ഭരണങ്ങാനത്തിന്റെ വിശുദ്ധിയില്‍ ന്യൂസിലന്‍ഡ് ആര്‍ച്ച്ബിഷപ്പും
ഭരണങ്ങാനത്തിന്റെ വിശുദ്ധിയില്‍ ന്യൂസിലന്‍ഡ് ആര്‍ച്ച്ബിഷപ്പും
Tuesday, July 22, 2014 12:33 AM IST
ഭരണങ്ങാനം: എത്ര നല്ല പ്രകൃതി, എന്തൊരു മഹനീയ ആത്മീയത, കേട്ടറിഞ്ഞതിനേക്കാള്‍ എത്ര ഇരട്ടി സുന്ദര അനുഭവം... ലളിതമായ ഇംഗ്ളീഷില്‍ പറഞ്ഞുനിറുത്തുമ്പോള്‍ ന്യൂസ്ലന്‍ഡ് ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ഡ്യൂവിന്റെ മുഖത്ത് സന്തോഷവും അദ്ഭുതവും. പുസ്തകങ്ങളില്‍ വായിച്ചും കേട്ടുമറിഞ്ഞ അല്‍ഫോന്‍സാമ്മയുടെ അരികിലെത്തണമെന്ന വലിയ ആഗ്രഹവുമായി ന്യൂസിലന്‍ഡിലെ വെല്ലിംഗ്ടണ്‍ ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ഡ്യൂവാണ് ഇന്നലെ ഭരണങ്ങാനത്തെത്തിയത്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനയ്ക്കുമൊടുവിലാണ് അദ്ദേഹം ഇന്നലെ വിശുദ്ധയുടെ സന്നിധിയിലെത്തിയത്. വിശുദ്ധയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കണമെന്ന ആഗ്രഹം മാത്രം ഉള്ളിലൊതുക്കിയെത്തിയ ആര്‍ച്ച്ബിഷപ്പിനു തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍കൂടി കഴിഞ്ഞതു സന്തോഷം ഇരട്ടിപ്പിച്ചു.

ഇന്ത്യയിലെ പ്രഥമ വിശുദ്ധയെന്നതാണ് ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ഡ്യൂവിനെ അല്‍ഫോന്‍സാമ്മയിലേക്കടുപ്പിച്ചത്. 36 വര്‍ഷം മാത്രം നീണ്ട ജീവിതത്തിനിടയിലാണു വിശുദ്ധിയുടെ കിരീടം ചൂടിയ സഹനമെന്നതും ആര്‍ച്ച്ബിഷപ്പിന് അല്‍ഫോന്‍സാമ്മയോടുള്ള ഭക്തി ഇരട്ടിപ്പിച്ചു. വെല്ലിംഗ്ടണ്‍ അതിരൂപതയുടെ കീഴിലുള്ള ആറു രൂപതകളിലും മലയാളികളുണ്െടന്നതും കേരളത്തോടുള്ള സ്നേഹത്തിനു വഴിതെളിച്ചു.

സുവിശേഷ പ്രഘോഷണ രംഗത്തും യുവജനമുന്നേറ്റത്തിലും ഏറെ ശ്രദ്ധേയ പ്രവര്‍ത്തനം നടത്തുന്ന ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ഡ്യൂവ് ഓഷ്യാന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ചെയര്‍മാനുമാണ്. ഫാ. വര്‍ഗീസ് തുരുത്തിക്കരയ്ക്കൊപ്പമാണ് ആര്‍ച്ച്ബിഷപ് എത്തിയത്. ആര്‍ച്ച്ബിഷപ്പിനു തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍ വിശുദ്ധ അല്‍ഫോന്‍സാ നാണയങ്ങള്‍ ഉപഹാരമായി സമ്മാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.