വൈദ്യുതി ലൈന്‍ പൊട്ടി വീണു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
വൈദ്യുതി ലൈന്‍ പൊട്ടി വീണു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
Friday, August 1, 2014 10:57 PM IST
കടുത്തുരുത്തി: കെഎസ്ഇബിയുടെ വൈദ്യുതി ലൈന്‍ റെയില്‍വേ ട്രാക്കിനു മുകളിലെ ഹൈ വോള്‍ട്ടേജ് വൈദ്യുതി കമ്പികള്‍ക്കു മുകളിലേക്കു പൊട്ടി വീണു. അപകടത്തെത്തുടര്‍ന്നു റെയില്‍വേയുടെ വൈദ്യുതി കണക്ഷന്‍ കട്ടായതോടെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഇതേത്തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ സമീപത്തെ സ്റേഷനുകളിലായി പിടിച്ചിട്ടു.

ഇന്നലെ രാവിലെ പതിനൊന്നരയോടെ ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റേഷനു സമീപമാണു സംഭവം. അപകടത്തെത്തുടര്‍ന്ന് 30 മിനിറ്റോളം കോട്ടയം-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. റെയില്‍വേ ലൈന് മുകളിലൂടെ കടന്നു പോകുന്ന കോട്ടയം-എറണാകുളം റോഡിലെ മേല്‍പാലത്തില്‍ നിന്നാണു വൈദ്യുതി ലൈന്‍ പൊട്ടി പാലത്തിനടിയിലൂടെ കടന്നു പോകുന്ന റെയില്‍വേയുടെ ഹൈ വോള്‍ട്ടേജ് ലൈനു മുകളില്‍ വീണത്. പാലത്തിന്റെ രണ്ട് വശങ്ങളിലായി സ്ഥിപിച്ചിരുന്ന കെഎസ്ഇബിയുടെ പോസ്റുകളില്‍ ഒന്നിന്റെ ഇന്‍സുലേറ്ററില്‍ നിന്നാണ് ഫേസ് ലൈന്‍ പൊട്ടി വീണത്. അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിനു പോകുകയായിരുന്ന ശബരി എക്സ്പ്രസ് കുറുപ്പന്തറ റെയില്‍വേ സ്റേഷനിലും ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന കേരളാ എക്സപ്രസും ബാംഗളൂരില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള ഐലന്‍ഡ് എക്സ്പ്രസും പിറവം റോഡ് റെയില്‍വേ സ്റേഷനിലും പിടിച്ചിട്ടു.


ലൈന്‍ വീണതിനെത്തുടര്‍ന്നു റെയില്‍വേയുടെ ഈ മേഖലയിലെ ലൈനിലൂടെ കടന്നു പോകൂന്ന വൈദ്യുതി വിതരണം നിലച്ചു. തുടര്‍ന്ന് എറണാകുളത്തു നിന്നു പ്രത്യേക എഞ്ചിനില്‍ സ്ഥലത്തെത്തിയ വിദഗ്ധര്‍ റെയില്‍വേ ലൈനു മുകളില്‍ കിടന്ന കെഎസ്ഇബിയുടെ വൈദ്യുതി ലൈന്‍ മുറിച്ചു നീക്കി. അപകട വിവരമറിഞ്ഞ് കടുത്തുരുത്തി കെഎസ്ഇബി അധികൃതരും പോലീസും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ ട്രാന്‍സ്ഫോമറിലെ ഫ്യൂസ് കെഎസ്ഇബി ജീവനക്കാര്‍ ഊരി മാറ്റി.

പിന്നീട്, റെയില്‍വേ ഉദ്യോഗസ്ഥര്‍ പൊട്ടി വീണ ലെന്‍ മുറിച്ചു നീക്കിയശേഷമാണ് വൈദ്യുതി വിതരണം പുന:സ്ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.