ഡോ. കുഞ്ചെറിയ പി. ഐസക് വൈസ് ചാന്‍സലര്‍
ഡോ. കുഞ്ചെറിയ പി. ഐസക്  വൈസ് ചാന്‍സലര്‍
Tuesday, July 22, 2014 12:12 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു സ്ഥാപിക്കുന്ന ശാസ്ത്ര- സാങ്കേതിക സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലറായി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ നിയമിച്ചുകൊണ്ടു ഗവര്‍ണര്‍ വിജ്ഞാപനമിറക്കി. പ്രോ-വൈസ് ചാന്‍സലറായി എം. അബ്ദുള്‍ റഹ്മാനെയും നിയമിച്ചു.

സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും ഭരണമേല്‍നോട്ടത്തിനായാണു കേരള ശാസ്ത്ര- സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നത്.

തിരുവനന്തപുരം ഇടവ സ്വദേശിയായ കുഞ്ചെറിയ പി. ഐസക് (48) തിരുവനന്തപുരം കോളജ് ഓ ഫ് എന്‍ജിനിയറിംഗില്‍ (സിഇടി) നിന്നു സിവില്‍ എന്‍ജിനിയറിംഗില്‍ മൂന്നാം റാങ്കോടെ ബിരുദം നേടി. തുടര്‍ന്നു മദ്രാസ് ഐഐടിയില്‍നിന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനിയറിംഗില്‍ സ്വര്‍ണ മെഡലോടെ ഉന്നത പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നു ബാംഗളൂര്‍ സര്‍വകലാശാലയില്‍നിന്നു ഡോക്ടറേറ്റ് നേടി. സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ ലക്ചററായി ജോലി ആരംഭിച്ച കുഞ്ചെറിയ പി. ഐസക് ചുരുങ്ങിയ കാലത്തിനകം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി. 2007- 09 കാലഘട്ടത്തില്‍ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗിന്റെ പ്രിന്‍സിപ്പലായി. 2011 മുതല്‍ എഐസിടിഇ മെംബര്‍ സെക്രട്ടറിയായി ചുമതല വഹിച്ചു വരുന്നു. എഐസിടിഇ ഇ- ഗവേണന്‍സ് സെല്‍ ഡയറക്ടറും മുന്‍ വിഎച്ച്എസ്ഇ ഡയറക്ടറുമാണു പിവിസിയായി നിയമിക്കപ്പെട്ട എം. അബ്ദുള്‍ റഹ്മാന്‍. രജിസ്ട്രാറുടെ താത്കാലിക ചുമതല ഉന്നത വിദ്യാഭ്യാസ അഡീഷണല്‍ സെക്രട്ടറി എം. ഷെരീഫിനു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.