സാന്റിയാഗോ മാര്‍ട്ടിനെ ഇനിയും കേരളത്തിനു പുറത്തുതന്നെ നിര്‍ത്തുമെന്നു മുഖ്യമന്ത്രി
Thursday, July 31, 2014 11:45 PM IST
തിരുവനന്തപുരം: അന്യസംസ്ഥാന ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കഴിഞ്ഞ മൂന്നു വര്‍ഷത്തേതു പോലെ തുടര്‍ന്നും കേരളത്തിനു പുറത്തു തന്നെ നിര്‍ത്താനുള്ള നടപടി കൈക്കൊള്ളുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്യ സംസ്ഥാന ലോട്ടറിക്ക് അനുകൂലമായ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ലോട്ടറി നിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാനം ആവശ്യപ്പെടുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

വിധിക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം കേന്ദ്ര നിയമം മാറ്റാനാവശ്യമായ ഭരണപരമായ നടപടികളും കൈക്കൊള്ളും. ലോട്ടറിക്കു മനുഷ്യമുഖം നല്‍കുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അതിന്റെ ഫണ്ട് വലിയതോതില്‍ വിനിയോഗിക്കുകയും വിവാദങ്ങള്‍ക്ക് ഇടകൊടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണു സര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ടത്. തുടര്‍ന്നും ഇത്തരം സമീപനം തന്നെയാകും സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോഴുണ്ടായ വിധി കേന്ദ്രനിയമത്തിലെ സാങ്കേതികവശങ്ങള്‍ പരിശോധിച്ചുള്ളതാണ്. വിധി കൂടുതല്‍ പഠിച്ചശേഷം തുടര്‍നടപടികളുണ്ടാവും.


മൂന്നാറില്‍ സ്വകാര്യ റിസോര്‍ട്ടുകള്‍ക്ക് അനുകൂലമായി വന്ന ഹൈക്കോടതിവിധിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതും അപ്പീല്‍ പോകുന്നതുമുള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കും. നിയമ നിര്‍മ്മാണം ഇപ്പോള്‍ ആലോചനയിലില്ല. കഴിഞ്ഞദിവസം താനും റവന്യു, വനം വകുപ്പ് മന്ത്രിമാരും അഡ്വക്കറ്റ് ജനറല്‍, നിയമ സെക്രട്ടറി, ജില്ലാ കളക്ടര്‍, കേസ് കൈകാര്യം ചെയ്ത ഹൈക്കോടതിയിലെ അഭിഭാഷകര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.