മുഖംമൂടി സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടി
Thursday, July 31, 2014 11:02 PM IST
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയില്‍ മുഖംമൂടി സംഘം യൂത്ത്കോണ്‍ഗ്രസ് നേതാവിനെ വെട്ടി. യൂത്ത്കോണ്‍ഗ്രസ് മുന്‍ മാവേലിക്കര പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് പി.ബി. അബുവിനാണു വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ ആദിക്കാട്ടുകുളങ്ങരയിലെ വീടിനു സമീപമായിരുന്നു സംഭവം.

അബുവിന്റെ കൈയിലെ ഒരുവിരല്‍ അറ്റുപോയിട്ടുണ്ട്. അബുവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തു സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്. ഡിവൈഎഫ്ഐ നേതാവിനെ അന്വേഷിച്ചെത്തിയ സംഘം ആളുമാറി വെട്ടിയതാണെന്നും പറയപ്പെടുന്നു. കഴിഞ്ഞദിവസം ആദിക്കാട്ടുകുളങ്ങരയില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. റാലിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബാഡ്ജ് ധരിച്ചെത്തിയതിനേച്ചൊല്ലിയായിരുന്നു തര്‍ക്കം.

അബുവിനു നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കായംകുളം- പുനലൂര്‍ റോഡ് ഒരു മണിക്കൂര്‍ ഉപരോധിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.