മുഖപ്രസംഗം: ജനത്തെ വലയ്ക്കുന്ന കര്‍ക്കടക സമരം
Tuesday, July 22, 2014 10:27 PM IST
പണ്ടുമുതലേ കര്‍ക്കടകമാസം രോഗങ്ങളുടെ കാലമായാണ് അറിയപ്പെടുന്നത്. ഇന്നും അതിനു വലിയ മാറ്റമില്ല. പലതരം പനികളും മറ്റു ധാരാളം അസുഖങ്ങളും പ്രായഭേദമെന്യേ ഒട്ടെല്ലാവരെയും ആക്രമിക്കുന്ന കാലം. യഥാസമയം ഡോക്ടറുടെ സേവനം ലഭ്യമാവുകയും ആവശ്യമായ മരുന്നുകള്‍ കഴിക്കുകയും വേണ്ടത്ര വിശ്രമമെടുക്കുകയും ചെയ്താല്‍ പല രോഗങ്ങളും അപകടാവസ്ഥയിലെത്തുന്നത് ഒഴിവാക്കാനാവും. ഈ സമയത്തുതന്നെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസഹകരണ സമരം ആരംഭിച്ചതു സാധാരണക്കാരുടെആരോഗ്യപരിപാലനത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

രോഗികളുടെ ചികിത്സ മുടക്കില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണു കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍(കെജിഎംഒഎ) ആഹ്വാനം ചെയ്തിട്ടുള്ളത്. ഡോക്ടര്‍മാരുടെ നിസഹകരണം സംസ്ഥാനത്തെ പ്രാഥമികാരോഗ്യകേന്ദ്രം മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. പണം നല്‍കി ചികിത്സ സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്ത പതിനായിരങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പല സര്‍ക്കാര്‍ ആശുപത്രികളിലെയും ചികിത്സാ സൌകര്യങ്ങളും അന്തരീക്ഷവും വളരെ പരിതാപകരമാണെങ്കിലും പാവങ്ങള്‍ക്ക് അവ വലിയ ആശ്രയംതന്നെയാണ്.

ഡോക്ടര്‍മാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെക്കുറിച്ചു കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നു പ്രാവശ്യം ആരോഗ്യവകുപ്പു സെക്രട്ടറി, ഡയറക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കലും അസോസിയേഷന്‍ സമരം പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. എന്നാല്‍, ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നിര്‍ദേശങ്ങളാണു സര്‍ക്കാര്‍ മുന്നോട്ടു വച്ചതെന്നു മന്ത്രി വ്യക്തമാക്കുന്നില്ല. അവശ്യസേവനത്തിന്റേതായ ഒരു മേഖലയില്‍ സേവന, വേതന കാര്യങ്ങള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ സംജാതമായാല്‍ ജീവനക്കാരും സര്‍ക്കാരും കടുംപിടിത്തങ്ങള്‍ ഒഴിവാക്കി അയവുള്ള നിലപാടു സ്വീകരിക്കേണ്ടതുണ്ട്. വ്യവസായ, വാണിജ്യ മേഖലകളിലും തൊഴില്‍ മേഖലയിലുമൊക്കെ പണിമുടക്കും സമരവും സാധാരണമാണ്. ജനജീവിതത്തെ കുറെയൊക്കെ ബാധിക്കുമെങ്കിലും അത്തരം സമരങ്ങള്‍ വ്യാപകമായ പ്രതിസന്ധി സൃഷ്ടിക്കണമെന്നില്ല. എന്നാല്‍, ആരോഗ്യമേഖലയിലെ സമരങ്ങള്‍ ജനജീവിതത്തെയല്ല, ജനങ്ങളുടെ ജീവനെത്തന്നെയാണു ബാധിക്കുന്നത്.

മറ്റ് ഏതു മേഖലയെയുംകാള്‍ പ്രധാനപ്പെട്ടതും അതീവ ശ്രദ്ധയര്‍ഹിക്കുന്നതുമാണ് ആശുപത്രി മേഖല. അവിടത്തെ ചെറിയൊരു കാലതാമസമോ കൈപ്പിഴയോ ഒക്കെ ജീവഹാനിപോലുള്ള അപരിഹാര്യ നഷ്ടങ്ങള്‍ക്കു വഴിതെളിക്കാം. അതുകൊണ്ടുതന്നെ ആശുപത്രിയില്‍ സേവനം ചെയ്യുന്നവര്‍ക്ക്, വിശേഷിച്ചും ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കും, മാന്യമായ നിലയില്‍ ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. അതുപോലെതന്നെ, ഒഴിവാക്കാവുന്ന തര്‍ക്കങ്ങളും സമരങ്ങളും ഒഴിവാക്കാനുള്ള ചുമതല ആ ജീവനക്കാര്‍ക്കുമുണ്ട്. ഒരാവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പാഠം പഠിപ്പിച്ചുകളയാം എന്നു ഡോക്ടര്‍മാര്‍ കരുതരുത്. അതുപോലെ, ഒരു സാധാരണ തൊഴില്‍ത്തര്‍ക്കം കൈകാര്യം ചെയ്യുന്ന രീതിയിലാവരുത് ഡോക്ടര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതും. നിര്‍ഭാഗ്യവശാല്‍ ഇത്തരം കാര്യങ്ങളില്‍ ഇരുപക്ഷവും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തിയും പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിച്ചും മുന്നോട്ടുപോവുകയാണ്. ഈ സ്ഥിതി മാറിയേ മതിയാവൂ. ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രികളിലെത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാണെന്നതിനാല്‍ ഡയസ്നോണ്‍ പ്രഖ്യാപനം വെറുമൊരു ഉമ്മാക്കിഭീഷണിയായി മാറും.


ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കുക, പെന്‍ഷന്‍പ്രായം ഉയര്‍ത്തുക തുടങ്ങിയ ഡിമാന്‍ഡുകളാണു ഡോക്ടര്‍മാര്‍ക്കു പ്രധാനമായുള്ളത്. പുറമേ പുതിയ ചില പ്രശ്നങ്ങള്‍കൂടി ഇപ്പോഴത്തെ സമരത്തിന്റെ പശ്ചാത്തലത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ഇടുക്കിയിലും പാലക്കാട്ടും ഈ വര്‍ഷം എംബിബിഎസിനു പ്രവേശനം ആരംഭിക്കുകയാണ്. രണ്ടിടത്തും നിലവിലുള്ള ജില്ലാ ആശുപത്രികളാണു താത്കാലിക ആസ്ഥാനങ്ങള്‍. ഇത്തരം താത്കാലിക സംവിധാനത്തിനു പല പോരായ്മകളുമുണ്ട്. എന്നാല്‍, തുടക്കമെന്ന നിലയില്‍ അതിനോടു സഹകരിക്കുകയും ഭാവിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു സമ്മര്‍ദം ചെലുത്തുകയുമാണു വേണ്ടത്.

ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ആവശ്യത്തിനു ഡോക്ടര്‍മാരില്ല എന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണ്. മരുന്നുകളും വിദഗ്ധ ചികിത്സയ്ക്കാവശ്യമായ സൌകര്യങ്ങളും ഉള്ള ആശുപത്രികള്‍ തുലോം കുറവ്. സ്പെഷലിസ്റ് ഡോക്ടര്‍മാരുടെ നിരവധി ഒഴിവുകള്‍ കിടക്കുമ്പോഴും ഉള്ളവരെ മെഡിക്കല്‍ കോളജുകളില്‍ നിയമിക്കാനുള്ള നീക്കത്തെ ഡോക്ടര്‍മാരുടെ സംഘടന എതിര്‍ക്കുന്നു. തൊഴില്‍പരമായ അവകാശങ്ങള്‍ക്കപ്പുറം പൊതുജനാരോഗ്യരംഗത്തിന്റെ നന്മയ്ക്കാവശ്യമായ ചില നിര്‍ദേശങ്ങളും ഡോക്ടര്‍മാരുടെ സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്. അവയൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ടവതന്നെ.

സര്‍ക്കാരുമായി ഏറ്റുമുട്ടി കാര്യങ്ങള്‍ നേടാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്ന അവസ്ഥ ഒഴിവാക്കേണ്ടതുണ്ട്. പരാധീനതകള്‍ ഏറെയുള്ള പൊതുജനാരോഗ്യരംഗത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഡോക്ടര്‍മാരും തയാറാകണം. ഏതായാലും മഴക്കാലത്തെ ഈ സമരത്തില്‍നിന്നു ഡോക്ടര്‍മാരെ പിന്തിരിപ്പിക്കാനുള്ള വഴി സര്‍ക്കാര്‍ സത്വരമായി കണ്െടത്തണം. തങ്ങളുടെ തൊഴില്‍ പ്രത്യേക മഹത്ത്വമുള്ളതാണെന്നും ഈ തൊഴിലിനോടുള്ള പ്രതിബദ്ധത എല്ലാറ്റിനും ഉപരിയായിരിക്കണമെന്നും ഡോക്ടര്‍മാര്‍ വിസ്മ രിക്കുകയുമരുത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.