വ്യാജലോട്ടറി വിറ്റ ദമ്പതികള്‍ അറസ്റില്‍
വ്യാജലോട്ടറി വിറ്റ ദമ്പതികള്‍ അറസ്റില്‍
Thursday, July 31, 2014 11:47 PM IST
ചെങ്ങന്നൂര്‍: വ്യാജലോട്ടറി വില്പന നടത്തിയ ദമ്പതികള്‍ അറസ്റില്‍. ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ് ലക്കി സെന്റര്‍ ഉടമയും പാലക്കാട് സ്വദേശിയുമായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തിട്ടമേല്‍ എസ്.എസ് സുന്ദരം (53) ഭാര്യ ശെല്‍വി (47) എന്നിവരെയാണു ചെങ്ങന്നൂര്‍ എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടര്‍ന്നു ലക്കിസെന്ററില്‍ നടത്തിയ റെയ്ഡിനെത്തുടര്‍ന്നായിരുന്നു അറസ്റ്. ഇവിടെ നിന്നും 31,800 രൂപയും ആയിരത്തോളം നമ്പരുകള്‍ എഴുതിയിരുന്ന വെള്ള പേപ്പറുകളും ഡയറിയും മൂന്നു മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

ഏജന്‍സി കേന്ദ്രീകരിച്ച് ആളുകളില്‍നിന്നു മൂന്നക്ക നമ്പരുകള്‍ എഴുതി പണം വാങ്ങുന്നെന്നുവെന്നായിരുന്നു രഹസ്യ വിവരം. പേപ്പറില്‍ നമ്പരെഴുതുന്ന ലോട്ടറി ആവശ്യപ്പെട്ടെത്തുന്നവരില്‍നിന്നും 50 രൂപ വാങ്ങിയശേഷം ഇവര്‍ പറയുന്ന നമ്പരുകള്‍ ഡയറിയില്‍ കുറിച്ച് വയ്ക്കുകയാണു പതിവ്. കേരള ലോട്ടറിയുടെ നറുക്കെടുപ്പിലെ നമ്പരുകള്‍ അനുസരിച്ചാണ് സമ്മാനങ്ങള്‍ നല്‍കുന്നത്. കേരള ലോട്ടറിയില്‍ അതത് ദിവസം നറുക്കെടുക്കുന്ന നമ്പരുകള്‍ ഡയറിയില്‍ എഴുതിയിട്ടുള്ള മൂന്നക്ക നമ്പരുകളില്‍ ഉള്‍പ്പെട്ടിട്ടുണ്െടങ്കില്‍ ഒരു നമ്പറിന് 5,000 രൂപയും 50 രൂപയുടെ ലോട്ടറിക്ക് 25,000 രൂപയുമാണ് നല്‍കുന്നത്. സമ്മാനം ലഭിക്കുന്നവര്‍ക്ക് നേരിട്ട് ഈ കടയില്‍നിന്നു തന്നെയാണു പണം നല്‍കി കൊണ്ടിരുന്നത്. ഓണ്‍ലൈനില്‍ എത്തുന്ന അന്യസംസ്ഥാന, കേരള ലോട്ടറികളുടെ ഫലങ്ങളില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ പണം തട്ടിയെടുക്കുന്നത്. ഒരു ദിവസം ലക്ഷക്കണക്കിന് രൂപ കച്ചവടം നടക്കുമ്പോള്‍ ഒരാള്‍ക്കു മാത്രമാണ് കാല്‍ ലക്ഷം രൂപ സമ്മാനം നല്‍കേണ്ടി വരുന്നത്. ബാക്കി പണം കടയുടമയും സംഘവും വീതിച്ചെടുക്കുകയാണു പതിവ്. ദിനംപ്രതി രണ്ട് ലക്ഷം രൂപയുടെ വ്യാജ ലോട്ടറി ഈ കടയില്‍ നിന്ന് നമ്പരെഴുതി വില്പന നടത്തുന്നതായി പോലീസ് പറയുന്നു.


എറണാകുളം കേന്ദ്രീകരിച്ചുള്ള വന്‍ സംഘം ഇയാള്‍ക്കു പിന്നിലുണ്െടന്നും പോലീസ് പറയുന്നു. റെയ്ഡ് വിവരം അറിഞ്ഞ് ഇയാളുടെ കടയില്‍ സൂക്ഷിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളിലേക്ക് വന്ന ഫോണ്‍ കോളുകള്‍ എറണാകുളം സംഘത്തിന്റേതായിരുന്നു എന്നും സാമ്പത്തിക ഇടപാടുകള്‍ ഇയാളിലൂടെ നടത്തുന്ന ഇവരെക്കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ വ്യാപാരം നടത്തുകയാണ്. വ്യാജലോട്ടറിയിലെ ലാഭം മനസിലാക്കിയാണ് കച്ചവടം തുടങ്ങിയത്. ഇതിലൂടെ ലഭിച്ച പണം കൊണ്ട് വീട് പുതുക്കി പണിയുകയും മക്കളുടെ വിവാഹം നടത്തുകയും പുതിയ ആഡംബര കാര്‍ വാങ്ങുകയും ചെയ്തതായി പറയുന്നു. റെയ്ഡില്‍ എസ്.ഐ അനൂപ് ജോസിനൊപ്പം എ.എസ്.ഐ ഡി.മോഹനന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈലേഷ് കുമാര്‍, രാജേഷ്.റ്റി, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മായമ്മ എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.