേക്കടിയിലെ കെടിഡിസിയുടെ പെരിയാര്‍ ഹോട്ടലാണു യോഗസ്ഥലമായി നിശ്ചയിച്ചിരുന്നത്. തമിഴ്നാടുമായും മേല്‍നോട്ടസമിതിയുമായും ആലോചിച്ചായിരുന്നു കേരളത്തിന്റെ തീരുമാനം.

യാത്രാസൌകര്യം കണക്കിലെടുത്തു കുമളിയില്‍ കേരളം മേല്‍നോട്ടസമിതിക്കായി ഓഫീസും നിശ്ചയിച്ചിരുന്നു. യോഗസ്ഥലം മാറ്റുകവഴി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേലുള്ള തമിഴ്നാടിന്റെ അധീശത്വം ഒരിക്കല്‍കൂടി വെളിവാക്കുകയായിരുന്നു തന്ത്രം.

അണക്കെട്ടിലെ തമിഴ്നാടിന്റെ ഐബിയില്‍ യോഗം നടത്താനായി മേശയും ഭക്ഷണസാധനങ്ങളും തമിഴ്നാട് ക്രമീകരിച്ചിരുന്നു. യോഗസ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് സമിതിയിലെ കേരള പ്രതിനിധി വി.ജെ. കുര്യന്‍ അണക്കെട്ടിലേക്കു വന്നില്ല. സീപ്പേജ് വാട്ടര്‍ അളന്നുതിട്ടപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നതിനു കഴിഞ്ഞതവണ കുമളിയില്‍നടന്ന മേല്‍നോട്ടസമിതിയുടെ യോഗം തീരുമാനിച്ചിരുന്നു.


സീപ്പേജ് വാട്ടര്‍ അളക്കുന്നത് എല്ലാക്കാലത്തും തമിഴ്നാട് എതിര്‍ത്തിരുന്നു. കേരളത്തെ അലോസരപ്പെടുത്തി മേല്‍നോട്ടസമിതി സീപ്പേജ് വാട്ടര്‍ അളക്കല്‍ അടക്കമുള്ള തീരുമാനങ്ങള്‍ താമസിപ്പിക്കുകയായിരുന്നു തമിഴ്നാട് ലക്ഷ്യമിട്ടത്. സമിതി ചെയര്‍മാന്‍ ഐ.എ.ബി. നാഥനും തമിഴ്നാട് പ്രതിനിധി സായ്കുമാറുമാണ് അണക്കെട്ടിലെത്തിയത്. തമിഴ്നാട് ഉദ്യോഗസ്ഥരുടെ ഒരു പടതന്നെ ഇവരോടൊപ്പമുണ്ടായിരുന്നു.

എല്ലാക്കാലത്തും സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ധസംഘം ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ എത്തുമ്പോഴെല്ലാം പ്രവര്‍ത്തിച്ചതുപോലെതന്നെയാണ് അധീശത്വം തെളിയിച്ച് തമിഴ്നാട് ഇക്കുറിയും പ്രവര്‍ത്തിച്ചത്. തേക്കടിയിലെ പെരിയാര്‍ഹൌസ് ഹോട്ടലില്‍ നടന്ന മേല്‍നോട്ടസമിതിയുടെ യോഗത്തില്‍ മേല്‍നോട്ടസമിതിയെ സഹായിക്കാനുള്ള അഞ്ചംഗ ഉപസമിതിയുടെ പ്രവര്‍ത്തനം സെപ്റ്റംബര്‍ ഒന്നിനു തുടങ്ങാനും തീരുമാനിച്ചു. ആഴ്ചയിലൊരിക്കല്‍ ഈ ഉപസമിതി മേല്‍നോട്ട സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. ജലനിരപ്പ്, സീപ്പേജ് വാട്ടര്‍ തുടങ്ങി എല്ലാവിധ കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടും. മേല്‍നോട്ടസമിതിയുടെ കുമളിയിലെ ഓഫീസ് സെപ്റ്റംബര്‍ ഒന്നിനു തുറക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.