നാലംഗ കുടുംബം ഫ്ളാറ്റില്‍ മരിച്ച നിലയില്‍
നാലംഗ കുടുംബം  ഫ്ളാറ്റില്‍ മരിച്ച നിലയില്‍
Friday, August 1, 2014 10:39 PM IST
കാക്കനാട്: ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികളടക്കം നാലുപേര്‍ വീടിനുള്ളില്‍ വിഷം കഴിച്ചു മരിച്ചനിലയില്‍ കണ്െടത്തി. തൃശൂര്‍ ഒല്ലൂക്കര ഐനിക്കല്‍ ജോണ്‍സന്റെ മകന്‍ സജോ(38), ഭാര്യ ദീപ്തി (30), മക്കളായ അലക്സ്(എട്ട്), ആല്‍ഫ്രഡ് (എട്ട്) എന്നിവരാണു മരിച്ചത്. സംഭവം നടന്നതു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണെങ്കിലും മറ്റുള്ളവര്‍ അറിയുന്നതു ബുധനാഴ്ച രാത്രിയിലാണ്. സജോ കിടപ്പുമുറിയില്‍ കട്ടിലിലും മക്കള്‍ രണ്ടും തൊട്ടടുത്തുള്ള മറ്റൊരു മുറിയിലെ കട്ടിലിലും ദീപ്തി ബാത്ത് റൂമിലുമാണു മരിച്ചുകിടന്നത്. ദീപ്തി കിടന്ന ഭാഗത്തു രക്തം ഉണ്ടായിരുന്നു. വിഷം കഴിച്ചോ അതുപോലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ ഉള്ളില്‍ച്ചെന്നോ ആകാം മരണം സംഭവിച്ചതെന്നു പോലീ സ് സംശയിക്കുന്നു. ഫോറന്‍സിക് പരിശോധനയ്ക്കുശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനി പറഞ്ഞു.

ഇന്‍ഷ്വറന്‍സ് കമ്പനികളി ലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന സജോയ്ക്കു ഷെയര്‍ ബ്രോക്കറിംഗ് ബിസിനസുമുണ്ടായിരുന്നു. ദീപ്തി കാക്കനാട് ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയാണ്. കുട്ടികള്‍ ചെമ്പുമുക്ക് അസീസി സ്കൂളില്‍ മൂന്നാം ക്ളാസില്‍ പഠിക്കുന്നു. ഇരിങ്ങാലക്കുട മാളിയേക്കല്‍ അഡ്വ. ആന്റണിയുടെ മകളാണു ദീപ്തി.

മൂന്നുവര്‍ഷമായി ഇവര്‍ ചെമ്പുമുക്കിലെ ട്രാന്‍ക്വില്‍ ഫ്ളാറ്റില്‍ വാടകയ്ക്കു താമസിക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടില്ലെന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. കഴിഞ്ഞ ആഴ്ച കുടുംബവുമായി തേക്കടിയില്‍ പോയി രണ്ടുദിവസം കഴിഞ്ഞാണു തിരിച്ചെത്തിയത്. വളരെ സന്തോഷവാനായിരുന്ന സജോ ഏതാനും ദിവസം മുമ്പു വളരെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നു സുഹൃത്തുക്കള്‍ പറഞ്ഞു. വളരെയധികം സുഹൃദ്വലയമുള്ള സജോ അസീസി സ്കൂള്‍ ഗ്രൌണ്ടിലെ ക്രിക്കറ്റ് കളിയുടെ പ്രധാന സംഘാടകനായിരുന്നു. ക്രിക്കറ്റ് കളിയുടെ നേതൃത്വത്തില്‍നിന്നു താന്‍ മാറുകയാണെന്നു പറഞ്ഞതായും സുഹൃത്തുക്കളില്‍ ഒരാള്‍ പറഞ്ഞു.


ചൊവ്വാഴ്ച ഉച്ചമുതല്‍ സജോയുടെ ഫോണ്‍ ഓഫായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞു സുഹൃത്തുക്കള്‍ ഫ്ളാറ്റില്‍ എത്തിയപ്പോള്‍ അന്നത്തെ ന്യൂസ് പേപ്പറുകള്‍ വീടിനു വെളിയില്‍ കിടക്കുന്നതായും വീട് അകത്തുനിന്നും പൂട്ടിയിട്ടിരിക്കുന്നതായും കണ്ടു. തൃക്കാക്കര പോലീസില്‍ വിവരം അറിയിച്ചു. പോലീസും സജോയുടെ സുഹൃത്തുക്കളും ചേര്‍ന്നു ഫ്ളാറ്റ് ഉടമയെ വിളിച്ചുവരുത്തി ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു തുറക്കാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നതിനാല്‍ കഴിഞ്ഞില്ല. വാതില്‍ വെട്ടിപ്പൊളിച്ചാണു പോലീസ് അകത്തുകടന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.