പി.ടി. ചാക്കോ നിഷ്പക്ഷമതിയും പ്രഗത്ഭനും: എം.പി. ഗോവിന്ദന്‍നായര്‍
പി.ടി. ചാക്കോ നിഷ്പക്ഷമതിയും പ്രഗത്ഭനും: എം.പി. ഗോവിന്ദന്‍നായര്‍
Friday, August 1, 2014 11:51 PM IST
വാഴൂര്‍: പി.ടി. ചാക്കോ നിഷ്പക്ഷമതിയും അതിപ്രഗത്ഭനുമായിരുന്നെന്നു ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍. ഭൂപരിഷ്കരണം ഉള്‍പ്പെടെ നിരവധി നിയമ നിര്‍മാണങ്ങള്‍ അവതരിപ്പിച്ചു പാസാക്കിയ പി.ടി. ചാക്കോ ഒരു മികച്ച പാര്‍ലമെന്റേറിയന്‍കൂടിയായിരുന്നു. പി.ടി. ചാക്കോയുടെ അമ്പതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ജന്മനാടായ വാഴൂര്‍ ഇളങ്ങോയി പള്ളി അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലീന രാഷ്ട്രീയത്തില്‍ ആര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന വ്യത്യസ്ഥ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്നും ഭരണകാര്യം കഴിഞ്ഞ ശേഷം മാത്രം വീട്ടുകാര്യങ്ങള്‍ പരിഗണിച്ചിരുന്ന അദ്ദേഹം സത്യസന്ധത നിറഞ്ഞ പ്രബലനായ നേതാവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പി.ടി ചാക്കോയെ അടക്കം ചെയ്തിരിക്കുന്ന ഇളങ്ങോയി ഹോളിക്രോസ് പള്ളിയില്‍ നടന്ന വിശുദ്ധകുര്‍ബാനയ്ക്കും മറ്റു തിരുക്കര്‍മങ്ങള്‍ക്കും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മിത്വം വഹിച്ചു. അനുസ്മരണ സമ്മേളനത്തില്‍ മുന്‍ എംഎല്‍എമാരായ കെ.ജെ. തോമസ്, കെ.വി കുര്യന്‍, എംജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സിലര്‍ എ.ടി. ദേവസ്യ, ഫാ. സണ്ണി മണിയാക്കുപാറ, പി.ജെ. ജോസഫ് കുഞ്ഞ്, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി, അഡ്വ. തോമസ് കുന്നപ്പള്ളി, അഡ്വ. സോണി തോമസ്, പ്രഫ. ബാലു ജി. വെള്ളിക്കര, നിസാര്‍ മൌലവി, എം.കെ. അന്ത്രയോസ്, പി.ടി ചാക്കോയുടെ മകനും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി. തോമസ്, മകള്‍ പ്രഫ. ഫിലോമിനാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.