എയ്ഡഡ് സ്കൂളില്‍ ഈ വര്‍ഷം സൌജന്യ യൂണിഫോമില്ല
എയ്ഡഡ് സ്കൂളില്‍ ഈ വര്‍ഷം സൌജന്യ യൂണിഫോമില്ല
Saturday, July 26, 2014 12:13 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച സൌജന്യ യൂണിഫോം ഈ വര്‍ഷം സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ കുട്ടികള്‍ക്കു ലഭിക്കില്ല. സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കും രണ്ടു ജോഡി യൂണി ഫോം കേന്ദ്ര ഫണ്ടായ എസ്എസ്എയിലൂടെ ഈ വര്‍ഷവും ലഭിക്കുമ്പോള്‍, എയ്ഡഡ് സ്കൂളുകളിലെ കുട്ടികള്‍ കാഴ്ചക്കാരായി നില്ക്കേണ്ട അവസ്ഥ.

കഴിഞ്ഞ വര്‍ഷം യൂണിഫോം വിതരണം വര്‍ഷാവസാനമാണു നടത്തിയത്. അതിനാല്‍ ഈ വര്‍ഷം ആ യൂണിഫോംതന്നെ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിക്കട്ടെയെന്നാണു വിദ്യാഭ്യാസവകുപ്പ് ഉന്നയിക്കുന്ന ന്യായവാദം.

മുന്‍വര്‍ഷങ്ങളില്‍ പിടിഎയുടെ നേതൃത്വത്തിലായിരുന്നു സര്‍ക്കാര്‍ സ്കൂളിലെ കുട്ടികള്‍ക്ക് യൂണിഫോം നല്കിയിരുന്നത്. ഇതേ രീതിയില്‍തന്നെ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം വിതരണം നടത്തണമെന്നായിരുന്നു സ്കൂള്‍ പിടിഎകളുടെ അഭിപ്രായം. എന്നാല്‍, ചില വന്‍കിട കമ്പനികളെ സഹായിക്കുന്നതിനായി കഴിഞ്ഞവര്‍ഷം ടെന്‍ഡര്‍ നടപടികളുമായി സര്‍ക്കാര്‍ ആദ്യം മുന്നോട്ടുപോയി. ഒടുവില്‍ ടെന്‍ഡര്‍ നടപടികള്‍ എങ്ങുമെത്താത്ത സ്ഥിതിയുണ്ടായി. അതിനുശേഷമാണു സ്കൂള്‍ പിടിഎകളോടു യൂണിഫോമിന് ആവശ്യമായ തുണി നേരിട്ടുവാങ്ങാന്‍ നിര്‍ദേശിച്ചത്.


കഴിഞ്ഞ വര്‍ഷം കേന്ദ്ര ഫണ്ടാ യി 36 കോടിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായ 80 കോടിയും ഉള്‍പ്പെടെ 116 കോടി രൂപയാണു യൂണിഫോമിനായി നീക്കിവച്ചത്. പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 7,278 സ്കൂളുകളാണു സംസ്ഥാനത്ത് എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

രണ്ടു ജോഡി യൂണിഫോം വാങ്ങുന്നതിനും തുന്നലിനുമായി 400 രൂപയാണു കേന്ദ്ര പദ്ധതിയിലൂടെ ലഭിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.