കാലഘട്ടത്തിനനുസരിച്ചു വിദ്യാഭ്യാസരീതിയും മാറണം: മുഖ്യമന്ത്രി
കാലഘട്ടത്തിനനുസരിച്ചു വിദ്യാഭ്യാസരീതിയും മാറണം: മുഖ്യമന്ത്രി
Saturday, July 26, 2014 12:17 AM IST
കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു വിദ്യാഭ്യാസ രീതിയും മാറണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിന്റെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം വളരെ പിന്നിലാണ്. സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങിയതു മാത്രമാണ് വിദ്യാഭ്യാസ മേഖലയില്‍ അഭിമാനിക്കാവുന്ന നേട്ടം. സ്വകാര്യ മേഖലയില്‍ സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയപ്പോള്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍, പിന്നീടിവര്‍ക്ക് ഇതിന്റെ ഗുണഫലങ്ങള്‍ മനസിലായി.

ഇന്ത്യയില്‍ സ്വയംഭരണാവകാശമുള്ള അഞ്ഞൂറോളം സ്ഥാപനങ്ങള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ എതിര്‍പ്പുമൂലം ഒന്നുപോലും സ്ഥാപിക്കാനായില്ല. സ്വയംഭരണ അവകാശമുള്ള കോളജുകള്‍ ആരംഭിക്കുന്നതിനും ഈ പാര്‍ട്ടികള്‍ എതിര്‍പ്പിലാണ്. എല്ലാവരും കൃത്രിമം കാണിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഇക്കാരണത്താല്‍ വിദ്യാഭ്യാസരംഗത്തു സര്‍ക്കാരിനു സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം മടിച്ചു നില്‍ക്കുകയാണ്. ഇക്കാരണത്താല്‍ വിദ്യാര്‍ഥികള്‍ അന്യ സംസ്ഥാനങ്ങളിലേക്കാണ് ഉപരിപഠനത്തിനായി പോകുന്നത്. വിദേശരാജ്യങ്ങളിലേപ്പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തും സമഗ്രമായ മാറ്റങ്ങള്‍ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.


സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. അലക്സാണ്ടര്‍ ആമുഖ പ്രഭാഷണം നടത്തി. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ആന്റോ ആന്റണി എംപി, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ഡയസ് കോക്കാട്ട്, വിദ്യാര്‍ഥി പ്രതിനിധി അനു മാത്യു എന്നിവര്‍ പ്രസംഗിച്ചു. കോളജ് മാനേജര്‍ ഫാ. ജോര്‍ജ് ആലുങ്കല്‍ സ്വാഗതവും ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രഫ. ബാബു ജോസഫ് നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.