മുഖപ്രസംഗം: പാക്കിസ്ഥാനു മോദിയുടെ കടുത്ത സന്ദേശം
Wednesday, August 20, 2014 10:57 PM IST
ഇന്ത്യ-പാക് ബന്ധത്തില്‍ മേയ് അവസാനം ആരംഭിച്ച പ്രതീക്ഷാനിര്‍ഭരമായ ഒരധ്യായത്തിനു തിരശീല വീണു. വിഘടനവാദി നേതാവുമായി പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്താനിരുന്ന ഇന്ത്യ-പാക് ചര്‍ച്ച റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു മറ്റ് അയല്‍രാജ്യ നേതാക്കള്‍ക്കൊപ്പം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ വിളിക്കുകയും അദ്ദേഹം വരികയും ചെയ്തിരുന്നു. സത്യപ്രതിജ്ഞയുടെ പിറ്റേദിവസം മോദിയും ഷരീഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. 2011-ല്‍ മുംബൈ തീവ്രവാദി ആക്രമണത്തെത്തുടര്‍ന്നു നിര്‍ത്തിവച്ചതായിരുന്നു ഈ ചര്‍ച്ചകള്‍.

മേയ് അവസാനമുണ്ടായ ഈ തീരുമാനം പരക്കെ വലിയ പ്രതീക്ഷ ഉളവാക്കിയതാണ്. മോദി പാക്കിസ്ഥാനോടു വളരെ കര്‍ക്കശമായി ഇടപെടുമെന്ന ധാരണ തിരുത്തുകയാണെന്നു കരുതപ്പെട്ടു. ചര്‍ച്ചകള്‍ പെട്ടെന്നു പ്രശ്നപരിഹാരം ഉണ്ടാക്കുകയില്ലെങ്കിലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഇത്തരമൊരു ശ്രമം അട്ടിമറിക്കാന്‍ പാക്കിസ്ഥാനില്‍നിന്നു നീക്കം ഉണ്ടാകുമെന്ന ആശങ്കയും എല്ലാവര്‍ക്കും ഉണ്ടായിരുന്നു. സംഘര്‍ഷ ലഘൂകരണം പാക് സേനയ്ക്കോ ചാരസംഘടനയായ ഐഎസ്ഐക്കോ ഇഷ്ടമല്ല. നവാസ് ഷരീഫിനെ ഏതുവിധേനയും അധികാരത്തില്‍നിന്നു ചാടിക്കാനായി തെരുവുപ്രക്ഷോഭം നടത്തിവരുന്ന ഇമ്രാന്‍ ഖാന്‍, തഹീര്‍-ഉള്‍-ഖാദ്രി തുടങ്ങിയ രാഷ്ട്രീയനേതാക്കളും സംഘര്‍ഷം കുറഞ്ഞ അയല്‍ബന്ധത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നത് ഇഷ്ടപ്പെടുന്നില്ല. ചര്‍ച്ചയുടെ തീയതി അടുത്തുവരുംതോറും അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളും മറ്റു പ്രകോപനങ്ങളും കൂടിവന്നത് അതിനു തെളിവാണ്.

സ്വന്തം രാജ്യത്തു രാഷ്ട്രീയമായി ദുര്‍ബലനാണു പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നതു വസ്തുതയാണ്. ഷരീഫുമായി നടത്തുന്ന ചര്‍ച്ചയോ ഉണ്ടാക്കുന്ന ധാരണയോ വേണ്ടത്ര വിലയുള്ളതാകില്ല എന്നും മനസിലാക്കാം. ഒരുപക്ഷേ, ഈ നിരര്‍ഥകതയാകാം ചര്‍ച്ച വേണ്െടന്നുവയ്ക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. സെക്രട്ടറിതല ചര്‍ച്ചയ്ക്കു മുമ്പ് കാഷ്മീരിലെ വിഘടനവാദികളെ പാക് ഹൈക്കമ്മീഷണര്‍ ചര്‍ച്ചയ്ക്കു വിളിച്ചു എന്നതു മാത്രമാകില്ല ഇന്ത്യയുടെ തീരുമാനത്തിനു നിദാനം എന്നു വേണം കരുതാന്‍. മുമ്പും ഇന്ത്യ-പാക് ഉച്ചകോടികള്‍ക്കു തൊട്ടുമുമ്പു വിഘടനവാദികള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നതാണ്. 2001-ല്‍ എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ആഗ്രയിലെ ഉച്ചകോടിക്കു വന്ന പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഡല്‍ഹിയില്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയിരുന്നു. മറ്റവസരങ്ങളിലും ഇന്ത്യയില്‍ വരുന്ന പാക് നേതാക്കള്‍ വിഘടനവാദികളെ കണ്ടിരുന്നു. ഈ പശ്ചാത്തലത്തില്‍, ചര്‍ച്ച റദ്ദാക്കാനുള്ള തീരുമാനം പാക്കിസ്ഥാനോടുള്ള നയത്തിലെ അപ്രതീക്ഷിത മാറ്റമായേ കാണാനാവൂ.


ഇത്തരം നയംമാറ്റങ്ങള്‍ നയതന്ത്രതലത്തില്‍, പ്രത്യേകിച്ചും ഇന്ത്യ-പാക് ബന്ധം പോലെ സങ്കീര്‍ണമായ പ്രശ്നത്തില്‍, നല്ലതല്ലെന്നു പരക്കെ അഭിപ്രായമുണ്ടാകാം. വ്യക്തമായ നയമില്ലാതെയാണു ഗവണ്‍മെന്റ് ഇന്ത്യ-പാക് വിഷയത്തെ സമീപിച്ചതെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞിട്ടുണ്ട്. അയല്‍ബന്ധത്തേക്കാള്‍ ജമ്മു-കാഷ്മീരില്‍ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണു ഗവണ്‍മെന്റ് കണ്ണു വച്ചിരിക്കുന്നതെന്നു ചിലരെങ്കിലും ഇപ്പോള്‍ത്തന്നെ ആരോപണമുന്നയിച്ചിട്ടുമുണ്ട്. കക്ഷിരാഷ്ട്രീയ താത്പര്യം വിദേശബന്ധങ്ങളെയും നയങ്ങളെയും സ്വാധീനിക്കുന്നതിന്റെ ദൂഷ്യം കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ രാജ്യം അനുഭവിച്ചതാണ്. പ്രധാനമന്ത്രി മോദി അതില്‍നിന്നു പാഠം ഉള്‍ക്കൊണ്ടുതന്നെ പ്രവര്‍ത്തിക്കുമെന്നാണു രാജ്യം പ്രതീക്ഷിക്കുന്നത്, ആഗ്രഹിക്കുന്നത്.

കാഷ്മീര്‍ അടക്കം ഇന്ത്യ-പാക് ബന്ധത്തെ ഉലയ്ക്കുന്ന വിഷയങ്ങളില്‍ ഉടനടിയൊരു തീരുമാനമോ പരിഹാരമോ യാഥാര്‍ഥ്യബോധമുള്ളവര്‍ പ്രതീക്ഷിക്കില്ല. എന്നാല്‍, തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍തന്നെ സംഘര്‍ഷങ്ങളില്ലാത്ത അതിര്‍ത്തിയും ന്യായമായ വാണിജ്യസഹകരണവും തുടരാന്‍ സാധിക്കും, സാധിക്കണം. അതാണു മുന്‍കാലത്തും ഇന്ത്യ ലക്ഷ്യമിട്ടിട്ടുള്ളത്. ആ ദിശയില്‍ ഗണ്യമായ പുരോഗതി പലപ്പോഴും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍, പാക്കിസ്ഥാന്റെ താത്പര്യങ്ങളെത്തന്നെ ഹനിച്ചുകൊണ്ട് ആ രാജ്യത്തുനിന്നുള്ള ചില ശക്തികള്‍ ആ നേട്ടങ്ങള്‍ ഇല്ലാതാക്കാന്‍ ഭീകരാക്രമണങ്ങളും മറ്റും നടത്തുന്നതു പതിവായിരിക്കുന്നു. ഈ ദുരവസ്ഥയ്ക്കു മാറ്റമുണ്ടാകാന്‍ പാക്കിസ്ഥാനിലെ ഭരണകൂടവും മറ്റു സ്വാധീനവിഭാഗങ്ങളുമാണു ശ്രമിക്കേണ്ടത്.

ഇപ്പോള്‍ ചര്‍ച്ചകള്‍ റദ്ദായതു പാക്കിസ്ഥാനിലെ ഇന്ത്യാവിരുദ്ധ ശക്തികള്‍ പ്രചാരണായുധമാക്കുമോ എന്ന ആശങ്കയും അസ്ഥാനത്തല്ല. അതിലേക്കു വഴിതെളിക്കാതെ അയല്‍ബന്ധത്തില്‍ ശുഭകരമായ നീക്കങ്ങള്‍ക്ക് ഇരു രാജ്യവും താമസംവിനാ മുന്നോട്ടു വരണമെന്നാണ് സമാധാനകാംക്ഷികളായ ഏവരും ആഗ്രഹിക്കുക. ഏതായാലും ഭീകരരെയും വിഘടനവാദികളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചാലേ അതു നടക്കൂ എന്ന ശക്തമായ സന്ദേശം തന്നെയാണു പ്രധാനമന്ത്രി മോദി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.