മോണോ റെയില്‍: മൂന്നാമതും ടെന്‍ഡര്‍ വിളിച്ചേക്കും
മോണോ റെയില്‍: മൂന്നാമതും ടെന്‍ഡര്‍ വിളിച്ചേക്കും
Wednesday, August 20, 2014 12:07 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ന ടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മോ ണോ റെയില്‍ പദ്ധതിക്കു മൂന്നാമതും ടെന്‍ഡര്‍ വിളിച്ചേക്കും. അമേരിക്കന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം മാത്രമാണു രണ്ടാമത്തെ ടെന്‍ഡറില്‍ പങ്കെടുത്തത്.

ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യത്തിന്റെ സാമ്പത്തിക ബിഡ് കഴിഞ്ഞയാഴ്ച തുറന്നിരുന്നു. ബിഡില്‍ അവര്‍ ക്വോട്ട് ചെയ്തിരിക്കുന്ന തുക അധികമാണെന്നാണു വിലയിരുത്തപ്പെടുന്നത്. അതേസമയം, ജപ്പാന്‍ കമ്പനിയായ ഹിറ്റാച്ചിയും ടെന്‍ഡറില്‍ പങ്കെടുക്കുന്നതിനു താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഴയ ടെന്‍ഡര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിച്ചേക്കും.

മോണോ റെയില്‍ പദ്ധതിക്കു വേണ്ടി രണ്ടാം തവണയാണു ടെന്‍ഡര്‍ വിളിച്ചത്. ടെന്‍ഡര്‍ സമര്‍പ്പിച്ച ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം മാത്രമായിരുന്നു ഈ ടെന്‍ഡറില്‍ പങ്കെടുത്തത്. ഏഴു മാസത്തെ ടെന്‍ഡര്‍ നടപടികള്‍ക്കൊടുവില്‍ ലഭിച്ച ടെന്‍ഡര്‍ റദ്ദാക്കി പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള തീരുമാനം പദ്ധതി അനിശ്ചിതമായി വൈകാന്‍ ഇടയാക്കിയേക്കും. എന്നാല്‍, സാമ്പത്തിക ബിഡില്‍ ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം മുന്നോട്ടുവച്ച തുക അധികമാണെന്നു ചൂണ്ടിക്കാട്ടി ടെന്‍ഡര്‍ തള്ളാനുള്ള അധികാരം കേരള മോണോറെയില്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡിനുണ്ട്. അങ്ങനെയെങ്കില്‍ രണ്ടാമത്തെ ടെന്‍ഡര്‍ റദ്ദാക്കി 45 ദിവസം കൊണ്ട് പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയേക്കും.

ജപ്പാന്‍ കമ്പനിയായ ഹിറ്റാച്ചിയെക്കൂടി പങ്കെടുപ്പിച്ച് വീണ്ടും ടെന്‍ഡര്‍ വിളിക്കണമെന്ന അഭിപ്രായമാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. ഹിറ്റാച്ചി കൂടി പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ മത്സരമുണ്ടാകുമെന്നും ഇത് പദ്ധതിയുടെ ചെലവു കുറയ്ക്കാന്‍ സഹായകമാകുമെന്നുമാണു സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

ഇതുമായി ബന്ധപ്പെട്ട് ആദ്യം ചേര്‍ന്ന പ്രീബിഡ് യോഗത്തില്‍ ഹിറ്റാച്ചി പങ്കെടുത്തിരുന്നെങ്കിലും പിന്നീടു നടന്ന രണ്ടു ടെന്‍ഡറുകളിലും പങ്കെടുത്തില്ല. ടെന്‍ഡര്‍ കാലാവധി അവസാനിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഹിറ്റാച്ചി അധികൃതര്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സിയെ സമീപിച്ചിരുന്നു. എന്നാല്‍, ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം നീട്ടി നല്‍കാനാകില്ലെന്ന നിലപാടാണു ഡിഎംആര്‍സി സ്വീകരിച്ചത്. പിന്നീട്, ഡിഎംആര്‍സി അധികൃതരുമായും സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായും ബന്ധപ്പെട്ടു ഹിറ്റാച്ചി പദ്ധതിയില്‍ പങ്കാളികളാകാനുള്ള താത്പര്യം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മോണോ റെയില്‍ ബോര്‍ഡ് യോഗത്തിലും ഹിറ്റാച്ചിയുടെ പങ്കാളിത്തം സജീവ ചര്‍ച്ചയായി.


ഒരു കമ്പനി മാത്രം പങ്കെടുത്ത ടെന്‍ഡറിന് അംഗീകാരം നല്‍കിയാല്‍ പിന്നീട് ലാവ്ലിന്‍ മാതൃകയില്‍ വിവാദമുണ്ടായേക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. സാങ്കേതിക ബിഡ് അംഗീകരിച്ച സാഹചര്യത്തില്‍ ഫിനാന്‍ഷ്യല്‍ ബിഡ് കൂടി പരിശോധിച്ച് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാന്‍ നേരത്തേ ബോര്‍ഡ് യോഗത്തില്‍ അനൌദ്യോഗികമായി തീരുമാനിച്ചിരുന്നതായാണു വിവരം.

രണ്ട് ബിഡും തുറന്നില്ലെങ്കില്‍ ബൊംബാര്‍ഡിയര്‍ കണ്‍സോര്‍ഷ്യം നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സാമ്പത്തിക ബിഡ് തുറക്കാന്‍ യോഗം അനുമതി നല്‍കിയത്. ഡല്‍ഹിയില്‍ മോണോ റെയില്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായ ഡിഎംആര്‍സിയുടെ നേതൃത്വത്തിലാണ് സാമ്പത്തിക ബിഡ് തുറന്നത്.

ഇപ്പോഴത്തെ ടെന്‍ഡറും തള്ളുകയാണെങ്കില്‍ പദ്ധതി പ്രായോഗികമാണോ എന്ന സംശയം ബലപ്പെടുമെന്ന അവസ്ഥയാണു നിലവിലുള്ളത്. കടുത്ത സാമ്പത്തികപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്ത് 5900 കോടിയോളം രൂപയുടെ പദ്ധതി നടപ്പാക്കുന്നതിന്റെ പ്രായോഗികത മുമ്പു തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.