മന്ത്രിസഭാ പുനഃസംഘടനയല്ല, ജനങ്ങളുടെ ദുരിതമകറ്റലാണു പ്രധാനം: പ്രതാപന്‍
മന്ത്രിസഭാ പുനഃസംഘടനയല്ല, ജനങ്ങളുടെ ദുരിതമകറ്റലാണു പ്രധാനം: പ്രതാപന്‍
Tuesday, July 22, 2014 12:23 AM IST
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയല്ല, സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കലാണു പ്രധാന കാര്യമെന്നു കോണ്‍ഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് ടി.എന്‍. പ്രതാപന്‍. ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ ജില്ലാതലങ്ങളില്‍ ഉന്നതതല യോഗം വിളിക്കണമെന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതാപന്‍ ആവശ്യപ്പെട്ടു.

ആരെല്ലാം മന്ത്രിയാകുന്നു, സ്പീക്കറാകുന്നു എന്നതെല്ലാം പാര്‍ട്ടികളുടെയും മുന്നണിയുടെയും പ്രശ്നമാണ്. സാധാരണ ജനങ്ങള്‍ക്ക് ഇതില്‍ വലിയ കാര്യമില്ല. അവര്‍ക്കു വേണ്ടത് ആശ്വാസ നടപടികളാണ്.

കടല്‍ക്ഷോഭവും മത്സ്യക്ഷാമവുംമൂലം പട്ടിണിയിലായ പരമ്പരാഗത മത്സ്യതൊഴിലാളികള്‍, കാലവര്‍ഷം ശക്തമായതോടെ തൊഴിലില്ലായ്മമൂലം ദുരിതത്തിലായ ആദിവാസി- ദളിത് സമൂഹം, പകര്‍ച്ചപ്പനിമൂലം പ്രയാസപ്പെടുന്ന രോഗികള്‍, മണ്‍സൂണിനു മുമ്പ് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ തകര്‍ന്ന റോഡുകള്‍, അനധികൃത ഖനനംമൂലം ഗുരുതരമായിരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഇവയ്ക്കെല്ലാം പരിഹാരം കാണാന്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.


ഈ അവസരത്തില്‍ മന്ത്രിസഭാ പുനഃസംഘടനയും സ്പീക്കറുടെ രാജിയും മാത്രമാണു കേരളത്തിന്റെ പ്രധാന പ്രശ്നങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധ തിരിച്ചുവിടുന്നതു ഖേദകരമാണെന്നു പ്രതാപന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.