ഷിജുവിന്റെ യാത്രാരേഖകള്‍ ശരിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
ഷിജുവിന്റെ യാത്രാരേഖകള്‍ ശരിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി
Saturday, July 26, 2014 12:07 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: മനസറിയാതെ മയക്കുമരുന്നുകടത്തുകേസില്‍ കുടുങ്ങി അബുദാബി ജയിലില്‍ കഴിയേണ്ടിവന്ന കൊച്ചി പിഴല സ്വദേശി ഷിജു തോമസിന്റെ (29) പാസ്പോര്‍ട്ടും മറ്റു യാത്രാരേഖകളും എത്രയും വേഗം ശരിയാക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വഴി യുഎഇയിലെ ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷിജുവിന്റെ ബന്ധുക്കളെ അറിയിച്ചു. അബുദാബിയിലെ ബന്ധുവിനു നല്‍കാനുള്ള പുസ്തകമെന്നു പറഞ്ഞ് മറ്റൊരാള്‍ ഏല്‍പ്പിച്ച പായ്ക്കറ്റുമായി ജൂണ്‍ 18ന് അബുദാബി വിമാനത്താവളത്തില്‍ ചെന്നിറങ്ങിയപ്പോഴാണ് സ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി മയക്കുമരുന്നു കടത്തി എന്നതിന് ഷിജു പിടിയിലായത്.

മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച സമ്മാനപ്പൊതി നല്‍കി ഷിജുവിനെ ചതിച്ചതാണെന്നും ഷിജു നിരപരാധിയാണെന്നും തെളിയിക്കുന്ന കേരള പോലീസിന്റെ രേഖകള്‍ സഹി തം സമര്‍പ്പിച്ച അപേക്ഷയില്‍ നയതന്ത്ര തലത്തിലുള്ള നടപടികളിലൂടെയാണ് വ്യാഴാഴ്ച അബുദാബിയില്‍ ഷിജു ജയില്‍മോചിതനായത്.

ഷിജുവിനു പാസ്പോര്‍ട്ട് തിരികെകിട്ടിയിട്ടില്ല. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ ഷിജുവിന് അവിടെ ജോലിയില്‍ തുടരുന്നതിനു പ്രശ്നമൊന്നുമില്ലെന്ന് സ്പോണ്‍സര്‍ അറിയിച്ചിട്ടുണ്െടന്നു മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഷിജുവിനു നാട്ടിലേക്കു മടങ്ങാനാണു താത്പര്യമെങ്കില്‍ യാത്രാരേഖകള്‍ എത്രയും വേഗം ശരിയാക്കി നല്‍കും. നാട്ടില്‍ തിരിച്ചെത്തിയാല്‍ കേരള പോലീസ് ഷിജുവിനെ കോടതിയില്‍ ഹാജരാക്കി കേസ് സംബന്ധിച്ച വിശദാംശങ്ങ ള്‍ കോടതിയെ ബോധിപ്പിക്കും.

ഷിജുവിനെ മയക്കുമരുന്ന് മാഫിയ ചതിയില്‍ പെടുത്തിയതു സംബന്ധിച്ച് ആലുവ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. ഇതില്‍ നാലുപേരെ അറസ്റു ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരം ജയിലില്‍നിന്നു വിട്ടയച്ച ഷിജു തന്റെ സഹപ്രവര്‍ത്തകരോടൊപ്പം ക്യാമ്പില്‍ താമസിക്കുകയാണ്. എത്രയും വേഗം നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്ന് ഷിജു ബന്ധുക്കളോടു പറഞ്ഞു. ജോലിയില്‍ തുടരണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഷിജു നിരപരാധിയാണെന്നു വ്യക്തമായ ഘട്ടത്തില്‍ തന്നെ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ച് മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയത് ഏറെ സഹായകമായി. ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍ വി.വി. ജോസഫ്, ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് അംഗം അലക്സ് മണവാളന്‍, പിഴല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളി വികാരി ഫാ. സോജന്‍ ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് ഷിജുവിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി.


മുഖ്യമന്ത്രി രണ്ടു തവണ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. യുഎഇയിലെ ഇന്ത്യന്‍ എംബസിയുമായും മുഖ്യമന്ത്രി നിരന്തരം ബന്ധപ്പെട്ടിരുന്നു. എംഎല്‍എമാരായ എസ്. ശര്‍മ, ഹൈബി ഈഡന്‍, വി.ഡി. സതീശന്‍ തുടങ്ങിയവര്‍ ആക്ഷന്‍ കൌണ്‍സിലിന് എല്ലാ പിന്തുണയും നല്‍കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്ഷന്‍ കൌണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു. പോലീസ് നടപടികള്‍ ഊര്‍ജിതപ്പെടുത്താനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. ബാബു, കെ.സി ജോസഫ് എന്നിവരെയും കൌണ്‍സില്‍ പ്രതിനിധികള്‍ കണ്ടിരുന്നു. എസ്. ശര്‍മ നിയമസഭ.ില്‍ വിഷയം അവതരിപ്പിച്ചു. ഷിജുവിനെ മോചിപ്പിക്കാന്‍ ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

ഷിജുവിനെ ചതിച്ച് മയക്കുമരുന്നു കൊടുത്തയച്ച കേസില്‍ ചേരാനല്ലൂര്‍ ഇടയക്കുന്നം മാതിരപ്പിള്ളി വീട്ടില്‍ അമല്‍ (21), പാനായിക്കുളം തച്ചക്കാട്ട് വീട്ടില്‍ മുഹമ്മദ് സാദ് (27), തോട്ടുമുഖം തോപ്പില്‍വീട്ടില്‍ അന്‍സാര്‍ അബു (30) എന്നിവരെ ആലുവ പോലീസ് നേരത്തെ അറസ്റുചെയ്തിരുന്നു. അമലിന്റെ ബന്ധു ആലുവ പുതുശേരി സാരംഗ് തോമസ് (38) അബുദാബിയില്‍നിന്ന് നാട്ടിലെത്തി കോടതിയില്‍ കീഴടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.