സപ്ളൈകോ ജീവനക്കാര്‍ 20 മുതല്‍ സമരത്തിലേക്ക്
Friday, August 1, 2014 11:44 PM IST
കൊച്ചി: സപ്ളൈകോ ട്രേഡ് യൂണിയന്‍ സമരസമിതിയുടെ സംയുക്താഭിമുഖ്യത്തില്‍ സപ്ളൈകോ ജീവനക്കാര്‍ ഈ മാസം 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. സപ്ളൈകോയെ നിലനിര്‍ത്താനും തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണ് പണിമുടക്ക് നടത്തുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിനു മുന്നോടിയായി നടക്കുന്ന പ്രചാരണജാഥ ഈ മാസം അഞ്ചിനു കാസര്‍ഗോഡുനിന്ന് ആരംഭിച്ച് 13ന് തിരുവനന്തപുരത്ത് സമാപിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ജാഥ ഉദ്ഘാടനം ചെയ്യും.

താത്ക്കാലിക പാക്കിംഗ് ജീവനക്കാര്‍ക്ക് മിനിമം വേജസ് നല്‍കുക, സബ്സിഡി വര്‍ധിപ്പിക്കുക, ഡപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, പ്രമോഷന്‍-പെന്‍ഷന്‍ പോളിസി ഏര്‍പ്പെടുത്തുക, കോമണ്‍ സര്‍വീസ് റൂള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതേ ആവശ്യമുന്നയിച്ച് 2013 സെപ്റ്റംബര്‍ രണ്ടിന് തൊഴിലാളികള്‍ പണിമുടക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഭക്ഷ്യമന്ത്രിയും ലേബര്‍ കമ്മീഷനും സപ്ളൈകോ മാനേജ്മെന്റും ട്രേഡ് യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് കരാറുണ്ടാക്കി. എന്നാല്‍ കരാര്‍ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.


പത്രസമ്മേളനത്തില്‍ സപ്ളൈകോ ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതി ചെയര്‍മാന്‍ പി.

രാജു, വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍. വിജയകുമാര്‍, കണ്‍വീനര്‍ എന്‍.എ. മണി, ജോയിന്റ് കണ്‍വീനര്‍ സി.കെ. അബൂബക്കര്‍, സെക്രട്ടറി ടി.എ. അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.