പ്ളസ്ടു സീറ്റുകള്‍ ഇഷ്ടംപോലെ: പാരലല്‍ കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Saturday, July 26, 2014 12:05 AM IST
സിജോ പൈനാടത്ത്

കൊച്ചി: ഹയര്‍ സെക്കന്‍ഡറിക്കു പുതിയ സ്കൂളുകളും ബാച്ചുകളും അനുവദിച്ചതോടെ സംസ്ഥാനത്ത് ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ആശ്രയിച്ചുവന്ന പാരലല്‍ കോളജുകളുടെ നിലനില്പ് ഭീഷണിയിലായി. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ കൂടുതലായി അനുവദിച്ച പ്ളസ്വണ്‍ സീറ്റുകളിലേക്ക് ഏകജാലകസംവിധാനത്തിന്റെ സങ്കീര്‍ണതയില്ലാതെ പാരലല്‍ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പലായനം തുടങ്ങി.

ശരാശരി നാലു ബാച്ചുകളിലായി ഒരു വര്‍ഷം ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പ്ളസ് വണ്‍ പ്രവേശനം നേടിയിരുന്ന പാരലല്‍ കോളജുകളില്‍ ഇക്കുറിയതു നാലിലൊന്നായി ചുരുങ്ങിയെന്നു സ്ഥാപനമേധാവികള്‍ പറയുന്നു. പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിച്ചതറിഞ്ഞതു മുതല്‍ പ്രവേശനം നേടിയവര്‍ പോലും വിട്ടുപോവുകയാണ്. പല കോളജുകളിലും പ്ളസ്വണ്‍ കോഴ്സുകള്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങളെത്തുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷനിലൂടെ ഹയര്‍ സെക്കന്‍ഡറി പഠനത്തിനു പാരലല്‍ കോളജുകള്‍ അവസരമൊരുക്കിയിരുന്നു. പ്ളസ് ടു സ്കൂളുകള്‍ ഇല്ലാത്ത മേഖലകളില്‍ ഈ സ്ഥാപനങ്ങളെയാണു സാധാരണക്കാരായ വിദ്യാര്‍ഥികള്‍ ആശ്രയിച്ചുവന്നത്. അണ്‍ എയ്ഡഡ് സ്കൂളുകളിലേതിനേക്കാള്‍ കുറഞ്ഞ ഫീസും ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ക്ളാസുകളും വിദ്യാര്‍ഥികളെ ആകര്‍ഷിച്ചിരുന്നു. ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷന്‍, പരീക്ഷാഫീസുകള്‍ ഉള്‍പ്പെടെ രണ്ടു വര്‍ഷത്തെ പഠനത്തിനു നാലായിരം രൂപയാണ് പാരലല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്കു ചെലവുണ്ടായിരുന്നത്. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ചെലവ് അതില്‍ കൂടുതലാവും.


1971ല്‍ കേരള യൂണിവേഴ്സിറ്റി പ്രീഡിഗ്രിക്കു പ്രൈവറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചതു മുതലാണ് സംസ്ഥാനത്തു പാരലല്‍ കോളജുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. രണ്ടു വര്‍ഷത്തിനുശേഷം ബിരുദ കോഴ്സുകള്‍ക്കും പ്രൈവറ്റ് രജിസ്ട്രേഷന്‍ തുടങ്ങിയതോടെ പാരലല്‍ കോളജുകള്‍ സജീവമായി. 2000 ല്‍ പ്രീഡിഗ്രി നിര്‍ത്തലാക്കി പ്ളസ്ടു ആരംഭിച്ചപ്പോള്‍, സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ സീറ്റുകള്‍ കുറവായിരുന്നതിനാല്‍ ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷനിലൂടെ പഠിക്കാന്‍ പാരലല്‍ കോളജുകളിലേക്കു കുട്ടികളെത്തി.

എറണാകുളം ജില്ലയില്‍ 40 പാരലല്‍ കോളജുകളിലായി ശരാശരി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷം വരെ പ്രവേശനം നേടിയിരുന്നു. ഈ വര്‍ഷം ജില്ലയില്‍ 25 പുതിയ പ്ളസ്ടു സ്കൂളുകളില്‍ ഓരോ ബാച്ച് വീതവും നിലവിലുള്ള സ്കൂളുകളില്‍ 35 അധികബാച്ചുകളും അനുവദിച്ചിട്ടുണ്ട്.

ഓരോ ബാച്ചിലും കുറഞ്ഞത് 50 വിദ്യാര്‍ഥികള്‍ വീതമെങ്കിലും ചേര്‍ന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ മൂവായിരം പേര്‍ക്കു പ്രവേശനം കിട്ടും. പുതിയ സ്കൂളുകളിലുള്‍പ്പടെ സംസ്ഥാനത്താകെ ഇക്കുറി 699 അധികബാച്ചുകളുണ്ട്. പാരലല്‍ കോളജുകളെ ആശ്രയിക്കാനൊരുങ്ങിയ വിദ്യാര്‍ഥികളാണ് ഇതില്‍ പ്രവേശനം നേടുന്നവരിലേറെയുമെന്നു കേരള സ്റേറ്റ് പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം വര്‍ഗീസ് മൂത്തേടന്‍ പറഞ്ഞു.

പുതിയ സാഹചര്യത്തില്‍ കോളജുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയുണ്ടാകും. കൂടുതല്‍ സ്വാശ്രയ കോളജുകള്‍ വന്നതോടെ ഡിഗ്രി കോഴ്സുകള്‍ക്കും പാരലല്‍ കോളജുകളില്‍ ആളെക്കിട്ടാനില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാരലല്‍ കോളജുകളുടെ പ്രതിസന്ധി അവിടത്തെ നൂറുകണക്കിന് അധ്യാപകര്‍ക്കും തിരിച്ചടിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.